ലോകത്തെ ഏറ്റവും വൃത്തിയുള്ള വസ്തു ഇന്ന് ചൊവ്വയിൽ! "Perseverance sample caching"

ലോകത്തെ ഏറ്റവും വൃത്തിയുള്ള വസ്തു ഇന്ന് ചൊവ്വയിൽ!





പെർസിവിയറൻസിനൊപ്പം ചില അപൂർവ്വവസ്തുക്കൾ കൂടി ചൊവ്വയിലെത്തും. ലോകത്തെ ഏറ്റവും വൃത്തിയുള്ള വസ്തു എന്നാണ് നാസ ഇതിനെ വിശേഷിപ്പിക്കുന്നത്. സംഗതി ഏതാനും കുഴലുകളാണ്. ചൊവ്വയിലെ സാമ്പിളുകൾ ശേഖരിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന കുഴലുകൾ. ചൊവ്വയുടെ മണ്ണു കുഴിച്ചെടുക്കുന്ന സാമ്പിളുകൾ ഈ റ്റ്യൂബുകളിൽനിറച്ച് പെർസിവിയറൻസ് തന്റെ ഉദരത്തിൽ സൂക്ഷിച്ചു വയ്ക്കും. പിന്നീടൊരു കാലത്ത് ഇവയെ ഭൂമിയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഭാവിയിൽ നടത്തുന്ന മറ്റൊരു ആളില്ലാ ദൗത്യത്തിലാവും ഈ റ്റ്യൂബുകൾ ഭൂമിയിലേക്ക് തിരികെ എത്തുന്നത്. അന്ന് ഭൂമിയിൽനിന്ന് പുറപ്പെടുന്ന മറ്റൊരു ദൗത്യത്തിലെ പേടകം പെർസിവിയറൻസുമായി കണ്ടുമുട്ടും. എന്നിട്ട് ഈ റ്റ്യൂബുകളെ കൈമാറും. റ്റ്യൂബുകളുമായി ആ ദൗത്യം തിരികെ ഭൂമിയിലെത്തും. ആരും തൊടാത്ത ചൊവ്വയിലെ മണ്ണാവും അന്നങ്ങനെ ഭൂമിയിലെത്തുക! ഈ 'തെളിവിന്റെ കുഴലുകൾ' ഭൂമിയിലെത്തിക്കഴിഞ്ഞിട്ടാവും മനുഷ്യർ ചൊവ്വയിലേക്കു യാത്ര തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വസ്തുവാകണം ഈ സാമ്പിൾ കളക്ഷൻ റ്റ്യൂബ് എന്ന കാര്യത്തിൽ നാസയിലെ ശാസ്ത്രജ്ഞർക്ക് വലിയ നിർബന്ധമാണ്. ഭൂമിയിലെ ഒന്നും ഈ റ്റ്യൂബിൽ ഉണ്ടാവരുത്. പ്രത്യേകിച്ചും ഭൂമിയിലെ ജീവരൂപങ്ങളുടെ ഒരു ഡി എൻ എ പോലും! ചൊവ്വയിൽ എന്നെങ്കിലും ജീവികൾ ഉണ്ടായിരുന്നോ എന്നു പരിശോധിക്കാനുള്ള അവസരമാണ് റ്റ്യൂബിലേറി വരുന്ന ചൊവ്വാമണ്ണ്. അതിൽ മറ്റൊരു ജീവരൂപവും കലരരുത്. അതിനാൽ അത്രയും ശ്രദ്ധയോടെ, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വസ്തുവായിട്ടാണ് ഈ റ്റ്യൂബുകളുടെ നിർമ്മാണം!
---നവനീത്...

തെളിവുകളുടെ റ്റ്യുബുകളിലൊന്നിനെ നാസ എൻജിനീയർ പരിശോധിക്കുന്നു. പെർസിവിയറൻസിലേക്ക് റ്റ്യൂബുകൾ കൂട്ടിച്ചേർക്കുന്നതിനു മുൻപു നടത്തിയ പരിശോധനയാണിത്.

കടപ്പാട്: NASA/JPL-Caltech 

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith