ചൊവ്വയിലും ലീപ്പ് ഇയര്‍!


ചൊവ്വയിലും ലീപ്പ് ഇയര്‍!

ഫെബ്രുവരി 29 ജന്മദിനം ഉള്ളവരുടെ കാര്യം കഷ്ടമാണല്ലോ. നാലു വര്‍ഷത്തിലൊരിക്കലല്ലേ ജന്മദിനം ആഘോഷിക്കാന്‍ പറ്റൂ. നാലു വര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരിയില്‍ ഒരു ദിവസം കൂട്ടിച്ചേര്‍ത്താണ് കലണ്ടര്‍ ഉണ്ടാക്കുക. അധിവര്‍ഷം, ലീപ്പ് ഇയര്‍ എന്നൊക്കെയാണ് ഈ വര്‍ഷത്തെ വിളിക്കുക!
ഇങ്ങനെ ലീപ്പ് ഇയര്‍ ഭൂമിക്കുമാത്രമല്ല ഉള്ളത് ചൊവ്വയ്ക്കും ഉണ്ട് ലീപ്പ് ഇയര്‍! അതെങ്ങനെ എന്നു പറയുന്നതിനു മുന്‍പ് ഈ ലീപ്പ് ഇയര്‍ എന്താണ് എന്നൊന്ന് നോക്കിക്കളയാം!
ഭൂമിയുടെ ഒരു വര്‍ഷം. കടപ്പാട്: NASA/JPL-Caltech

ഭൂമിക്ക് സൂര്യനു ചുറ്റും കറങ്ങിയെത്താന്‍ 365.25 ദിവസം വേണം. കലണ്ടറിന്റെ സൗകര്യത്തിനായി നമ്മള്‍ 365 ദിവസമേ പരിഗണിക്കൂ. പക്ഷേ നാലു വര്‍ഷം കൂടുമ്പോള്‍ നാല് കാല്‍ദിവസം കൂടിച്ചേര്‍ന്ന് ഒരു ദിവസം ആവും. അപ്പോള്‍ കാലഗണന തെറ്റാതിരിക്കാന്‍ കലണ്ടറില്‍ ഒരു ദിവസം കൂട്ടിച്ചേര്‍ക്കും.  അങ്ങനെയാണ് നമ്മുടെ ഫെബ്രുവരി 29 വരുന്നത്.

ഇനി ചൊവ്വയിലേക്കു യാത്രയാവാം.
ചൊവ്വയിലെ ദിവസത്തിന് സോള്‍ എന്നാണു പറയുക. 668.6 സോള്‍ വേണം ചൊവ്വയ്ക്ക് സൂര്യനെ ഒന്നു ചുറ്റിവരാന്‍! ചൊവ്വയിലെ ഒരു വര്‍ഷം പക്ഷേ 668ദിവസമായിട്ടാണ് എടുക്കുക! പത്തു വര്‍ഷംകൊണ്ട് അതിനാല്‍ 6 ദിവസത്തെ വ്യത്യാസം കാലഗണനയില്‍ വരും. ഇത് ഒഴിവാക്കാന്‍ ചെയ്യുന്ന സൂത്രം പത്തുവര്‍ഷത്തിനിടയില്‍ ഉള്ള ആറ് വര്‍ഷങ്ങളില്‍ ഓരോ ദിവസം കൂട്ടിവയ്ക്കും. നമ്മുടെ ഫെബ്രുവരി 29പോലെ. അതായത് 669ദിവസമുള്ള വര്‍ഷങ്ങള്‍!
ഭൂമിയില്‍ അധിവര്‍ഷം കുറവും സാധാരണ വര്‍ഷം കൂടുതലും ആണല്ലോ. പക്ഷേ ചൊവ്വയുടെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്! ആറ് ലീപ്പ് ഇയറും നാല് സാധാരണ വര്‍ഷവും ആണ് തുടര്‍ച്ചയായ പത്തു വര്‍ഷത്തില്‍ വരിക!

ചൊവ്വയിലെ കലണ്ടര്‍!
ചൊവ്വയില്‍ താമസമാക്കാന്‍ പോകുന്നവരുടെ ഏറ്റവും വലിയ പ്രശ്നം അവിടത്തെ കലണ്ടര്‍ ആവും! ഡാരിയന്‍ കലണ്ടര്‍ എന്നാണ് ചൊവ്വയിലെ കലണ്ടര്‍ അറിയപ്പെടുന്നത്.  24 മാസങ്ങളുള്ള വലിയ കലണ്ടറാണത്.മാസങ്ങള്‍ക്ക് പക്ഷേ ദിവസങ്ങള്‍ പരമാവധി 28 മാത്രമേ ഉള്ളൂ. പല മാസങ്ങളിലും 27 ദിവസമേ കാണൂ.
ഈ കലണ്ടര്‍ ചൊവ്വയില്‍ താമസിക്കാന്‍ പോകുന്നവരുടെ സിവിലിയന്‍ ആവശ്യത്തിനു വേണ്ടി തയ്യാറാക്കിയതാണ്. നിലവില്‍ ചൊവ്വയിലെ ശാസ്ത്രപരീക്ഷണങ്ങളിലും ദൗത്യങ്ങളിലും ഈ കലണ്ടര്‍ ഉപയോഗിക്കുന്നില്ല. ഭാവിയില്‍ ചൊവ്വാ കോളനികള്‍ സ്ഥാപിക്കപ്പെടുമ്പോള്‍ ഈ കലണ്ടര്‍ ആവും മിക്കവാറും പ്രചാരത്തില്‍ വരിക!
എന്തായാലും 668 ഉം 669 ഉം ദിവസങ്ങളുള്ള (സോള്‍) വര്‍ഷങ്ങള്‍ മാറിമാറി വരുന്ന കലണ്ടര്‍! ഹോ! ഓര്‍ക്കാനേ വയ്യ!

---നവനീത്....

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു