ഇല്ലാ, ഈ ജൂലൈയിൽ ജൂനോ പേടകം വ്യാഴത്തിൽപ്പോയി വീഴില്ല. പേടകം ഇനിയും വ്യാഴത്തെ ചുറ്റും! ഉപഗ്രഹങ്ങളെയും സന്ദർശിക്കും. Juno will continue its investigation of Jupiter through September 2025

ഇല്ലാ, ഈ ജൂലൈയിൽ ജൂനോ പേടകം വ്യാഴത്തിൽപ്പോയി വീഴില്ല. പേടകം ഇനിയും വ്യാഴത്തെ ചുറ്റും! ഉപഗ്രഹങ്ങളെയും സന്ദർശിക്കും.വ്യാഴത്തെക്കുറിച്ചു പഠിക്കാൻ 2011ൽ നാസ വിക്ഷേപിച്ച പേടകമാണ് ജൂനോ. 2016 ജൂലൈയിൽ ഇത് വ്യാഴത്തിലെത്തി.  വ്യാഴത്തിനു ചുറ്റും ദീർഘവൃത്താകൃതിയിലാണ് പേടകത്തിന്റെ സഞ്ചാരം. വ്യാഴത്തിന്റെ ഒരു കൃത്രിമോപഗ്രഹം എന്നു വിശേഷിപ്പിക്കാം. ഏതാണ്ട് 52-53 ദിവസംകൊണ്ട് ഒരു തവണ ചുറ്റി വരും. അങ്ങനെ 2021 ജൂലൈയിൽ 35ാമത്തെ ചുറ്റലോടെ തന്റെ പഠനവും ദൗത്യവും അവസാനിപ്പിച്ച് വ്യാഴത്തിൽ ചാടി ആത്മഹത്യ ചെയ്യാനായിരുന്നു പ്ലാൻ. പക്ഷേ നാസയിൽ സയന്റിസ്റ്റുകൾ ഈ പദ്ധതിയെ ഒന്നുകൂടി പരിഷ്കരിച്ചു. 42 തവണകൂടി ജൂനോ വ്യാഴത്തെ ചുറ്റിസഞ്ചരിക്കട്ടേ! Perijove എന്നാണ് ഓരോ ചുറ്റലും അറിയപ്പെടുന്നത്. 

അങ്ങനെ സഞ്ചരിക്കുന്നതിനിടയിൽ ഗാനിമേഡ്, യൂറോപ്പ, ഇയോ എന്നീ ഉപഗ്രഹങ്ങൾക്ക് അരികിൽക്കൂടി കടന്നുപോകാനും ജൂനോയ്ക്കാവും. ഈ ഉപഗ്രഹങ്ങളുടെ മനോഹരങ്ങളായ ഫോട്ടോകളെടുക്കാം, അവയെക്കുറിച്ച് പുതിയ പഠനങ്ങൾ നടത്താം. കൂടുതൽ ഓർബിറ്റുകൾ കിട്ടുന്നതോടെ വ്യാഴത്തെക്കുറിച്ചും കൂടുതൽ അറിയാനാകും.  കഴിഞ്ഞില്ല. ഒരു ദൗത്യംകൂടി ജൂനോയെ ഏൽപ്പിക്കുന്നുണ്ട്. ശനിക്കു ചുറ്റും വലയങ്ങൾ ഉള്ളതുപോലെ വ്യാഴത്തിനു ചുറ്റിലുമുണ്ട് വലയം. ഇതുപക്ഷേ വളരെ നേർത്ത വലയമാണ്. ഈ വലയത്തെക്കുറിച്ചുകൂടി പഠിക്കുന്ന കാര്യവും ഇപ്പോൾ ജൂനോ ഏറ്റെടുത്തിരിക്കുകയാണ്. ജൂനോ പേടകത്തിൽ നിരവധി ശാസ്ത്രീയ ഉപകരണങ്ങൾ ഉണ്ട്. വ്യാഴത്തിന്റെ കാന്തികമണ്ഡലത്തെക്കുറിച്ചും അന്തരീക്ഷപ്രതിഭാസങ്ങളെക്കുറിച്ചുമെല്ലാം പഠിക്കാനുള്ള പല പല ഉപകരണങ്ങൾ. പക്ഷേ ഇതിലൊന്നും ഉൾപ്പെടാത്ത ഒന്നുകൂടി ജൂനോയിലുണ്ട്. ഒരു ക്യാമറ. വ്യാഴത്തിന്റെ ചിത്രങ്ങളെടുക്കാനുള്ള ഒരു ക്യാമറ. സത്യത്തിൽ ഈ ക്യാമറ ജൂനോയുടെ ലക്ഷ്യങ്ങളിൽ ഉണ്ടായിരുന്നില്ല. പിന്നീട് പബ്ലിക് ഔട്ട്റീച്ച് എന്ന ഒറ്റ ലക്ഷ്യം മുന്നിൽക്കണ്ടാണ് ജൂനോകാം എന്ന പേരിൽ ഒരു ക്യാമറ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. പക്ഷേ ഇത് വലിയൊരു വിജയമായി മാറി. ജൂനോകാം എടുക്കുന്ന ചിത്രങ്ങളെ അപ്പപ്പോൾ ജൂനോയുടെ വെബ്സൈറ്റിൽ അതേപടി അപ്ലോഡ് ചെയ്യും. നാസയിലെ സയന്റിസ്റ്റുകൾ ഈ ചിത്രങ്ങളെ പ്രൊസ്സസ്സ് ചെയ്യാനൊന്നും മിനക്കെടുന്നില്ല. പകരം ആ ജോലി ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികളെ ഏൽപ്പിച്ചിരിക്കുകയാണ്. ആർക്കും ഈ റോ-ഇമേജുകൾ ഡൗൺലോഡ് ചെയ്തെടുത്ത് അതിനെ പ്രൊസ്സസ്സ് ചെയ്യാം. നല്ല ചിത്രങ്ങൾ നിർമ്മിച്ച് എന്തിനുവേണ്ടിയും ഉപയോഗിക്കാം. തിരികെ ജൂനോയുടെ സൈറ്റിലേക്കും അപ്ലോഡ് ചെയ്യാം. ഇന്ന് വ്യാഴത്തെക്കുറിച്ച് കിട്ടുന്ന ചിത്രങ്ങളിൽ ഒരു വലിയ പങ്ക് ഇങ്ങനെ പബ്ലിക്കിന്റെ ഭാഗത്തുനിന്ന് നിർമ്മിച്ചെടുത്തവയാണ്. 

ജൂനോയുടെ കാലാവധി ദീർഘിപ്പിച്ചതിൽ സന്തോഷിക്കുന്ന ഒരു വലിയ വിഭാഗവും ഇവർ തന്നെയാണ്. കൂടുതൽ കൂടുതൽ മനോഹരങ്ങളായി ചിത്രങ്ങൾ കിട്ടുമല്ലോ എന്ന സന്തോഷം!

എന്തായാലും 2025സെപ്തംബർ വരെയാണ് ജൂനോയുടെ ദൗത്യത്തെ നീട്ടിയിരിക്കുന്നത്. പേടകത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചില്ലെങ്കിൽ 2025 സെപ്തംബർവരെ നമുക്ക് ജൂനോയിൽനിന്ന് വിവരങ്ങൾ ശേഖരിക്കാം. 

പോസ്റ്റ് ലിങ്ക്: https://www.nscience.in/2021/01/juno-will-continue-its-investigation-of.html


Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു