ഭൂമിക്കു പുറത്ത് ജീവനുണ്ടാവുമോ? മനുഷ്യരെപ്പോലെ പുരോഗമിച്ച ജീവിവര്‍ഗ്ഗം ഉണ്ടാവുമോ?
1977 ആഗസ്റ്റ് 15. അമേരിക്കയിലെ ഒഹിയോ സര്‍വകലാശാലയുടെ ബിഗ് ഇയര്‍ റേഡിയോ ടെലിസ്കോപ്പില്‍ ബഹിരാകാശത്തുനിന്ന് ഒരു സിഗ്നല്‍ ലഭിച്ചു. 72 സെക്കന്‍ഡോളം നീണ്ടുനിന്ന ഒരു റേഡിയോ സിഗ്നല്‍. ധനു രാശിയില്‍നിന്നായിരുന്നു ഈ റേഡിയോ സിഗ്നല്‍.
കുറച്ചുദിവസങ്ങള്‍ക്കു ശേഷമാണ് ജ്യോതിശാസ്ത്രജ്ഞനായ ജെറി ആര്‍ എയ്‍മാന്‍ ഈ സിഗ്നലിനെക്കുറിച്ച് കൂടുതല്‍ പഠിച്ചത്. മനുഷ്യരാരും അയയ്ക്കാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള ഒരു സിഗ്നല്‍. അതിന്റെ കമ്പ്യൂട്ടര്‍പ്രിന്റൗട്ട് എടുത്ത ജെറി ശരിക്കും ഞെട്ടി. സാധാരണ ബഹിരാകാശത്തുനിന്ന് കിട്ടുന്ന റേഡിയോ സിഗ്നല്‍പോലെ അല്ല അത്. അല്പം വ്യത്യസ്തമാണ്. ഒരുപക്ഷേ ഭൂമിക്കു പുറത്തുള്ള ഏതെങ്കിലും വികസിതസമൂഹം അയച്ച ഒരു സിഗ്നല്‍ ആയിക്കൂടേ അത്? ആ കമ്പ്യൂട്ടര്‍ പ്രിന്റൗട്ടിന്റെ അരികില്‍ അദ്ദേഹം Wow! എന്ന് കൈകൊണ്ട് എഴുതിയിട്ടു.
Wow! എന്നെഴുതിയ പേപ്പര്‍ |
അന്യഗ്രഹജീവികളെക്കുറിച്ച് അന്വേഷിക്കുമ്പോഴെല്ലാം മുന്നില്‍ വരുന്ന ഒരു ചിത്രമാണ് Wow! എന്ന് രേഖപ്പെടുത്തിയ ആ കമ്പ്യൂട്ടര്‍പ്രിന്റൗട്ട്. ഇതുവരെ കൃത്യമായ ഒരു വിശദീകരണം ഈ സിഗ്നലിനെക്കുറിച്ച് ലഭിച്ചിട്ടില്ല. ഭൂമിയില്‍നിന്ന് ആരെങ്കിലും അയച്ച സിഗ്നല്‍ ഏതെങ്കിലും ഉപഗ്രഹഭാഗങ്ങളില്‍ തട്ടി തിരിച്ച് ഭൂമിയിലേക്കു വന്നതാവാം എന്നും കരുതുന്നുണ്ട്. എന്തായാലും അത് ഏതെങ്കിലും അന്യഗ്രഹജീവികള്‍ അയച്ചതാവാന്‍ സാധ്യത തീരെ കുറവാണ് എന്നാണ് പൊതുവായ നിഗമനം.
ഭൂമിക്കു വെളിയില്‍ ജീവനുള്ള സാധ്യത ഏറെയുണ്ടെന്നു തന്നെയാണ് കരുതുന്നത്. ഭൂമിയില്‍ മാത്രമായി ജീവന്‍ എന്ന സവിശേഷത ഒതുങ്ങാന്‍ സാധ്യതയില്ല. കോടാനുകോടി നക്ഷത്രങ്ങളില്‍ പലതിലും ഭൂമിക്കു സമാനമായ ഗ്രഹങ്ങള്‍ ഉണ്ടാവാം. അവയില്‍ ചിലതിലെങ്കിലും ഭൂമിയില്‍ ജീവന്‍ ഉടലെടുത്ത അതേ സാഹചര്യം സൃഷ്ടിക്കപ്പെട്ടേക്കാം. അങ്ങനെയെങ്കില്‍ ലക്ഷക്കണക്കിനു ഗ്രഹങ്ങളില്‍ ഏതെങ്കിലും ഒക്കെ രൂപത്തിലുള്ള ജീവന്‍ കണ്ടേക്കാം. അവയില്‍ ചിലതിലെങ്കിലും മനുഷ്യരോളമോ ഒരുപക്ഷേ അതില്‍ക്കൂടുതലോ വികാസം പ്രാപിച്ച ജീവിവര്‍ഗ്ഗങ്ങളായാലോ? അത്തരം ജീവിവര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ അവരും റേഡിയോ തരംഗങ്ങള്‍ വഴി മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടാവണം. അത്തരം റേഡിയോ സിഗ്നലുകളെ കണ്ടെത്താനുള്ള ശ്രമം നമ്മളിവിടെ ഭൂമിയില്‍ നടത്താന്‍ തുടങ്ങിയിട്ട് കുറെക്കാലമായി.
ആരസിബോ ടെലിസ്കോപ്പിന്റെ ഡിഷ്. കടപ്പാട്: Mariordo (Mario Roberto Durán Ortiz)/Wikimedia Commons |
1960 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു റേഡിയോ ടെലിസ്കോപ്പ് ഉണ്ട്. പ്യൂര്‍ട്ടോറിക്കയിലെ ആരസിബോ റേഡിയോ ടെലിസ്കോപ്പ്. ലോകത്തെ ഏറ്റവും വലിയ ഒറ്റ റേഡിയോ ടെലിസ്കോപ്പുകളിലൊന്നാണിത്. (ഇതിലും വലുത് ചൈനയില്‍ ഒരുങ്ങിയിട്ടുണ്ട്. 500മീറ്ററോളം വ്യാസം വരുന്ന ഒന്ന്. ) മുന്നൂറ് മീറ്ററില്‍ അധികമാണ് ഈ ടെലിസ്കോപ്പിന്റെ വ്യാസം. ഭൂമി കറങ്ങുന്നതിന് അനുസരിച്ച് ബഹിരാകാശത്തെ സ്കാന്‍ ചെയ്യാന്‍ ഇതിനു കഴിയും. ജ്യോതിശ്ശാസ്ത്രസംബന്ധമായ പല കണ്ടെത്തലുകളും നടത്തിയ ഈ ടെലിസ്കോപ്പിന്റെ ഒരു പ്രധാന ദൗത്യം അന്യഗ്രഹജീവനു വേണ്ടിയുള്ള അന്വേഷണമാണ്. മനുഷ്യരെക്കാള്‍ മികച്ച ജീവസമൂഹം അയയ്ക്കാന്‍ സാധ്യതയുള്ള സിഗ്നലുകള്‍ക്കായി നിരന്തരം പരതുക!
1999ല്‍ SETI@home എന്ന പ്രൊജക്റ്റ് തുടങ്ങിയതോടെയാണ് ഈ ടെലിസ്കോപ്പ് സാധാരണജനങ്ങള്‍ അറിഞ്ഞു തുടങ്ങിയത്. Search for ExtraTerrestrial Intelligence @ Home എന്നതിന്റെ ചുരുക്കപ്പേരാണ് SETI@home. റേഡിയോ ടെലിസ്കോപ്പുകളില്‍നിന്ന് കിട്ടുന്ന ഡാറ്റയെ ലോകത്തെ വിവിധ വീടുകളില്‍ ഇരിക്കുന്ന കമ്പ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ച് വിശകലനം ചെയ്യുക എന്നതാണ് SETI@home ന്റെ ദൗത്യം.
അന്യഗ്രഹജീവനു വേണ്ടിയുള്ള അന്വേഷണം നമ്മളിപ്പോള്‍ രണ്ടു രീതികളിലാണ് നടത്തുന്നത്. ഒന്ന് സൗരയൂഥത്തിലെ വിവിധ ഗ്രഹങ്ങളില്‍ പേടകങ്ങള്‍ അയച്ച് നടത്തുന്ന പഠനങ്ങളിലൂടെ. ചൊവ്വയിലും മറ്റും ഓടിനടന്ന് പരീക്ഷണങ്ങള്‍ നടത്തുന്ന പേടകങ്ങള്‍. പണ്ട് അവിടെ ജീവന്‍ ഉണ്ടായിരുന്നോ, ഇപ്പോഴും ഉണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇവയുടെ അന്വേഷണപരിധിയില്‍ വരുന്നത്. ഇതുപക്ഷേ മനുഷ്യരോളം ഉയര്‍ന്ന അന്യഗ്രഹജീവനുകളെയല്ല അന്വേഷിക്കുന്നത്. ബാക്റ്റീരിയകളെയോ അല്ലെങ്കില്‍ ഏതെങ്കിലും ചെറിയ ഏകകോശജീവികളെയോ ഒക്കെയാണ്.
രണ്ടാമത്തെ വഴിയാണ് Search for ExtraTerrestrial Intelligence തുടങ്ങിയ പ്രൊജക്റ്റുകളിലൂടെ നാം ചെയ്യുന്നത്. റേഡിയോ ടെലിസ്കോപ്പുകളും മറ്റു ടെലിസ്കോപ്പുകളും ഉപയോഗിച്ച് പ്രപഞ്ചത്തെ നിരീക്ഷിക്കുക. വ്യത്യസ്തമായ സിഗ്നലുകളെ വിശകലം ചെയ്യുക. അതിലൂടെ അന്യഗ്രഹജീവികളുടെ സാധ്യതയെക്കുറിച്ച് പഠിക്കുക.
ആരസിബോ സന്ദേശം
അന്യലോകത്തുനിന്ന് വരുന്ന സിഗ്നലുകളെ കണ്ടെത്തല്‍ മാത്രമായി നാം ഈ അന്വേഷണത്തെ ചുരുക്കിയിട്ടില്ല. ഇവിടെനിന്ന് ചില സിഗ്നലുകള്‍ നാം മറ്റിടങ്ങളിലേക്കും അയച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ആരസിബോ സന്ദേശം. 1974ല്‍ ആണ് ഈ ഇന്റര്‍സ്റ്റെല്ലാര്‍ റേഡിയോ മെസേജ് നാം അയയ്ക്കുന്നത്. ആരസിബോ റേഡിയോ ടെലിസ്കോപ്പ് ഉപയോഗിച്ച് ഹെര്‍ക്കുലീസ് ഗ്ലോബല്‍ ക്ലസ്റ്റര്‍ എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടത്തിലേക്കാണ് സന്ദേശമയച്ചിട്ടുള്ളത്. ഏതാണ്ട് 25000പ്രകാശ വര്‍ഷം അകലെയുള്ള നക്ഷത്രക്കൂട്ടം ആണിത്. അത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞേ ഈ സന്ദേശം അവിടെ എത്തൂ എന്നു ചുരുക്കം. മനുഷ്യകുലത്തിന്റെ അടിസ്ഥാന വിവരങ്ങള്‍ എല്ലാം ചേരുന്നതാണ് ഈ സന്ദേശം.
ആരസിബോ മെസേജിന്റെ ചിത്രീകരണം. കടപ്പാട്: Arne Nordmann (norro) |
പ്രപഞ്ചത്തിന്റെ വിദൂരകോണുകളില്‍നിന്ന് ഇടയ്ക്കിടെ ചില സന്ദേശങ്ങള്‍ നാം പിടിച്ചെടുക്കാറുണ്ട് Fast radio bursts എന്നാണ് അവയെ വിളിക്കുക. ഏതാനും മില്ലിസെക്കന്‍ഡുകള്‍ ഒക്കെയാണ് ഈ സിഗ്നലുകള്‍ നീണ്ടു നില്‍ക്കുക. നൂറു കണക്കിന് Fast radio bursts നാം കണ്ടെത്തിയിട്ടുണ്ട്. അന്യഗ്രഹങ്ങളില്‍നിന്നുള്ള സന്ദേശമാവാം ഇതെന്ന് പലരും സംശയിക്കുകയുണ്ടായി. എന്നാല്‍ ഇനിയും വ്യക്തമാവാത്ത ചില ജ്യോതിശ്ശാസ്ത്രപ്രതിഭാസമാവും ഇതിനു കാരണം എന്നാണ് കരുതപ്പെടുന്നത്. അതിവേഗം കറങ്ങുന്ന പള്‍സാര്‍ പോലെയുള്ള നക്ഷത്രങ്ങളില്‍നിന്ന് പുറപ്പെടുന്നതാവാം ഇത്തരം റേഡിയോ തരംഗങ്ങള്‍ എന്നതാണ് ഇപ്പോഴത്തെ നിഗമനം.
എന്തായാലും മനുഷ്യര്‍ക്ക് ഇതുവരെ ഏതെങ്കിലും അന്യഗ്രഹജീവനുകളുമായി ഇടപെടേണ്ടി വന്നിട്ടില്ല. പക്ഷേ നമ്മള്‍ ആ അന്വേഷണം ഇവിടെ അവസാനിപ്പിക്കാനൊന്നും പോകുന്നില്ല. ടെലിസ്കോപ്പുകളും നേരിട്ടുള്ള ദൗത്യങ്ങളും ഒക്കെയായി അന്യഗ്രഹജീവനു വേണ്ടിയുള്ള അന്വേഷണം നാം തുടര്‍ന്നുകൊണ്ടേയിരിക്കും.
(ദേശാഭിമാനിയുടെ കിളിവാതിലില്‍ പ്രസിദ്ധീകരിച്ചത്. 2019 ഫെബ്രുവരി 27)
Comments
Post a Comment