ഇത് കാർത്തികക്കൂട്ടം( Pleiades)


 
ഇത് കാർത്തികക്കൂട്ടം( Pleiades). ഒരു നക്ഷത്രമല്ല, ആയിരത്തോളം നക്ഷത്രങ്ങൾ ഒരുമിച്ചുണ്ട് ഇതിൽ. വെറും കണ്ണുകൊണ്ടു നോക്കിയാൽ ആറോ ഏഴോ നക്ഷത്രത്തെ കാണാം. ഒരു ബൈനോക്കുലർ ഉപയോഗിച്ചാൽ ഇരുപതോ മുപ്പതോ എണ്ണത്തെ എണ്ണം. നല്ലൊരു ടെലിസ്കോപ്പിലൂടെ നോക്കിയാൽ ചിലപ്പോൾ അൻപതോ ഒരു പക്ഷേ നൂറോ എണ്ണത്തെ കാണാൻ കഴിയും. പക്ഷേ ഒരു സമയത്ത് കുറച്ചെണ്ണമേ കാണൂ. ടെലിസ്കോപ്പ് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ചെറുതായി മാറ്റിനോക്കേണ്ടിവരും എല്ലാത്തിനെയും കാണാം. ഈ നക്ഷത്രക്കൂട്ടത്തിന് നല്ല ഭംഗിയാണ്. അതിനൊരു കാരണമുണ്ട്. തിളക്കമുള്ളവ മിക്കവയും നീല നക്ഷത്രങ്ങളാണ്. അധികം പ്രായമില്ലാത്ത, അല്പം ചൂടു കൂടിയ നക്ഷത്രങ്ങൾ. പ്രായത്തിന്റെ കാര്യത്തിൽ ഇതിലെ മിക്ക നക്ഷത്രങ്ങളും ശിശുക്കളാണ്. എട്ടു മുതൽ പതിനഞ്ചു കോടി വർഷങ്ങൾ മാത്രം പ്രായമുള്ള ഊർജ്ജസ്വലരായ ചുറുചുറുക്കുള്ള നക്ഷത്രങ്ങൾ.

കാർത്തികക്കൂട്ടം നമ്മളോട് താരതമ്യേനെ അടുത്താണ് എന്നു പറയാം. താരതമ്യേനെയേ ഉള്ളൂ. അടുത്ത് എന്നു പറഞ്ഞാൽ ഏതാണ്ട് 350 മുതൽ 450 പ്രകാശവർഷം വരെ അകലെ!

ഇന്ന് (29-11-2020) കാർത്തികക്കൂട്ടത്തെ കാണാനാവില്ല. കാരണം ചന്ദ്രൻ അതിന്റെ തൊട്ടടുത്താണ് നിൽക്കുന്നത്. നാളയും വേണ്ട. മറ്റെന്നാളോ അതിനുശേഷമോ നോക്കിക്കോളൂ. കാർത്തികക്കൂട്ടത്തെ കണ്ടെത്താനാവും.

ചിത്രം പലോമർ നിരീക്ഷണാലയത്തിലെ ടെലിസ്കോപ്പ് ഉപയോഗിച്ച് എടുത്തതാണ്.
കടപ്പാട്: NASA, ESA, AURA/Caltech, Palomar Observatory

പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/11/pleiades.html

Comments