ഇതു ദോശയല്ല. ഇത് വ്യാഴം. വ്യാഴത്തിന്റെ തെക്കേധ്രുവം! | Map of Jupiter's South

വ്യാഴത്തിന്റെ തെക്കേധ്രുവം | കടപ്പാട്: NASA/JPL/Space Science Institute

ഇതു ദോശയല്ല. ഇത് വ്യാഴം. വ്യാഴത്തിന്റെ തെക്കേ ധ്രുവത്തിന്റെ ചിത്രമാണിത്. ചിത്രത്തിന്റെ കേന്ദ്രം തെക്കേധ്രുവവും അരികുകൾ മധ്യരേഖാപ്രദേശങ്ങളും ആണ്. വ്യാഴത്തിന്റെ വടക്കേധ്രുവ കാഴ്ചകൾ ഇതിൽ ഇല്ല.
കാസ്സിനി പേടകം എടുത്ത ചിത്രങ്ങളാണ് ഈ ചിത്രം നിർമ്മിക്കാൻ സഹായകരമായത്. ശനിയെക്കുറിച്ചു പഠിക്കാൻ വിക്ഷേപിച്ച പേടകമാണ് കാസ്സിനി. ശനിയിലേക്കുള്ള യാത്രമധ്യേ വ്യാഴത്തിനടുത്ത് എത്തിയപ്പോൾ വ്യാഴത്തിന്റെ കുറെ ചിത്രങ്ങൾ കാസ്സിനി പകർത്തി. 2000 ഡിസംബർ 11നും 12നും ആയി എടുത്ത ആ ചിത്രങ്ങളെ കൂട്ടിച്ചേർത്താണ് ഈ മനോഹരചിത്രം നിർമ്മിച്ചത്.
വ്യാഴത്തിലെ മേഘങ്ങളുടെ പ്രത്യേകതകൾ എല്ലാം എടുത്തുകാണിക്കുന്ന ചിത്രമാണിത്. സൗരയൂഥത്തിലെതന്നെ ഏറ്റവും വലിയ ചുഴലിക്കാറ്റ് ആയ ദി ഗ്രേറ്റ് റെഡ് സ്പോട്ടും ഈ ചിത്രത്തിൽ കാണാം. കഴിഞ്ഞ 150 വർഷമെങ്കിലും ആയി ഈ ചുഴലിക്കാറ്റ് വ്യാഴത്തിൽ വലിയ മാറ്റമില്ലാതെ തുടരുന്നു.
ചുവപ്പ്, ബ്രൗൺ, വെള്ള നിറങ്ങളിലുള്ള ബാൻഡുകളും കാണാം. വ്യാഴത്തിലെ മേഘങ്ങളുടെ പ്രത്യേകതകളാണ് ഈ നിറമാറ്റത്തിനു കാരണം. നിരന്തരം വീശുന്ന കാറ്റിനാൽ എല്ലായ്പ്പോഴും ചെറിയതോതിൽ ചലിച്ചുകൊണ്ടിരിക്കുകയാണ് ഈ മേഘങ്ങളെല്ലാം.

വ്യാഴത്തിനു ചുറ്റും ഇപ്പോൾ ജൂനോ എന്ന പേടകം ചുറ്റിക്കറങ്ങുന്നുണ്ട്. ജൂനോയുടെ ദൗത്യം വ്യാഴത്തിനെക്കുറിച്ച് ആഴത്തിൽ പഠിക്കുക എന്നതാണ്. വ്യാഴത്തിന്റെ ചിത്രമെടുക്കൽ ജൂനോയുടെ പ്രധാന ദൗത്യമല്ല. എന്നിരുന്നാലും വ്യാഴത്തിന്റെ ചിത്രമെടുക്കാനുള്ള ഒരു ക്യാമറ ജൂനോ പേടകത്തിൽ ഉണ്ട്. ജൂനോകാം എന്നാണ് ഇതിന്റെ പേര്. ഈ ക്യാമറയിൽ എടുക്കുന്ന ചിത്രങ്ങളെല്ലാം പബ്ലിക് ഡൊമെയിനിൽ നാസ പ്രസിദ്ധീകരിക്കുന്നുണ്ട്. ആർക്കുവേണമെങ്കിലും ഈ ചിത്രങ്ങളെ ഡൗൺലോഡ് ചെയ്യാം. പച്ച, ചുവപ്പ്, നീല എന്നീ ഫിൽറ്ററുകളിലൂടെ എടുക്കുന്ന ചിത്രങ്ങളാണ് ലഭ്യമാവുന്നത്. ഇവയെ കൂട്ടിച്ചേർത്ത് കളർചിത്രം നിർമ്മിച്ചെടുക്കാം. നല്ലപോലെ ഇമേജ് പ്രൊസ്സസ്സിങ് അറിയാവുന്ന ആർക്കും വളരെ മനോഹരമായ ചിത്രങ്ങൾ ഇതിൽനിന്ന് നിർമ്മിച്ചെടുക്കാവുന്നതേയുള്ളൂ. അങ്ങനെ ഉണ്ടാക്കുന്ന ചിത്രങ്ങൾ തിരികെ അവരുടെ സൈറ്റിലേക്കു വേണമെങ്കിൽ അപ്‌ലോഡ് ചെയ്യുകയും ആവാം.

വ്യാഴത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണുവാൻ ഈ ലിങ്ക് ഉപകരിക്കും. https://www.missionjuno.swri.edu/junocam/processing

എന്തായാലും വ്യാഴം ഒരു അത്ഭുതമാണ്. ശനിയും നെപ്റ്റ്യൂണും യുറാനസ്സും ഉൾപ്പടെയുള്ള സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒരുമിച്ചു ചേർന്നാലും വ്യാഴത്തിന്റെ ഭാരത്തിനു തുല്യമാവില്ല. അത്രയ്ക്കു വലുതാണത്. നേരത്തേ പറഞ്ഞ റെഡ് സ്പോട്ടുപോലും ഭൂമിയെക്കാൾ വലുതാണ്. അതേ, ഭൂമിയെക്കാൾ വലിയ ചുഴലിക്കാറ്റുകളുമായിട്ടാണ് വ്യാഴം  അങ്ങനെ കറങ്ങുന്നത്. ജൂനോ പേടകം തരുന്ന സയന്റിഫിക് ഡാറ്റയുടെ വിശകലനങ്ങൾ നടന്നുവരുന്നു. ഒരുപക്ഷേ അത്ഭുതങ്ങളുടെ വലിയ കലവറയാകും ജൂനോ ശേഖരിച്ചിട്ടുള്ള ഈ വിവരങ്ങൾ. കാത്തിരിക്കാം.

---നവനീത്...

പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/07/map-of-jupiters-south.html


Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു