മുള്ളങ്കി വാങ്ങാൻ ഒന്ന് ബഹിരാകാശനിലയം വരെ പോയിട്ടു വരാം - Astronauts Harvest First Radish Crop on International Space Station

 മുള്ളങ്കി വാങ്ങാൻ ഒന്ന് ബഹിരാകാശനിലയം വരെ പോയിട്ടു വരാം


(മുള്ളങ്കി കൃഷി ചെയ്യുന്ന ചേംബറിനു മുന്നിൽ കേറ്റ് റൂബിൻസൺ)


ഇക്കഴിഞ്ഞ നവംബർ 30ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഒരു വിളവെടുപ്പ് നടന്നു. ഒരു മാസം മുൻപ് കൃഷിയിറക്കിയ  Radish (മുള്ളങ്കി) വിളഞ്ഞുപാകമായിരുന്നു. നാസയിലെ ആസ്ട്രനോട്ടും ബഹിരാകാശനിലയത്തിലെ താമസക്കാരിയും ആയ കേറ്റ് റൂബിൻസിനായിരുന്നു വിളവെടുപ്പിന്റെ ചുമതല. വിളവെടുത്ത ഇരുപതോളം മുള്ളങ്കിച്ചെടികളെ ഇപ്പോൾ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്പേസ്-എക്സിന്റെ അടുത്ത വാഹനം അവിടെയെത്തുമ്പോൾ ഈ വിളകളെ അതിൽ ഭൂമിയിലേക്കു കൊണ്ടുവരും. 


പ്ലാന്റ് ഹാബിറ്റ് -02 എന്നു പേരിട്ടിരിക്കുന്ന പരീക്ഷണത്തിൽ മുള്ളങ്കി വളർത്തിനോക്കുന്നത് ഇത് ആദ്യമായിട്ടാണ്. ഇതിനു മുൻപ് പല തരത്തിലുള്ള ചെടികൾ നിലയത്തിൽ വളർത്തി വിളവെടുത്തിട്ടുണ്ട്. മൈക്രോഗ്രാവിറ്റിയിൽ എങ്ങനെയാണ് ചെടികൾ വളരുക എന്നതിനെക്കുറിച്ച് പഠിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. മറ്റു ഗ്രഹങ്ങളിലേക്കുള്ള മനുഷ്യയാത്രകളിൽ ഭക്ഷണസ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. 


നിലയത്തിലെ ഒരു ചെറിയ ചേംബറിലാണ് ഈ പരീക്ഷണം നടത്താറ്. വിവിധ തരത്തിലുള്ള പ്രകാശത്തിൽ ചെടികളെ വളർത്താനുള്ള സജ്ജീകരണമൊക്കെ ഇതിലുണ്ട്. ചേംബറിലുള്ള ഉപകരണങ്ങൾ ഓരോ ചെടിക്കും അവശ്യമായ വെള്ളവും വളവും ഒക്കെ അതതു സമയത്ത് കൃത്യതയോടെ എത്തിച്ചു നൽകും. നിലയത്തിലുള്ളവരുടെ അധികശ്രദ്ധ ഇതിനു വേണ്ടതില്ല. വിത്തു നടാനും വിളവെടുക്കാനും മാത്രമാണ് 'കൃഷിക്കാരുടെ' പൂർണ്ണശ്രദ്ധ വേണ്ടി വരിക. നിരവധി സെൻസറുകളും ക്യാമറകളും ചെടികളുടെ വളർച്ച ശ്രദ്ധിച്ചുകൊണ്ടേയിരിക്കും. ഇതിൽനിന്ന് കിട്ടുന്ന വിവരം അപഗ്രഥിച്ചാണ് ഗവേഷണങ്ങൾ നടക്കുന്നത്. 


(27 ദിവസംകൊണ്ട് മുള്ളങ്കി വളരുന്നത് ഏതാനും സെക്കൻഡുകൾകൊണ്ടു കാണാം)


എന്തായാലും മുള്ളങ്കി വാങ്ങാൻ ഇനി നാട്ടിലെ ചന്തയിൽ മാത്രമല്ല, വേണമെങ്കിൽ ബഹിരാകാശനിലയത്തിലും പോയ് വരാവുന്നതാണ്. 

പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/12/astronauts-harvest-first-radish-crop-on.html

ചിത്രത്തിനും വീഡിയോയ്ക്കും കടപ്പാട്: NASA

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു