വാല്‍നക്ഷത്രം വരുന്നൂ... സാഹചര്യങ്ങള്‍ അനുയോജ്യമെങ്കില്‍ മേയില്‍ വെറും കണ്ണുകൊണ്ടു കാണാം!


വാല്‍നക്ഷത്രം വരുന്നൂ... സാഹചര്യങ്ങള്‍ അനുയോജ്യമെങ്കില്‍ മേയില്‍ വെറും കണ്ണുകൊണ്ടു കാണാം!

ചിത്രം: അറ്റ്‍ലസ് കോമറ്റ്. പച്ച നിറത്തില്‍ കാണുന്നത്.
കടപ്പാട്: Rolando Ligustri (CARA Project, CAST)




അറ്റ്‍ലസ് വാല്‍നക്ഷത്രം. 2019 ഡിസംബര്‍ 28നാണ് ഈ വാല്‍നക്ഷത്രത്തെ നാം കണ്ടെത്തുന്നത്. അന്നു മുതല്‍ ഉള്ള നിരീക്ഷണത്തില്‍ വാല്‍നക്ഷത്രത്തിന്റെ തിളക്കം കൂടിക്കൂടി വരിയാണ്. ഭാഗ്യമുണ്ടെങ്കില്‍ മേയ് മാസത്തില്‍ ഈ വാല്‍നക്ഷത്രം ആകാശത്തെ മറ്റൊരു മനോഹരകാഴ്ചയായി മാറും.

C/2019 Y4 എന്നാണ് ഇതിന്റെ ഔദ്യോഗികപേര്. വിളിപ്പേര്  Comet ATLAS എന്നും. ഹവായിലുള്ള ഒരു റോബോട്ടിക് ആസ്ട്രോണിമിക്കല്‍ സര്‍വേ സിസ്റ്റം ആണ് ATLAS (Asteroid Terrestrial-impact Last Alert System). ഭൂമിക്കു ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളെയും ആകാശവസ്തുക്കളെയും കണ്ടെത്തലാണ് ഈ ടെലിസ്കോപ്പിക് കൂട്ടായ്മയുടെ ലക്ഷ്യം. അതുപയോഗിച്ച് കണ്ടെത്തിയ വാല്‍നക്ഷത്രം ആയതിനാലാണ് ഇതിന് ATLAS എന്ന പേര് ലഭിച്ചത്.

2019 ഡിസംബറില്‍ ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തുമ്പോള്‍ അത് സപ്തര്‍ഷി എന്ന നക്ഷത്രഗണത്തില്‍ ആയിരുന്നു. വളരെ വളരെ മങ്ങിയ ഒരു പൊട്ടു മാത്രമായിരുന്നു അന്ന് ഈ വാല്‍നക്ഷത്രം. ശക്തമായ ടെലിസ്കോപ്പിക്ക് സംവിധാനമില്ലാതെ അന്നതിനെ കാണാന്‍ കഴിയില്ലായിരുന്നു. സൂര്യനില്‍നിന്ന് 44 കോടി കിലോമീറ്റര്‍ അകലെയായിരുന്നു അന്നത്.

മേയ് മാസം 31നാവും അറ്റ്‍ലസ് സൂര്യനോട് ഏറ്റവും അടുത്തെത്തുക. വാല്‍നക്ഷത്രത്തിന്റെ വാല്‍ രൂപപ്പെടുന്നത് സൂര്യനോട് അടുക്കുമ്പോഴാണ്. ആ സമയത്ത് ചെറിയ ഒരു ടെലിസ്കോപ്പിലൂടെ വാല്‍നക്ഷത്രത്തെ കാണാം എന്നായിരുന്നു നിഗമനം. എന്നാല്‍ വാല്‍നക്ഷത്രമായതിനാല്‍ അതിന്റെ തിളക്കത്തിന്റെ കാര്യത്തില്‍ കൃത്യമായ നിഗമനം സാധ്യമല്ല. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ചിലപ്പോള്‍ ഒരു ടെലിസ്കോപ്പിന്റെയും സഹായമില്ലാതെ അറ്റ്‍ലസിനെ നേരിട്ട് കാണാന്‍ കഴിയും. ചിലപ്പോള്‍ ശുക്രനെക്കാളും പ്രകാശത്തോടെ കാണാന്‍ കഴിഞ്ഞേക്കും. ചന്ദ്രന്‍ കഴിഞ്ഞാല്‍ ആകാശത്തെ ഏറ്റവും തിളക്കമുള്ള വസ്തുവായി മാറാനും മതി!

വാല്‍നക്ഷത്രത്തിന്റെ പാത. കടപ്പാട്: http://astro.vanbuitenen.nl/comet/2019Y4


ഇങ്ങനെ ഒരു നിഗമനത്തിലെത്താന്‍ ഒരു കാരണമുണ്ട്. കണ്ടെത്തിയ അന്നു മുതല്‍ ഈ വാല്‍നക്ഷത്രത്തിന്റെ തിളക്കം പ്രവചനാതീതമായി കൂടിക്കൊണ്ടിരിക്കുകയായിരുന്നു. മാര്‍ച്ച് 17 ഒരു ചെറിയ ടെലിസ്കോപ്പിലൂടെ കാണാം എന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്. ആ ഒരു രീതി വച്ചാണെങ്കില്‍  അറ്റ്‍ലസിനെ നല്ല തിളക്കത്തോടെ അധികം താമസിയാതെ നമുക്ക് നേരിട്ടു കാണാനാവും,.

ചന്ദ്രനോളം പ്രകാശമുണ്ടാവും എന്നൊക്കെ ചില വാര്‍ത്താക്കുറിപ്പുകള്‍ പറയുന്നുണ്ട്. എന്നാല്‍ അതൊന്നും വിശ്വസിക്കേണ്ടതില്ല. ടെലിസ്കോപ്പിലൂടെ വലിയ കുഴപ്പമില്ലാതെ കാണാം എന്ന കാര്യത്തില്‍ മാത്രമാണ് പൂര്‍ണ്ണമായ ഉറപ്പുള്ളത്.  സൂര്യനോട് അടുത്ത് എത്തുംതോറും വാല്‍നക്ഷത്രത്തിന്റെ കെട്ടുറപ്പ് ഇല്ലാതാവാം. അങ്ങനെ സംഭവിച്ച് ചിതറിപ്പോയാല്‍ ഇപ്പോഴുള്ള കാഴ്ചപോലും പിന്നീട് ഉണ്ടാവണമെന്നില്ല.

1844ല്‍ വന്നുപോയ ഗ്രേറ്റ് കോമറ്റ് ഓഫ് 1844 ന്റെ അതേ പാതയാണ് അറ്റ്‍ലസ് വാല്‍നക്ഷത്രവും പിന്തുടരുന്നത്. അതിനാല്‍ ഒരു വലിയ വാല്‍നക്ഷത്രത്തില്‍നിന്ന് വേര്‍പെട്ട് വന്ന ഒന്നാണ് എന്ന സംശയവും നിരീക്ഷകര്‍ക്കുണ്ട്.

വാല്‍നക്ഷത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ എഴുതാം.

---നവനീത്...

ചിത്രം: അറ്റ്‍ലസ് കോമറ്റ്. പച്ച നിറത്തില്‍ കാണുന്നത്.
കടപ്പാട്: Rolando Ligustri (CARA Project, CAST)

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി