അന്താരാഷ്ട്ര ബഹിരാകാശനിലയം എന്തുകൊണ്ടാണ് എപ്പോഴും കാണാന്‍ കഴിയാത്തത്?


അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ ഇപ്പോള്‍ പലരും കണ്ടിരിക്കും. ഒരു ദിവസം 16തവണയാണ് നിലയം ഭൂമിക്കു ചുറ്റും കറങ്ങിയടിക്കുന്നത്. ഇത്രയും തവണ പോയിട്ടും എന്തുകൊണ്ടാണ് ചിലപ്പോള്‍ മാത്രം നിലയത്തെ കാണാന്‍ പറ്റുന്നത് എന്ന് ആലോചിച്ചുണ്ടോ?
പല കാരണങ്ങളുണ്ട് ഇതിന്.
ഒരു ദിവസംകൊണ്ട് 16 തവണയൊക്കെ കറങ്ങുമെങ്കിലും ഓരോ തവണയും ഭൂമിക്കു മുകളില്‍ പല ഇടത്തുകൂടെയാവും നിലയം കടന്നുപോവുക. ഭൂമിയുടെ കറക്കമാണ് ഇതിനു കാരണം.
രണ്ടാമത്തെ കാരണംകൊണ്ടാണ് നിലയത്തെ നമുക്ക് പലപ്പോഴും കാണാന്‍ കഴിയാത്തത്.
അതാണ് ലളിതമായ കാരണം.
സൂര്യന്‍ അസ്തമിക്കുന്ന സമയത്തോ ഉദിക്കുന്ന സമയത്തോ മാത്രമേ നമുക്ക് നിലയത്തെ കാണാന്‍ പറ്റൂ. കാരണം ഫുട്ബോള്‍ സ്റ്റേഡിയത്തോളം വലിപ്പമുള്ള നിലയത്തിന്റെ സോളാര്‍പാനലുകളിലും മറ്റും വീഴുന്ന സൂര്യപ്രകാശം പ്രതിഫലിച്ച് നമ്മുടെ കണ്ണിലെത്തുമ്പോഴാണ് നാം ആ നിലയത്തെ കാണുക. അല്ലാതെ നിലയത്തിന്റെ ഉള്ളിലെ പ്രകാശമല്ല അത്!

ഇനിയൊരു ചോദ്യം. ഒരു വലിയ മലയുടെ താഴ്‍വാരത്ത് ഒരാള്‍ നില്‍ക്കുന്നു. മറ്റൊരാള്‍ വളരെ ഉയരമുള്ള ആ മലയുടെ തുഞ്ചത്ത് നില്‍ക്കുന്നു. ആരാവും ഏറ്റവും അവസാനം അസ്തമയം കാണുക? ഒരു സംശയവും വേണ്ട മലയുടെ മുകളില്‍ നില്‍ക്കുന്ന ആള്‍ തന്നെ. ഉയരം കൂടുംതോറും കൂടുതല്‍ നേരം നമുക്ക് സൂര്യനെ കാണാം. അപ്പോള്‍ 400കിലോമീറ്റര്‍ ഉയരത്തിലുള്ളവര്‍ക്കോ? ഭൂമിയില്‍ സൂര്യനസ്തമിച്ചാലും പിന്നെയും ഏതാനും മണിക്കൂറുകള്‍വരെ ആ ഉയരത്തില്‍ സൂര്യനെ കാണാനാവും! സൂര്യനെ കാണുക എന്നാല്‍ സൂര്യപ്രകാശം അത്രയും സമയം കൂടി ആ വസ്തുവില്‍ പതിക്കും എന്നാണര്‍ത്ഥം. അന്താരാഷ്ട്ര ബഹിരാകാശനിലയം അടക്കമുള്ള ഉപഗ്രഹങ്ങളെ സൂര്യനസ്തമിച്ചശേഷവും സൂര്യനുദിക്കുന്നതിനു മുന്‍പും കാണാന്‍ പറ്റുന്നത് ഇക്കാരണത്താലാണ്.
എന്നാല്‍ രാത്രി ഏറെ വൈകിയാല്‍ 400കിലോമീറ്റര്‍ ഉയരത്തിലും സൂര്യപ്രകാശം എത്തില്ല. അവിടെക്കൂടി നിലയം കടന്നുപോയാലും നമുക്ക് കാണാന്‍ കഴിയില്ല. പാതിരാത്ര ഉള്‍പ്പടെ പല തവണ നിലയം നമ്മുടെ മുകളിലൂടെ കടന്നുപോകുന്നുണ്ട്. പക്ഷേ ആ സമയത്തൊന്നും അതില്‍ സൂര്യപ്രകാശം വീഴാത്തതിനാല്‍ കാണുന്നില്ല എന്നു മാത്രം.
പകല്‍ സമയത്തും പല തവണ നിലയം മുകളിലൂടെ കടന്നുപോകാം. പകല്‍ നക്ഷത്രങ്ങളെ കാണാന്‍ കഴിയാത്തപോലെ തന്നെ അപ്പോള്‍ നിലയത്തെയും കാണാന്‍ കഴിയില്ല!
ബഹിരാകാശനിലയം മാത്രമല്ല ആകാശത്തുള്ളത്. നിരവധി ഉപഗ്രഹങ്ങളും ഭൂമിക്കു മുകളിലൂടെ കടന്നുപോകുന്നുണ്ട്. ഇവയില്‍ പലതിനെയും സന്ധ്യയ്ക്കുശേഷവും സൂര്യോദയത്തിനു മുന്‍പും കാണാം. നല്ല തെളിഞ്ഞ ആകാശമുള്ള ദിവസം കുറെ നേരം മലര്‍ന്നുകിടന്ന് ആകാശം നിരീക്ഷിച്ചുനോക്കൂ. ഉപഗ്രഹങ്ങള്‍ പലതും ഇങ്ങനെ കടന്നുപോകുന്നതു കാണാം. സാറ്റ്‍ലൈറ്റ് ട്രാക്കര്‍ പോലെയുള്ള ആപ്പുകള്‍ ഉണ്ടെങ്കില്‍ അത് ഏത് ഉപഗ്രഹമാണെന്നും നമുക്ക് തിരിച്ചറിയാം. ബഹിരാകാശനിലയത്തിന്റെ വലിപ്പം കാരണം അത് ഏറെ പ്രകാശത്തോടെ കാണാന്‍ കഴിയും. എന്നാല്‍ മറ്റ് ഉപഗ്രഹങ്ങള്‍ നിലയത്തെ അപേക്ഷിച്ച് വളരെ ചെറുതാണ്. അതിനാല്‍ വളരെ മങ്ങിയ ഒരു നക്ഷത്രം പതിയെ സഞ്ചരിക്കുന്ന പോലെയേ നമുക്ക് കാണാനാവൂ.

---നവനീത്...

ചിത്രം: അന്താരാഷ്ട്ര ബഹിരാകാശ നിലയം
കടപ്പാട്: NASA/Crew of STS-132

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith