ആസ്ട്രേലിയയിലെ ആ ആന്റിന പണിമുടക്കുമ്പോള്‍ എന്തു സംഭവിക്കും? - DSS43
ആസ്ട്രേലിയയിലെ ആ ആന്റിന പണിമുടക്കുമ്പോള്‍ എന്തു സംഭവിക്കും?
ആസ്ട്രേലിയയിലെ കാന്‍ബറയില്‍ ഉള്ള DSS43 എന്ന ഡിഷ് ആന്റിന. ചിത്രത്തിനു കടപ്പാട്: NASA/Canberra Deep Space Communication Complex |
ആസ്ട്രേലിയയിലെ കാന്‍ബറയിലാണ് ഡീപ് സ്പേസ് നെറ്റ്‍വര്‍ക്കിനായി ഉപയോഗിക്കാവുന്ന ഒരു റേഡിയോ ആന്റിന ഉള്ളത്. DSS43 എന്നാണ് ഇതിന്റെ പേര്. 70മീറ്ററോളം വലിപ്പമുള്ള ഒരു ഒറ്റ ഡിഷ്. 1700കോടി കിലോമീറ്റര്‍ അകലെയുള്ള വോയേജര്‍ 2 പേടകത്തിലേക്ക് സന്ദേശമയയ്ക്കാന്‍ കഴിയുന്ന ഏക ആന്റിനയാണിത്. അന്‍പതു വര്‍ഷത്തോളം പഴക്കമുണ്ട് ഇതിലെ പല ഉപകരണങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും. 48 വര്‍ഷമായി ഈ ആന്റിന പ്രവര്‍ത്തിച്ചുവരുന്നു. ഇത്രയും വലിയ ഡീപ് സ്പേസ് നെറ്റ്‍വര്‍ക്ക് ആന്റിനകള്‍ പിന്നെയുള്ളത് കാലിഫോര്‍ണിയയിലും സ്പെയിനിലും ആണ്. പക്ഷേ ഇവ ഉപയോഗിച്ച് വോയേജര്‍ 2 മായി ബന്ധപ്പെടാന്‍ കഴിയില്ല എന്നു മാത്രം.
വോയേജര്‍ 2 പേടകത്തിലേക്കുള്ള ആശയവിനിമയം മാത്രമല്ല ഈ ഡീപ് സ്പേസ് നെറ്റ്‍വര്‍ക്ക് ആന്റിനയുടെ ജോലി. അതുകൊണ്ടുതന്നെ ഇതിലെ സാങ്കേതികവിദ്യകളും ഉപകരണങ്ങളും പുതുക്കേണ്ടി വന്നിരിക്കുകയാണ്. അപ്ഗ്രേഡ് ചെയ്യാതെ ഇനിയും ഈ ആന്റിനയ്ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥ!
അടുത്ത പതിനൊന്നു മാസത്തേക്ക്, അതേ വലിയൊരു കാലയളവിലേക്ക് ഈ ആന്റിന പണിമുടക്കാന്‍ പോവുകയാണ്. അങ്ങകലെ ശരിക്കും ഡീപ് സ്പേസിലൂടെ കുതിച്ചുപായുന്ന വോയേജര്‍ 2ലേക്ക് അടുത്ത പതിനൊന്നു മാസത്തേക്ക് ഒരു തരത്തിലുള്ള സിഗ്നലുകളും അയയ്ക്കാന്‍ കഴിയില്ല എന്ന ദുഃഖം ശാസ്ത്രജ്ഞര്‍ക്കുണ്ട്!
തകരാറിലായ വോയേജര്‍ 2 പേടകം
വോയേജര്‍ പേടകം. ചിത്രകാരഭാവന. കടപ്പാട്: NASA/JPL-Caltech |
1850കോടി കിലോമീറ്റര്‍ അകലെയാണ് പേടകം എന്നോര്‍ക്കണം. അവിടെപ്പോയി അതിനെ നന്നാക്കാനൊന്നും പറ്റുകയും ഇല്ല. നന്നാക്കിയില്ലെങ്കില്‍ എന്നെന്നേയ്ക്കുമായി വോയേജര്‍ 2 പേടകത്തെ ഉപേക്ഷിക്കേണ്ടിയും വരും. നന്നാക്കാനുള്ള ഏക വഴി ആസ്ട്രേലിയയിലെ ഡീപ് സ്പേസ് നെറ്റ്‍വര്‍ക്ക് ആന്റിനയാണ്. വെല്ലുവിളികള്‍ പിന്നെയും ഉണ്ട്. ഇവിടെനിന്ന് ഒരു സന്ദേശം അയച്ചാല്‍ 17 മണിക്കൂര്‍ എടുക്കും അത് വോയേജറില്‍ എത്താന്‍. ആ സന്ദേശം സ്വീകരിച്ചതായി ഒരു സിഗ്നല്‍ കിട്ടണമെങ്കില്‍ പിന്നെയും 17 മണിക്കൂറുകള്‍കൂടി കാക്കണം. ചുരുങ്ങിയത് 34 മണിക്കൂര്‍ വേണം ഒന്ന് ഹലോ പറയാന്‍ എന്നര്‍ത്ഥം!
ഇത്രയും കടമ്പകളൊക്കെ ഉണ്ടായെങ്കിലും ഈ ആന്റിന ഉപയോഗിച്ച് നിരന്തരം ശ്രമിച്ചതിലൂടെ നാസയിലെ എന്‍ജിനീയര്‍മാര്‍ക്ക് വോയേജര്‍ 2 പേടകത്തെ പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനായി.
ഇപ്പോള്‍ വലിയ പ്രശ്നമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട് വോയേജര്‍ 2 പേടകം. അതിലെ ആന്റിന എപ്പോഴും ഭൂമിക്കുനേരെ തിരഞ്ഞിരിക്കണം എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
വോയേജര്‍ 2 പേടകവുമായി ആശയവിനിമയം നടത്താനുള്ള ഏക ആന്റിനയാണ് ആസ്ട്രേലിയയിലെ ഡീപ് സ്പേസ് നെറ്റ്‍വര്‍ക്ക് ആന്റിന എന്നു പറഞ്ഞല്ലോ. ഇതിനൊരു കാരണമുണ്ട്. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്ന ഒരു തലമുണ്ട്. ഓര്‍ബിറ്റര്‍ പ്ലയിന്‍ എന്നു പറയും. ഈ തലത്തില്‍നിന്ന് താഴേക്കുള്ള ദിശയിലാണ് വോയേജര്‍ 2 പേടകത്തിന്റെ യാത്ര. അതിനാല്‍ ഭൂമിയുടെ വടക്കേ അര്‍ദ്ധഗോളത്തില്‍ ഉള്ള ആന്റിനകള്‍ ഉപയോഗിച്ച് വോയേജറുമായി ആശയവിനിമയം നടത്താന്‍ ഏറെ ബുദ്ധിമുട്ടാണ്. തെക്കേ അര്‍ദ്ധഗോളത്തില്‍ ഉള്ള ആന്റിനയ്ക്ക് ഇതിനു കഴിയൂ. വോയേജറിലെ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന ഏക ഡീപ് സ്പേസ് ആന്റിനഎന്ന നിലയിലാണ് കാന്‍ബറയിലെ DSS43 ആന്റിനയുടെ പ്രാധാന്യം.
ഈ ആന്റിന പണിമുടക്കുമ്പോള്‍ വോയേജര്‍ 2 പേടകം എന്തു ചെയ്യും?
വോയേജര്‍ 2 പേടകത്തിലേക്ക് ഒരുതരത്തിലുള്ള കമാന്റുകളും അയയ്ക്കാന്‍ അടുത്ത പതിനൊന്നു മാസത്തേക്ക് ഇനി സാധ്യമാവില്ല. എന്നാല്‍ വോയേജറില്‍നിന്ന് വരുന്ന സിഗ്നലുകളെ മറ്റു ചില ആന്റിനകള്‍ ഉപയോഗിച്ച് നമുക്ക് സ്വീകരിക്കാനാവും. കാന്‍ബറയില്‍ തന്നെയുള്ള 34 മീറ്റര്‍ വലിപ്പമുള്ള മൂന്ന് ആന്റിനകള്‍ വേറെയുണ്ട്. ഇവയാവും ഇനി ഈ ആവശ്യത്തിനായി ഉപയോഗിക്കുക. ഇങ്ങോട്ട് കേള്‍ക്കാം. പക്ഷേ അങ്ങോട്ടൊന്നും അടുത്ത പതിനൊന്നു മാസത്തേക്ക് മിണ്ടാനേ കഴിയില്ല.
ഡീപ് സ്പേസ് നെറ്റ്‍വര്‍ക്ക് ആന്റിനയെ കാത്തിരിക്കുന്നത് കൂടുതല്‍ ഗൗരവമേറിയ ദൗത്യങ്ങള്‍
പതിനൊന്നു മാസത്തിനുശേഷം കൂടുതല്‍ കരുത്തോടെയാവും DSS43 ആന്റിന തിരികെയെത്തുക. പൂര്‍ണ്ണമായും ആധുനികസാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ചൊരു തിരിച്ചുവരവ്. മാര്‍സ് 2020 റോവര്‍ ദൗത്യം, ചൊവ്വയിലേക്കും ചന്ദ്രനിലേക്കും ഉള്ള ഭാവി ദൗത്യങ്ങള്‍, മനുഷ്യരെ ചന്ദ്രനിലും പിന്നീട് ചൊവ്വയിലും എത്തിക്കാനുള്ള ദൗത്യങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ ഇനി ഈ ആന്റിന ഉപയോഗിക്കാനാവും. അതിനൊപ്പം വോയേജര്‍ 2 പേടകവുമായി ബന്ധപ്പെടാനും കഴിയും.
2021 ജനുവരി. അതുവരെ നമ്മളും വോയേജറും ഇനി കാത്തിരുന്നേ മതിയാവൂ. വോയേജര്‍ പേടകത്തിന് ഇതിനിടയില്‍ വേറെ സാങ്കേതികത്തകരാറുകള്‍ ഒന്നും പറ്റാതിരുന്നാല്‍ മതിയായിരുന്നു. കാരണം, പേടകത്തെ നന്നാക്കാന്‍ ആവശ്യമായ ഒരു സിഗ്നലും 2021 ജനുവരി വരെ നമുക്കിനി അയയ്ക്കാന്‍ കഴിയില്ല.
---നവനീത്...
Comments
Post a Comment