തെക്കേ ഇന്ത്യയില്‍ ജനിച്ച ബോബ് ബല്‍റാമും ചൊവ്വയില്‍ പറക്കാനൊരുങ്ങുന്ന മാര്‍സ് ഹെലികോപ്റ്ററും!

തെക്കേ ഇന്ത്യയില്‍ ജനിച്ച ബോബ് ബല്‍റാമും ചൊവ്വയില്‍ പറക്കാനൊരുങ്ങുന്ന മാര്‍സ് ഹെലികോപ്റ്ററും!

ബോബ് ബല്‍റാമും മാര്‍സ് ഹെലികോപ്റ്ററും. കടപ്പാട്: NASA/JPL-Caltech

ചൊവ്വയില്‍ പറക്കാന്‍ പോകുന്ന മാര്‍സ് ഹെലികോപ്റ്ററും ഇന്ത്യയും തമ്മില്‍ ഒരു ബന്ധമുണ്ട്. മാര്‍സ് ഹെലികോപ്റ്റര്‍ രൂപകല്പന ചെയ്ത ബോബ് ബല്‍റാം ആണ് ഈ ബന്ധം. ഐ ഐ ടി മദ്രാസില്‍നിന്ന് പഠിച്ചിറങ്ങിയ ഒരു തെക്കേ ഇന്ത്യക്കാരന്‍! ഈ പ്രൊജക്റ്റിന്റെ ചീഫ് എന്‍ജിനീയര്‍!

ചൊവ്വയില്‍ ഇറങ്ങി ഓടിനടന്ന് പഠിക്കുന്ന പെര്‍സിവിയറന്‍സ് അഥവാ മാര്‍സ് 2020 എന്ന ചൊവ്വാദൗത്യം ഈ വര്‍ഷമാണ് വിക്ഷേപിക്കുക. ചൊവ്വയെ ഗഹനമായി പഠനവിധേയമാക്കുകയാണ് പെര്‍സിവിയറന്‍സിന്റെ ലക്ഷ്യം. പെര്‍സിവിയറന്‍സിനൊപ്പമാണ് ഒരു ടെക്നോളജിക്കല്‍ ഡെമോണ്‍സ്ട്രേഷന്‍ എന്ന നിലയില്‍ മാര്‍സ് ഹെലികോപ്റ്ററിനെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ചൊവ്വയില്‍ പറന്നുനടന്ന് ചൊവ്വയെക്കുറിച്ച് പഠിക്കുക. അതാണ് മാര്‍സ് ഹെലികോപ്റ്ററിന്റെ ലക്ഷ്യം.

മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ ദൗത്യം ലോകത്തെ അമ്പരപ്പിച്ച 1960കളിലാണ് ബോബ് ബല്‍റാമിന്റെ കുട്ടിക്കാലം. അന്ന് അദ്ദേഹത്തിന്റെ അമ്മാവന്‍ നാസയില്‍നിന്ന് വരുത്തിക്കൊടുത്ത കുറെ പുസ്തകങ്ങള്‍. അതാണ് ബല്‍റാമിന്റെ കരിയര്‍ മാറ്റിയെഴുതിയത്. അമേരിക്കയുടെ ബഹിരാകാശദൗത്യങ്ങളെക്കുറിച്ചുള്ള കുറെ പുസ്തകങ്ങളായിരുന്നു അവ. 

മദ്രാസ് ഐ ഐ ടിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറങില്‍ ബിരുദം നേടിയ ബല്‍റാം പിന്നീട് ഉപരിപഠനം നടത്തിയതെല്ലാം അമേരിക്കയിലായിരുന്നു; Rensselaer Polytechnic Institute എന്ന സ്വകാര്യഗവേഷണസ്ഥാപനത്തില്‍. അവിടെ നിന്ന് ഗവേഷണബിരുദം കരസ്ഥമാക്കിയ ബോബ് പിന്നീട് നാസയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ റോബോട്ടിക് എന്‍ജിനീയറായി ചേര്‍ന്നു. അന്നുതൊട്ട്  35 വര്‍ഷമായി ബല്‍റാം ഇവിടെ പ്രവര്‍ത്തിച്ചുവരികയാണ്. 

1990കളിലാണ് ബല്‍റാമിന്റെ മനസ്സില്‍ ചൊവ്വയില്‍ പറന്നുനടക്കുന്ന ഒരു ഹെലികോപ്റ്ററിനെക്കുറിച്ചുള്ള ആശയം മുളപൊട്ടുന്നത്. അന്ന് അദ്ദേഹം മുന്നോട്ടുവച്ച പ്രപ്പോസല്‍ തത്വത്തില്‍ അംഗീകരിക്കപ്പെട്ടു. എന്നാല്‍ അവശ്യമായ ഫണ്ടിങ് ലഭ്യമാവാത്തതിനാല്‍ പതിനഞ്ചു വര്‍ഷത്തോളം ആ പ്രൊജക്റ്റ് പൊടിപിടിച്ചു കിടന്നു. മാര്‍സ് 2020 എന്ന ദൗത്യം തുടങ്ങിയതോടെയാണ് മാര്‍സ് ഹെലികോപ്റ്റര്‍ എന്ന ആശയം നാസ വീണ്ടും ചര്‍ച്ചയ്ക്ക് എടുക്കുന്നത്. പൊടിപിടിച്ചു കിടന്ന പഴയ പ്രൊപ്പോസല്‍ ബോബ് ബല്‍റാം അതോടെ പുതുക്കിയെടുത്തു. രണ്ടു മാസത്തിനുള്ളില്‍ ബല്‍റാമും കൂട്ടുകാരും പുതുക്കിയ പ്രൊപ്പോസല്‍ സമര്‍പ്പിച്ചു. ഒരു ടെക്നോളജി ഡെമോണ്‍സ്ട്രേഷന്‍ എന്ന നിലയില്‍ നാസ ഈ പ്രൊജക്റ്റിന് അംഗീകാരവും നല്‍കി.

വലിയ വെല്ലുവിളികളാണ് ബല്‍റാമിനു മുന്നില്‍ ഉണ്ടായിരുന്നത്. ഭൂമിയില്‍ ഹെലികോപ്റ്റര്‍ പറത്തുന്നതുപോലെ എളുപ്പമല്ല അങ്ങ് ചൊവ്വയില്‍. അന്തരീക്ഷമര്‍ദ്ദം തന്നെ പ്രധാന കാരണം. ഭൂമിയിലെ അന്തരീക്ഷത്തിന്റെ ഒരു ശതമാനം മാത്രം സാന്ദ്രതയേ ചൊവ്വയിലെ അന്തരീക്ഷത്തിനുള്ളൂ. അവിടെയാണ് ഒരു ഹെലികോപ്റ്റര്‍ പറക്കേണ്ടത്. ഭൂമിയില്‍ 30കിലോമീറ്റര്‍ ഉയരത്തില്‍ ഒരു ഹെലികോപ്റ്റര്‍ പറത്തിയാലുള്ള അവസ്ഥയോടാണ് ബോബ് ഇതിനെ താരതമ്യപ്പെടുത്തിയത്. ഒരു സാധാരണ ഹെലികോപ്റ്റര്‍ പറക്കുന്നതിനെക്കാള്‍ ഏഴ് ഇരട്ടിയോളം ഉയരമാണ് 30കിലോമീറ്റര്‍!
മാര്‍സ് ഹെലികോപ്റ്റര്‍ ചൊവ്വയില്‍. ചിത്രകാരഭാവന. കടപ്പാട്: NASA/JPL-Caltech
വളരെ കുറഞ്ഞ അന്തരീക്ഷമര്‍ദ്ദത്തില്‍ ഹെലികോപ്റ്റര്‍ പറപ്പിക്കുക എന്നത് ഒട്ടും എളുപ്പമല്ല. വളരെ ഭാരം കുറവായിരിക്കണം അതിനാല്‍ത്തന്നെ ഈ ഹെലികോപ്റ്ററിന്. പരമാവധി 2കിലോ. അതിലും ഭാരം ഒരു കാരണവശാലും ഹെലികോപ്റ്ററിന് പാടില്ല. ബാറ്ററിയും ആശയവിനിയമത്തിനുള്ള ഉപകരണങ്ങളും പങ്കയും എല്ലാംകൂടി രണ്ടു കിലോഗ്രാമില്‍ താഴെ ഒതുക്കി നിര്‍ത്തണം.
കനംകുറഞ്ഞ അന്തരീക്ഷത്തില്‍ ഒരു ഹെലികോപ്റ്റര്‍ പറപ്പിക്കണമെങ്കില്‍ വലിയ പങ്കകള്‍ വേണം. അവയുടെ വേഗതയും കൂടുതലാവണം. മാര്‍സ് 2020നു വേണ്ടി ഹെലികോപ്റ്റര്‍ ഡിസൈന്‍ ചെയ്തവരുടെ മുന്നിലുള്ള പ്രധാന ആവശ്യം ഇതായിരുന്നു. അവസാനം അവര്‍ അതില്‍ വിജയിക്കുകതന്നെ ചെയ്തു. വെറും 1.8കിലോഗ്രാം മാത്രമുള്ള ഒരു വലിയ ഹെലികോപ്റ്റര്‍ തന്നെ അവര്‍ ഒരുക്കി!
കഴിഞ്ഞ വര്‍ഷം ജനുവരി 18നു നടത്തിയ ഫ്ലൈറ്റ് ടെസ്റ്റ് വീക്ഷിക്കുന്ന മാര്‍സ് ഹെലികോപ്റ്റര്‍ പ്രൊജക്റ്റ് ടീം. ഏറ്റവും പുറകില്‍ നില്‍ക്കുന്നതാണ് ചീഫ് എന്‍ജിനീയര്‍ ബോബ് ബല്‍റാം.  കടപ്പാട്:  NASA/JPL-Caltech
ചൊവ്വയുടെ ഉപരിതലത്തില്‍ ഏതാണ്ട് നാലരമീറ്റര്‍ വരെ ഉയരത്തില്‍ പറക്കുക എന്ന ലക്ഷ്യമേ മാര്‍സ് ഹെലികോപ്റ്ററിന് ഉള്ളൂ. ഒരു മീറ്റര്‍ നീളമുള്ള നാല് പങ്കകളാണ് ഇതിനു സഹായിക്കുക. ഒരു മിനിറ്റില്‍ 2400 തവണയാണ് ഈ പങ്ക കറങ്ങുക. ഭൂമിയില്‍ പറക്കുന്ന ഹെലികോപ്റ്ററിനെക്കാള്‍ പത്ത് ഇരട്ടി വേഗത്തിലാവും ചൊവ്വാഹെലികോപ്റ്ററിന്റെ പങ്കകള്‍ തിരിയുന്നത്.
ഒരു വലിയ പന്തിന്റെ അത്രയും വലിപ്പമുള്ള ഈ കുഞ്ഞു ഹെലികോപ്റ്ററിന്റെ ആകെ ഭാരം 2 കിലോയില്‍ താഴെ മാത്രമാണ്. ഒന്നര മിനിറ്റില്‍ കവിയാത്ത ഏതാനും പറക്കലുകള്‍ മാത്രമാണ് ആദ്യദൗത്യം എന്ന നിലയില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. സൂര്യപ്രകാശമാവും ചൊവ്വാഹെലികോപ്റ്ററിന്റെ ഊര്‍ജ്ജം. മുകളിലുള്ള സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ബാറ്ററി ചാര്‍ജു ചെയ്യും. ചൊവ്വയിലെ കൊടും തണുപ്പിനെ പ്രതിരോധിക്കാനും ഈ ഊര്‍ജ്ജം വേണം. രണ്ടു  ക്യാമറകളും ഹെലികോപ്റ്ററിലുണ്ട്. ഒരു കളര്‍ ക്യാമറയും ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ക്യാമറയും. പറന്നു നടക്കുന്നതിനിടയ്ക്ക് ഫോട്ടോയെടുക്കലും നടക്കണമല്ലോ!


( മാര്‍സ് ഹെലികോപ്റ്റര്‍ ഡെമോണ്‍സ്ട്രേഷന്‍ വീഡിയോ.)

വളരെ എളുപ്പമൊന്നും ആയിരുന്നില്ല ചൊവ്വാഹെലികോപ്റ്ററിന്റെ പരീക്ഷണപ്പറക്കല്‍. ചൊവ്വയുടെ അന്തരീക്ഷം ലാബില്‍ സൃഷ്ടിച്ച് അതിനുള്ളിലായിരുന്നു പറക്കലുകള്‍ മുഴുവന്‍. ചൊവ്വയില്‍ പറക്കുന്നതിനിടയില്‍ ഹെലികോപ്റ്ററിനെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല. സ്വയം തീരുമാനമെടുത്ത് പറക്കാന്‍ കഴിയണം. അതിനുള്ള പ്രോഗ്രാമുകളും ഒക്കെച്ചേര്‍ത്താണ് മാര്‍സ് ഹെലികോപ്റ്ററിനെ നിര്‍മ്മിച്ചിരിക്കുന്നത്.ഈ ദൗത്യം വിജയിച്ചാല്‍ തുടര്‍ന്നുള്ള ദൗത്യങ്ങളുടെ ഭാഗമാവും ഇത്തരം ഹെലികോപ്റ്ററുകള്‍. ചൊവ്വയാത്ര നടത്തുന്ന മനുഷ്യരുടെ കൂടെയും ഇത്തരം ഹെലികോപ്റ്ററുകള്‍ ഉണ്ടാവും. ചൊവ്വയില്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള യാത്രയ്ക്കും ചരക്കുകൈമാറ്റത്തിനും നിരീക്ഷണത്തിനും ഒക്കെ ഇത്തരം ഡ്രോണുകളെ ഉപയോഗിക്കാനാവും.

ചൊവ്വയില്‍ പെര്‍സിവിയറന്‍സ് ഇറങ്ങി രണ്ടര മാസത്തിനു ശേഷമാവും ഹെലികോപ്റ്ററിന്റെ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുക. എല്ലാംകൂടി ഒരു മാസത്തോളം ചൊവ്വയില്‍ ഈ ഹെലികോപ്റ്റര്‍ പറന്നുനടക്കും. ഭൂമിക്കു പുറത്ത് മറ്റൊരിടത്ത് ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന പറക്കലാവും അത്.

ഈ ഹെലികോപ്റ്റര്‍ ദൗത്യം വിജയകരമായാല്‍ ഒരാള്‍കൂടി ചരിത്രത്തിന്റെ ഭാഗമാവും. ഐ ഐ ടിക്കാര്‍ക്ക് അഭിമാനിക്കാന്‍ ഒരാള്‍കൂടി. ജന്മംകൊണ്ട് ഇന്ത്യാക്കാരനായ ബോബ് ബല്‍റാം.

---നവനീത്...

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു