വാൽനക്ഷത്രത്തെ കാണാൻ അപൂർവ്വ അവസരം. നിയോവൈസ് വാൽനക്ഷത്രം | ധൂമകേതു | കോമറ്റ് | എങ്ങനെ കാണാം? എവിടെ നോക്കണം? C/2020 F3 (NEOWISE) COMET

നിയോവൈസ് വാൽനക്ഷത്രം | കടപ്പാട്: Raysastrophotograhy

ഒരു വാൽനക്ഷത്രത്തെ കാണുക. അതും വെറും കണ്ണുകൊണ്ട്. അതങ്ങനെ എപ്പോഴും സാധ്യമായ ഒരു കാര്യമൊന്നുമല്ല. പക്ഷേ ഇപ്പോഴിതാ അതിനുള്ള അവസരം നമുക്കു മുന്നിൽ വന്നിരിക്കുന്നു. നിയോവൈസ് എന്നു പേരുള്ള ഒരു കോമറ്റാണ് ഇപ്പോൾ മനോഹരമായ ആകാശക്കാഴ്ചയുമൊരുക്കി സൂര്യനൊപ്പം ഉള്ളത്. കഴിഞ്ഞ ദിവസം വരെ സൂര്യനുദിക്കുന്നതിനു മുൻപ് നോക്കണമായിരുന്നു ഇതിനെ കാണാൻ. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ സൂര്യനസ്തമിച്ചശേഷമാണ് ഈ വാൽനക്ഷത്രത്തെ കാണാൻ കഴിയുക. അസ്തമയത്തിനുശേഷം അരമണിക്കൂറിൽ താഴെ മാത്രമേ ഇത് ആകാശത്തുണ്ടാവൂ. അതിനുശേഷം അസ്തമിക്കും. ജൂലൈ 20വരെയൊക്കെ വെറുംകണ്ണുകൊണ്ടുതന്നെ കാണാം എന്നാണു കരുതുന്നത്. പിന്നീട് അതിന്റെ പ്രകാശം കുറഞ്ഞുകുറഞ്ഞുവരും. മാത്രമല്ല അപ്പോഴേക്കും ചന്ദ്രനും ഉദിച്ചുതുടങ്ങും. ചന്ദ്രന്റെ പ്രകാശവും ഈ കാഴ്ചയെ അല്പം മറച്ചേക്കും.
ഇതിനു മുൻപ് ഹെയിൽ ബോപ് എന്ന വാൽനക്ഷത്രമായിരുന്നു നമുക്ക് വെറും കണ്ണുകൊണ്ട് കാണാൻ കഴിഞ്ഞ വാൽനക്ഷത്രം. 1997ലായിരുന്നു അതിന്റെ സന്ദര്‍ശനം.
നിയോവൈസ് വാൽനക്ഷത്രം | കടപ്പാട്: NASA
എന്തായാലും നിയോവൈസ് എന്ന ഈ വാൽനക്ഷത്രത്തെ കാണണമെന്നുള്ളവ‍‍ർ സൂര്യാസ്തമയം കാണാൻ കഴിയുന്ന എവിടെയെങ്കിലും പോയി വേണം നിൽക്കാൻ. വളരെ ഉയർന്ന കെട്ടിടത്തിന്റെ മുകളിലോ അല്ലെങ്കിൽ വളരെ വിജനമായ, മരങ്ങളുടെയും മറ്റും ശല്യമില്ലാത്ത ഇടങ്ങളിലോ ഒക്കെ നിന്ന് കാണാൻ കഴിയും. ഫ്ലാറ്റുകളുടെ ടെറസ് നല്ല ഒരു ഇടമാണ്. വടക്കു-പടിഞ്ഞാറ് ദിശയിലേക്കാണ് നോക്കേണ്ടത്. സ്കൈമാപ്പ് പോലെയുള്ള സോഫ്റ്റുവെയറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഫോൺ ഉണ്ടെങ്കിൽ കോമറ്റിന്റെ സ്ഥാനം ഏതാണ്ട് പെട്ടെന്നു കണ്ടെത്താനാവും.
വെറും കണ്ണുകൊണ്ട് കോമറ്റിനെ തിരിച്ചറിയാനാവും. ഒരു നക്ഷത്രവും അതിൽനിന്ന് വളരെ വളരെ മങ്ങിയ ഒരു വാലും ആയിട്ടാണ് കാഴ്ചയിൽ വാൽനക്ഷത്രം തോന്നുക. ടെലിസ്കോപ്പോ ബൈനോക്കുലറോ ഒക്കെ ഉണ്ടെങ്കിൽ കുറെക്കൂടി ഭംഗിയായി ഇതിനെ കാണാം. നല്ല ഒരു DSLR ക്യാമറ ഉണ്ടെങ്കിൽ മികച്ച ഫോട്ടോയെടുക്കാനും കഴിയും. നിയോവൈസ് കോമറ്റ് എന്ന് നെറ്റിൽ ഒന്നു തിരഞ്ഞുനോക്കൂ. കഴിഞ്ഞ ദിവസങ്ങളിലായി അനേകമനേകം അമച്വർ ഫോട്ടോഗ്രാഫർമാർ എടുത്ത ചിത്രങ്ങൾ കാണാൻ കഴിയും. നല്ല ഫോട്ടോഗ്രാഫർ ആണെങ്കിൽ അത്യപൂർവ്വമായ ഈ കാഴ്ചയെ പകർത്തുകയും ചെയ്യാം.
നിയോവൈസ് എന്ന ടെലിസ്കോപ്പ് | കടപ്പാട്: NASA/JPL-Caltech
ഇക്കഴിഞ്ഞ മാർച്ചിലാണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തുന്നത്. നാസയുടെ ബഹിരാകാശ ടെലിസ്കോപ്പ് ആയ നിയോവൈസ് ഉപയോഗിച്ചായിരുന്നു ഈ കണ്ടെത്തൽ. ചെറുഗ്രഹങ്ങളെയും മറ്റും കണ്ടെത്താൻ വേണ്ടി വിക്ഷേപിച്ച ഇൻഫ്രാറെഡ് ടെലിസ്കോപ്പ് ആയിരുന്നു വൈസ്. Wide-field Infrared Survey Explorer . പിന്നീട് നിയർ എർത്ത് ഒബ്ജക്റ്റുകളെ തിരിച്ചറിയാനുള്ള ടെലിസ്കോപ്പായി ഇതിനെ മാറ്റിയെടുത്തു. നിയോവൈസ് കണ്ടെത്തിയതിനാൽ അതേ പേരിലാണ് കോമറ്റും അറിയപ്പെടുന്നത്.
നിയോവൈസ് കോമറ്റ് 6000ത്തിൽ അധികം വർഷമെടുക്കും ഇനി തിരിച്ചുവരാൻ. അത്രയും ദീര്‍ഘവൃത്താകൃതിയായ ഒരു പാതയിലൂടെയാണ് ഇതു സഞ്ചരിക്കുന്നത്. ഏതാണ്ട് 5 കിലോമീറ്ററോളം വലിപ്പം വരും ഇതിന്റെ ന്യൂക്ലിയസ്സിന്.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്ന് ഈ വാൽനക്ഷത്രത്തെ കാണാൻ കഴിയുമായിരുന്നു. വളരെ മികച്ച ഫോട്ടോകൾ നിലയത്തിലുള്ളവർ എടുക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ കൂട്ടിച്ചേർത്തു നിർമ്മിച്ച നിയോവൈസ് കോമറ്റ് ഉദിച്ചുവരുന്ന വീഡിയോകളും ഇപ്പോൾ ലഭ്യമാണ്.



എന്താണ് കോമറ്റ്?
സൂര്യനെ വളരെ ദീര്‍ഘവൃത്താകൃതിയിലുള്ള പാതയിലൂടെ ചുറ്റ സഞ്ചരിക്കുന്ന ഐസ് മൂടിയ വസ്തുക്കളാണിവ. സൂര്യനടുത്ത് എത്തുമ്പോൾ ചൂടും വികിരണവും കാരണം ഈ ഐസ് കുറെ ബാഷ്പീകരിച്ച് പോവും. ഇതും പൊടിയോളം വലിപ്പമുള്ള മറ്റു വസ്തുക്കളും ചേര്‍ന്ന് കോമറ്റിൽനിന്ന് അകന്നുപോവും. അകലുക എന്നു പറഞ്ഞാൽ ലക്ഷക്കണക്കിനു കിലോമീറ്ററുകൾ ദൂരേക്കാവും പോവുക. അത്രയും ദൂരംവരെ ഈ പൊടിപടലങ്ങളും മറ്റും കിടക്കുന്നതിനാൽ ഭൂമിയിൽനിന്ന് നോക്കുമ്പോൾ അത് ഒരു വാൽപോലെ അനുഭവപ്പെടും. സൂര്യനിൽനിന്ന് അകലേക്ക് ആവും ഈ വാൽ.  ഓരോ തവണയും സൂര്യനെ സന്ദർശിച്ച് കടന്നുപോവുമ്പോഴും കോമറ്റിന്റെ കുറെ ഭാഗം ഇതുപോലെ നഷ്ടപ്പെട്ടുകൊണ്ടേ ഇരിക്കും.

---നവനീത്---
പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/07/c2020-f3-neowise-comet.html

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു