മാർസ് 2020- പെർസിവിയറൻസ് - ഇൻജെന്യൂയിറ്റി - അറിയേണ്ടതെല്ലാം. | Mars 2020 | Perseverance | Ingenuity

മാർസ് 2020 പെർസിവിയറൻസ് വാഹനം ചൊവ്വയിൽ - ചിത്രകാരഭാവന | കടപ്പാട് NASA/JPL


മാർസ് 2020 നാളെ ചൊവ്വയിലേക്കു യാത്രതിരിക്കും. പെര്‍സിവിയറൻസ് എന്ന റോവറും ഇന്‍ജെന്യൂയിറ്റി എന്ന ഹെലികോപ്റ്ററുമാണ് ഈ ദൗത്യത്തിലുള്ളത്. ജൂലൈ 30ന് ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്കാണ് വിക്ഷേപണം. ഫ്ലോറിഡയിലെ കേപ് കനാവരല്‍ എയ‍ർഫോഴ്സ് സ്റ്റേഷനില്‍നിന്ന് Atlas V-541  റോക്കറ്റിലേറിയാവും പെര്‍സിവിയറൻസ് ചൊവ്വയിലേക്കു കുതിക്കുക.

വിക്ഷേപണകേന്ദ്രത്തിലേക്കു പോകുന്ന അറ്റ്ലസ് റോക്കറ്റ് | കടപ്പാട്: NASA/Joel Kowsky
ഏതാണ്ട് അഞ്ചരലക്ഷം കിലോഗ്രാമാണ് റോക്കറ്റിന്റെയും പേടകത്തിന്റെയും കൂടി ആകെ ഭാരം. ജൂലൈ 17നായിരുന്നു നേരത്തേ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ചില സാങ്കേതികകാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു

എന്നാണ് പെർസിവിയറൻസ് ചൊവ്വയിൽ എത്തുക?

നീണ്ട ഏഴു മാസത്തെ യാത്രയ്ക്കുശേഷം 2021 ഫെബ്രുവരിയിലാകും പെര്‍സിവിയറൻസ് ചൊവ്വയിലെത്തുക. ഫെബ്രുവരി 18ന് ചൊവ്വയിലെ ജസീറോ ക്രേറ്ററിൽ ലാൻഡ് ചെയ്യത്തക്ക വിധമാണ് ദൗത്യം.

എന്താണ് പെര്‍സിവിയറൻസിന്റെ ദൗത്യം?


ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോ എന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. നിരവധി മിഷനുകൾ ചൊവ്വയിലേക്ക് നമ്മൾ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അത്തരമൊരു തെളിവ് നമുക്ക് ലഭിച്ചിട്ടില്ല. എക്സ്ട്രാ ടെറസ്ട്രിയൽ ജീവൻ കണ്ടെത്താൻ സാധ്യതയുള്ള പ്രദേശമാണ് ജസീറോ ക്രേറ്റർ. ചൊവ്വയിൽ പണ്ട് ജീവനുണ്ടായിരുന്നെങ്കിൽ അതിന്റെ തെളിവുകൾ ഈ പ്രദേശത്ത് മറഞ്ഞിരിപ്പുണ്ടാവും. അത്തരം ഫോസിൽ തെളിവുകളാവും പെർസിവിയറൻസ് അന്വേഷിക്കുക.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും ജിയോളജിയെക്കുറിച്ചും പഠിക്കുക. ഭാവിയിൽ ഭൂമിയിലേക്കു കൊണ്ടുവരാൻ കഴിയുന്ന തരത്തിൽ ചൊവ്വയുടെ സാമ്പിളുകൾ ശേഖരിച്ച് സൂക്ഷിക്കുക എന്നിവയും പെർസിവിയറൻസിന്റെ ദൗത്യത്തിലുണ്ട്.

എത്ര വലിപ്പമുണ്ട് പെർസിവിയറൻസിന്?

ഒരു വലിയ കാറിനോളം വലിപ്പം വരും ഇതിന്. മൂന്നു മീറ്റർ നീളം. 2.7 മീറ്റർ വീതി. 2.2 മീറ്റർ ഉയരം. ഏകദേശം ഇത്രയുമാണ് പെർസിവിയറൻസിന്റെ വലിപ്പം. റോബോട്ടിക് കൈക്ക് 2.1 മീറ്റർ നീളമുണ്ട്. ആകെ 1025കിലോഗ്രാം ഭാരമാണ് റോവറിനുള്ളത്. കൈക്കു മാത്രം 45കിലോഗ്രാം ഭാരം വരും.

എന്തെല്ലാം ഉപകരണങ്ങളാണ് ഇതിലുള്ളത്?


ചൊവ്വയക്കുറിച്ചു പഠിക്കാൻ വേണ്ടിയുള്ള ഏഴ് ഉപകരണങ്ങൾ ഇതിലുണ്ട്.

പെർസിവിയറൻസിലെ ഉപകരണങ്ങൾ

1. Mastcam-Z - ത്രിമാനചിത്രങ്ങൾ എടുക്കാൻ കഴിവുള്ള പ്രധാന ക്യാമറ. വീഡിയോ, പനോരമിക് ചിത്രങ്ങൾ എന്നിവ എടുക്കാനും ഈ ക്യാമറയ്ക്കു കഴിയും. 24സെന്റിമീറ്റർ അകലത്തിലുള്ള രണ്ടു ക്യാമറകൾ കൂടിച്ചേർന്നതാണ് മാസ്റ്റ്കാം. 1600x1200 റസല്യൂഷനിലുള്ള ചിത്രങ്ങളാവും ഈ ക്യാമറ നമുക്കു തരുന്നത്.
2. MEDA - (The Mars Environmental Dynamics Analyzer )
ചൊവ്വയിലെ കാലാവസ്ഥയെ അറിയാൻ ഉള്ള ഉപകരണം. കാറ്റിന്റെ ദിശ, വേഗത, അന്തരീക്ഷതാപനില, ആർദ്രത, പൊടിയിലെ കണികകളുടെ വലിപ്പം തുടങ്ങിയവ MEDA അളക്കും.
3. MOXIE - (The Mars Oxygen In-Situ Resource Utilization Experiment)
ചൊവ്വയിലെ കാർബൺഡയോക്സൈഡ് നിറഞ്ഞ അന്തരീക്ഷത്തിൽനിന്ന് ഓക്സിജൻ ഉണ്ടാക്കാൻ കഴിയുമോ എന്നു പരീക്ഷിക്കാൻ വേണ്ടിയുള്ള സംവിധാനം. ഭാവിയിലെ ചൊവ്വായാത്രികർക്ക് ശ്വസിക്കാനും റോക്കറ്റിന്റെ ഇന്ധനമായും ഓക്സിജൻ നിർമ്മിക്കാനാവുമോ എന്നറിയുകയാണ് ലക്ഷ്യം. ഒരു കാർബാറ്ററിയുടെ വലിപ്പമുള്ള ഈ ഉപകരണം റോവറിന്റെ ഉള്ളിലായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു ചെടി ഓക്സിജൻ നിർമ്മിക്കുന്നപോലെയാവും മോക്സി ചൊവ്വയിൽ ഓക്സിജൻ നി‍ർമ്മിക്കുക.
4. PIXL - (The Planetary Instrument for X-ray Lithochemistry)
നവീനമായ ഒരു എക്സ്-റേ സ്പെക്ട്രോമീറ്ററാണ് പിക്സൽ. ചൊവ്വയിലെ പാറകളുടെ രാസഘടന പരിശോധിക്കുകയാണ് പിക്സലിന്റെ ലക്ഷ്യം.
ചെറിയ മൺതരിയുടെ വലിപ്പത്തിലുള്ള ഭാഗത്തേക്കുപോലും ഫോക്കസ് ചെയ്യാവുന്നതാണ് ഇതിലെ എക്സ്-റേ. അത്ര സൂക്ഷ്മമായി കല്ലിനെയും മണ്ണിനെയും പരിശോധിക്കാനാവും. ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്ന കാര്യം രാസഘടന പരിശോധിക്കുന്നതിലൂടെ മനസ്സിലാക്കാനാവും.
ഇതിലും ഒരു ക്യാമറയുണ്ട്. പാറകളുടെയും മണ്ണിന്റെയും വളരെ ക്ലോസ്അപ്പ് ആയ ചിത്രങ്ങൾ പകര്‍ത്താൻ ഈ ക്യാമറയ്ക്കു കഴിയും.
5. RIMFAX (Radar Imager for Mars' Subsurface Experiment)
മണ്ണിനടയിലെ കണ്ണ് എന്നു വിളിക്കാം റിംഫാക്സിനെ.  ചൊവ്വയുടെ മണ്ണിനടിയിലേക്ക് തുളച്ചുകയറാൻ കഴിയുന്ന റഡാർ ആണിത്. ചൊവ്വയുടെ മണ്ണിനടിയിലെ പ്രത്യേകതകൾ മനസ്സിലാക്കാൻ ഈ ഉപകരണത്തിനു കഴിയും. പത്തുമീറ്റർ അടിയിൽ ജലമോ ഐസോ ഉണ്ടെങ്കിൽ അതുവരെ കാണാം. ഒരു നാസ മിഷനിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു റഡാർ ഉപയോഗിക്കുന്നത്.
6. SHERLOC (The Scanning Habitable Environments with Raman & Luminescence for Organics & Chemicals )
ചൊവ്വയിലെ രാമൻ!  അതാണ് ഷെർലോക്. മൈക്രോബുകളും മറ്റും പണ്ട് ചൊവ്വയിലുണ്ടായിരുന്നോ എന്ന് പരിശോധിക്കലാണ് ഷെര്‍ലോകിന്റെ ലക്ഷ്യം. ഓ‍ഗാനിക് തന്മാത്രകളെയും മറ്റും കണ്ടെത്താൻ കഴിയുന്ന സ്പെക്ട്രോമീറ്ററുകളാണ് ഇതിലുള്ളത്. രാമൻ സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ചാവും രാസഘടന കണ്ടെത്തുക.  കൂടാതെ ഒരു ലേസറും നല്ലൊരു ക്യാമറയും ഉണ്ട്.
ഭാവിയിലെ മനുഷ്യദൗത്യത്തിനു വേണ്ടിയുള്ള ഒരു പരീക്ഷണവും ഷെർലോക് ചെയ്യും. സ്പേസ് സ്യൂട്ട് ഉണ്ടാക്കാനുള്ള വസ്തുക്കൾ ഇതിലുണ്ട്. ചൊവ്വയിലെ അന്തരീക്ഷവുമായി ബന്ധപ്പെടുമ്പോൾ ഈ വസ്തുക്കൾക്കു വരുന്ന മാറ്റം പഠിക്കുകയാണ് ഈ പരീക്ഷണം ചെയ്യുന്നത്. ദീർഘകാലം ഈടുനിൽക്കുന്ന സ്പേസ് സ്യൂട്ടുകൾ നി‍ർമ്മിക്കാൻ ഈ പരീക്ഷണം സഹായകരമാവും.
7. SuperCam - ചൊവ്വയിലെ കല്ലിന്റെയും മണ്ണിന്റെയും രാസഘടന തിരിച്ചറിയാനുള്ള ക്യാമറയാണിത്. ക്യാമറ, ലേസർ, സ്പെക്ട്രോമീറ്റർ എന്നിവയാണ് ഇതിലുള്ളത്. ചൊവ്വയിൽ ജീവനുണ്ടായിരുന്നോ എന്നു തിരിച്ചറിയാൻ ഇതിലൂടെ കഴിയും.


മാർസ് ഹെലിക്ടോപ്റ്റർ എന്നാൽ എന്താണ്?
മാ‍ർസ് ഹെലികോപ്റ്റർ - ഇൻജെന്യൂറ്റി | കടപ്പാട്: NASA/JPL-Caltech

ചൊവ്വയിൽ പറത്താൻ ഉദ്ദേശിക്കുന്ന ഹെലികോപ്റ്ററാണ് ഇൻെജന്യൂയിറ്റി എന്ന മാർസ് ഹെലികോപ്റ്റർ. കേവലം 2 കിലോയിൽ താഴെ മാത്രമാണ് ഇതിന്റെ ഭാരം. വലിപ്പം ഒരു ഫുട്ബോളിനോളം മാത്രവും. ഇത് ഒരു ടെക്നോളജി ഡെമോൺസ്ട്രേഷൻ ആയിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മാര്‍സ് ഹെലികോപ്റ്റർ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്?

ഭൂമിയിൽ നമ്മൾ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഒക്കെ കണ്ടിട്ടുണ്ടാവും. വായു ഉള്ളതിനാൽ മാത്രമാണ് നമുക്ക് ഹെലികോപ്റ്ററുകളും മറ്റും പറത്താൻ കഴിയുന്നത്. ചൊവ്വയിലെ സ്ഥിതി അല്പം വ്യത്യസ്തമാണ്. ചൊവ്വയ്ക്ക് അന്തരീക്ഷം ഒക്കെയുണ്ട്. പക്ഷേ മർദ്ദം വളരെ വളരെ കുറവാണ്. ഭൂമിയിലെ അന്തരീക്ഷത്തിന്റെ ഒരു ശതമാനം മാത്രം സാന്ദ്രതയേ ചൊവ്വയിലെ അന്തരീക്ഷത്തിനുള്ളൂ. അതിനാൽത്തന്നെ ഒരു ഹെലികോപ്റ്ററോ ഡ്രോണോ അവിടെ പറത്തുക ഏതാണ്ട് അസാധ്യമായ കാര്യമാണ്. ഭൂമിയിൽ 30കിലോമീറ്റർ ഉയരത്തിലുള്ള അന്തരീക്ഷത്തിനു സമാനമാണ് ചൊവ്വയിലെ ഉപരിതലത്തിലെ അന്തരീക്ഷം. ഭൂമിയിൽ സാധാരണ ഹെലികോപ്റ്ററുകൾ പറക്കുന്നതിന്റെ ഏഴ് ഇരട്ടിയോളം ഉയരം വരും ഇത്.
ഇത്രയും സാന്ദ്രത കുറഞ്ഞ അന്തരീക്ഷത്തിൽ ഒരു ഹെലികോപ്റ്റർ പറത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ഇന്ത്യയിൽ ജനിച്ച ബോബ് ബൽറാമിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. ബാറ്ററി, സോളാർ പാനൽ, ആശയവിനിമയത്തിനുള്ള ഉപകരണങ്ങൾ, ക്യാമറകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയെല്ലാം കൂടി 1.8 കിലോഗ്രാമിൽ ഒതുക്കിയെടുക്കാൻ ഇവർക്കായി. ചൊവ്വയുടെ അന്തരീക്ഷമർദ്ദം കൃത്രിമമായി ഉണ്ടാക്കിയെടുത്ത് അത്തരം ചേംബറിലാണ് പരീക്ഷണപ്പറക്കലുകൾ നടത്തിയത്. അവയെല്ലാം വിജയമായിരുന്നു എന്നതാണ് വലിയ പ്രതീക്ഷയായി നിൽക്കുന്നത്.
കനംകുറഞ്ഞ അന്തരീക്ഷത്തില്‍ ഒരു ഹെലികോപ്റ്റര്‍ പറപ്പിക്കണമെങ്കില്‍ വലിയ പങ്കകള്‍ വേണം. അവയുടെ വേഗതയും കൂടുതലാവണം. അതിലും അവർ വിജയിച്ചു. മിനിറ്റൽ 3000തവണയാണ് പങ്കകൾ കറങ്ങുക. അത്രവേഗം കറങ്ങിയാൽ മാത്രമേ അവിടെ പറക്കൽ യാഥാർത്ഥ്യമാവൂ. ഒരു മീറ്റർ നീളമുള്ള നാല് പങ്കകളാണ് ഇതിലുള്ളത്.

ഇൻജെന്യൂയിറ്റി എന്ന മാർസ് ഹെലികോപ്റ്ററിന്റെ ദൗത്യം എന്താണ്?

ഒരു ടെക്നോളജി ഡെമോൺസ്ട്രേഷനാണ് ഈ ദൗത്യം. ചൊവ്വയുടെ ഉപരിതലത്തിൽനിന്ന് നാലരമീറ്റർ വരെ മാത്രം ഉയരത്തിലാവും മാ‍ർസ് ഹെലികോപ്റ്റർ പറക്കുക. ഒന്നരമിനിറ്റാണ് ഒരു തവണ പരമാവധി പറക്കുക. ഏതാനും പറക്കലുകള്‍ മാത്രമാണ് ആദ്യദൗത്യം എന്ന നിലയില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. സൂര്യപ്രകാശമാവും ചൊവ്വാഹെലികോപ്റ്ററിന്റെ ഊര്‍ജ്ജം. മുകളിലുള്ള സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ബാറ്ററി ചാര്‍ജു ചെയ്യും. ചൊവ്വയിലെ കൊടും തണുപ്പിനെ പ്രതിരോധിക്കാനും ഈ ഊര്‍ജ്ജം വേണം. ബാക്കിയുള്ള ഊർജ്ജമേ പറക്കാൻ വേണ്ടി ഉപയോഗിക്കാനാവൂ.

മാർസ് ഹെലികോപ്റ്ററിനെ ഭൂമിയിലിരുന്ന് എങ്ങനെ നിയന്ത്രിക്കും?

ചൊവ്വയിൽ പറക്കുന്ന ഈ ഹെലികോപ്റ്ററിനെ ഒരിക്കലും ഭൂമിയിലിരുന്ന് നിയന്ത്രിക്കാനാവില്ല. ഇവിടെ നിന്ന് ഒരു സിഗ്നൽ ചൊവ്വയിലേക്ക് അയച്ചാൽ മിനിറ്റുകൾ എടുക്കും അത് അവിടെ എത്താൻ. അതിനാൽ പൂർണ്ണമായും ഓട്ടോമാറ്റിക്ക് ആയി പ്രവർത്തിക്കുന്ന ഒന്നാണ് ഇൻജെന്യൂയിറ്റി. സ്വയം തീരുമാനമെടുത്ത് പറക്കാനും ചിത്രമെടുക്കാനും ഉള്ള 'വൈഭവം' ഇൻജെന്യൂയിറ്റിക്ക് ഉണ്ട്.

25 ക്യാമറകൾ ഉണ്ട് മാർസ് 2020യിൽ എന്നു കേൾക്കുന്നു. ഇത് ശരിയാണോ?

ശരിയാണ്. ഈ ദൗത്യത്തിൽ 25 ക്യാമറകൾ ഉപയോഗിക്കുന്നുണ്ട്. പെർസിവിയറൻസ് റോവറിൽ മാത്രം 19 ക്യാമറകളാണ് ഉള്ളത്. ഒരു വിധം എല്ലാ ഉപകരണങ്ങളുടെ കൂടെയും ഒരു ക്യാമറ ഉണ്ട്. കൂടാതെ പെർസിവിയറൻസ് ചൊവ്വയിലേക്ക് ഇറങ്ങുന്ന സമയത്ത് ചൊവ്വയുടെ ഉപരിതലം കാണാൻ ഉപയോഗിക്കുന്ന ക്യാമറകളും ഇതിന്റെ ഭാഗമാണ്.

പെർസിവിയറൻസിനെ സുരക്ഷിതമായി താഴെയിറക്കാനായി ഉപയോഗിക്കുന്ന പാരച്യൂട്ട് വിടർന്നോ ഇല്ലയോ എന്നറിയാൻ ഉപയോഗിക്കുന്ന ക്യാമറയും ഉണ്ട്. രണ്ടു ക്യാമറകൾ ഇൻജന്യൂറ്റി എന്ന ഹെലികോപ്റ്ററിലും കാണാം. ചുരുക്കത്തിൽ ക്യാമറകളാൽ സമൃദ്ധമായ പേടകമാണ് പെ‍ർസിവിയറൻസ്.

ഇതെല്ലാം കൂടാതെ ഒരു കോടിയിലധികം പേരുടെ പേരുകൾ കൊത്തിയ ചിപ്പുകളും പേടകത്തിലുണ്ട്. അടുത്ത ഫെബ്രുവരിയിൽ പേടകം ചൊവ്വയിൽ ഇറങ്ങുമ്പോൾ ഇത്രയധികം ആളുകളുടെ പേരുകളും കൂടിയാവും ചൊവ്വയിലെത്തുക. Send your name to Mars എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്രയധികം ആളുകൾ ചൊവ്വയിലേക്ക് തങ്ങളുടെ പേരുകൾ അയയ്ക്കാൻ രജിസ്റ്റ‍ർ ചെയ്തത്.

---നവനീത്...
പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/07/mars-2020-perseverance-ingenuity.html

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു