പഴയ കെപ്ലര്‍ ഡാറ്റയില്‍നിന്ന് പുതിയൊരു ഗ്രഹം! അതും ഭൂമിയെപ്പോലെ ഒരു ഗ്രഹം! Kepler-1649c
പഴയ ഡാറ്റയില്‍നിന്ന് പുതിയൊരു ഗ്രഹം! അതും ഭൂമിയെപ്പോലെ ഒരു ഗ്രഹം!
കെപ്ലര്‍ 1649c എന്ന ഗ്രഹവും മാതൃനക്ഷത്രവും. ചിത്രകാരഭാവന. കടപ്പാട്: NASA/Ames Research Center/Daniel Rutter |
കെപ്ലര്‍ എന്ന ബഹിരാകാശടെലിസ്കോപ്പ് വിരമിച്ചിട്ട് രണ്ടു വര്‍ഷത്തോളമായി. സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്തലായിരുന്നു കെപ്ലറുടെ ദൗത്യം. വിരമിച്ച് രണ്ടുവര്‍ഷത്തിനുശേഷം കെപ്ലര്‍ ടെലിസ്കോപ്പിലെ ഡാറ്റയില്‍നിന്ന് പുതിയൊരു ഗ്രഹത്തെക്കൂടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞര്‍. അതും ഭൂമിയെപ്പോലെ ഒരു ഗ്രഹത്തെ. ജലം ജലമായിത്തന്നെ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഒരു ഗ്രഹത്തെ!
Kepler-1649c എന്നാണ് ഈ ഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. കെപ്ലര്‍ നമുക്കു നല്‍കിയ ഡാറ്റയെ ആദ്യം വിശകലനം ചെയ്തപ്പോള്‍ ഈ ഗ്രഹം നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നില്ല. വലിയ ഡാറ്റയാണ് കെപ്ലര്‍ നമുക്കു നല്‍കിയിരിക്കുന്നത്. അതില്‍ എന്തായാലും പല ഗ്രഹങ്ങളും മറഞ്ഞുകിടപ്പുണ്ടാവണം. അതിനാല്‍ത്തന്നെ ശാസ്ത്രജ്ഞര്‍ വെറുതെയിരുന്നില്ല. കെപ്ലര്‍ നല്‍കിയ ഡാറ്റയില്‍ വീണ്ടും വീണ്ടും പരിശോധനകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇപ്പോഴും അത്തരം വിശകലനങ്ങള്‍ പലരും തുടരുന്നുമുണ്ട്. അങ്ങനെയാണ് പഴയ ഡാറ്റയില്‍ മറഞ്ഞുകിടന്നിരുന്ന ഒരു ഭൂമിയെ നമുക്ക് കണ്ടെത്താനായത്.
ഭൂമിയെക്കാള്‍ അല്പം വലുതാണ് ഈ ഗ്രഹം. ഭൂമിക്ക് സൂര്യനില്‍നിന്ന് കിട്ടുന്ന സൂര്യപ്രകാശത്തിന്റെ 75% മാത്രം പ്രകാശമേ പക്ഷേ ഈ പുതിയ ഗ്രഹത്തില്‍ ലഭിക്കുന്നുള്ളൂ. വലിപ്പം കൊണ്ടും താപനിലകൊണ്ടും ഭൂമിക്കു സമാനമായ ഗ്രഹമാണെങ്കിലും അടുത്ത കാലത്തൊന്നും നമുക്ക് അവിടെ എത്താനാവില്ല. 300പ്രകാശവര്‍ഷം അകലെയാണ് പുതിയ ഗ്രഹം. പ്രകാശത്തിന്റെ വേഗതയില്‍ സഞ്ചരിച്ചാല്‍പ്പോലും 300വര്‍ഷം വേണം അവിടെയെത്താന്‍.
ഭൂമിയും പുതിയ ഗ്രഹവും ഒരു താരതമ്യം. ചിത്രകാരഭാവന. കടപ്പാട്: NASA/Ames Research Center/Daniel Rutter |
കെപ്ലര്‍ 1649c എന്ന ഗ്രഹത്തിന്റെ ഉപരിതലവും മാതൃനക്ഷത്രവും. ചിത്രകാരഭാവന. കടപ്പാട്: NASA/Ames Research Center/Daniel Rutter |
---നവനീത്...
Thanks..appreciating your efforts
ReplyDeleteനന്ദി സുഹൃത്തേ...
DeleteMacna.m
ReplyDelete