ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്നു തിരയുന്ന പെർസിവിയറൻസ് (Mars 2020 Perseverance Rover) 2020 ജൂലൈ 17ന് വിക്ഷേപിക്കുന്നു.

ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്നു തിരയുന്ന പെർസിവിയറൻസ് ജൂലൈ 17ന് വിക്ഷേപിക്കുന്നു.



സ്ഥിരോത്സോഹിയായ ഒരു പരീക്ഷണശാല. ഭൂമിയിലല്ല, മറിച്ച് ചൊവ്വയില്‍.  അതാണ് 2020 ജൂലൈ 17 നു വിക്ഷേപിക്കാൻ പോകുന്ന പെ‍ർസിവിയറൻസ് എന്ന പേടകം. ഒരു കാറിനോളം വലിപ്പമുണ്ട് പെർസിവിയറൻസിന്. ഒരു മാസത്തിനുള്ളിൽ യാത്ര തുടങ്ങുന്ന ഈ പേടകം അടുത്ത വർഷം ഫെബ്രുവരിയിൽ ചൊവ്വയില്‍ ഇറങ്ങും.


ഫ്ലോറിഡയിലെ കേപ് കനാവരല്‍ എയ‍ർഫോഴ്സ് സ്റ്റേഷനിലേക്കാവും ഇനി എല്ലാവരുടെയും ശ്രദ്ധ. അവിടെനിന്ന് അറ്റ്ലസ് V 541 എന്ന റോക്കറ്റിലാവും  വിക്ഷേപണം. മാർസ് 2020 എന്നായിരുന്നു ഈ ദൗത്യത്തിന്റെ പേര്. പിന്നീടാണ് പെർസിവിയറൻസ് എന്നു പേരിട്ടത്. സ്കൂൾവിദ്യാർത്ഥിയായ അലക്സാണ്ട‍ർ മാത്തർ നിർദ്ദേശിച്ച പെർസിവിയറൻസ് എന്ന പേര് നാസ തിരഞ്ഞെടുക്കുകയായിരുന്നു.

ക്യൂരിയോസിറ്റി എന്ന പേടകം ചൊവ്വയിൽ ഇറങ്ങിയ രീതി.
ഇതേ രീതിയിലാവും ഫെബ്രുവരിയിൽ പെർസിവിയറൻസും ഇറങ്ങുക.
ചൊവ്വയെക്കുറിച്ച് പഠിക്കാൻ നിരവധി പേടകങ്ങൾ നമ്മൾ ചൊവ്വയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ചിലത് ഇപ്പോഴും അവിടെ പ്രവർത്തിക്കുന്നുമുണ്ട്. അവർക്കൊപ്പമാണ് പെർസിവിയറൻസും കൂട്ടുചേരുന്നത്. ചൊവ്വയിൽ പണ്ട് ജീവനുണ്ടായിരുന്നോ എന്ന അന്വേഷണമാണ് പെർസിവിയറൻസിന്റെ പ്രധാന ലക്ഷ്യം. ചൊവ്വയിലെ പാറകളും മറ്റു തുരന്ന് സാമ്പിളുകൾശേഖരിക്കാനും ഈ പേടകത്തിനാവും. ചൊവ്വയിൽ മനുഷ്യരെ ഇറക്കാനുള്ള ശ്രമത്തിലാണ് നാസയും മറ്റു ബഹിരാകാശ ഏജൻസികളും. അതിനു വേണ്ട വിലപ്പെട്ട വിവരങ്ങൾ തരാൻ പെർസിവിയറൻസിന് ആവും എന്നാണു പ്രതീക്ഷ. ചൊവ്വയിൽ ഓക്സിജൻ ഉണ്ടാക്കാനുള്ള ഒരു ചെറുപരീക്ഷണവും നടത്തുന്നുണ്ട്.
മാർസ് ഹെലികോപ്ടർ - ചിത്രകാരഭാവന

ഭൂമിക്കു പുറത്ത് മറ്റൊരു ഗ്രഹത്തിൽ ഇതുവരെ ഒരു യന്ത്രവും പറന്നു നോക്കിയിട്ടില്ല. പെർസിവിയറൻസിന് ഒപ്പം മാർസ് ഹെലികോപ്ടർ ഉണ്ട്. ചൊവ്വയിൽ പറക്കാനായി ഡിസൈൻ ചെയ്തിരിക്കുന്ന ഒരു ഹെലികോപ്ടര്‍! ഒരു ടെക്നോളജി ഡെമോൺസ്ട്രേഷൻ ആണ് ഇത്. എന്നാൽ ഇതിനും ചൊവ്വയെക്കുറിച്ചുള്ള കൂടുതൽ വിവരം നമുക്ക് തരാൻ കഴിയും. ചൊവ്വയിലെ വളരെ നേർത്ത അന്തരീക്ഷത്തിലും പറന്നുനടന്ന് പഠനം നടത്താൻ കഴിയും മാർസ് ഹെലികോപ്ടറിന്.

എന്തായാലും ജൂലൈ 17 നു വൈകിട്ട് ഇന്ത്യൻസമയം ആറേകാലിന് ലോകത്തെ ശാസ്ത്രകുതുകികൾ മുഴുവൻ ഫ്ലോറിഡയിലേക്കാവും ഉറ്റുനോക്കുക. സ്ഥിരോത്സാഹിയായ ഒരു പരീക്ഷണശാലയെയും പേറി അറ്റ്ലസ് റോക്കറ്റ് കുതിച്ചുയരുന്ന ആ നിമിഷത്തിലേക്ക്...

---നവനീത്...

Comments

  1. നിലവിലെ പേടകങ്ങൾ ഏതെങ്കിലും അയച്ച ചൊവ്വ വീഡിയോകൾ എവിടെ കിട്ടും ? ചാനലോ മറ്റോ സജസ്റ്റ് ചെയ്യാമോ

    ReplyDelete
    Replies
    1. നിരവധിയുണ്ടല്ലോ. പലതും ലൈവ് തന്നെ ഉണ്ടായിരുന്നു. യുറ്റ്യുബിൽ തിരഞ്ഞാൽ കിട്ടും. നാസ ടിവി ചാനൽ നല്ലൊരു ഓപ്ഷനാണ്.

      Delete

Post a Comment

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു