ചൊവ്വയിൽ 10മിനിറ്റ് ഓക്സിജൻ ശ്വസിക്കാം! MOXIE (Mars Oxygen In-Situ Resource Utilization Experiment )

 ഒരു മനുഷ്യന് 10 മിനിറ്റ് ശ്വസിക്കാനുള്ള ഓക്സിജൻ ചൊവ്വയിൽ നിർമ്മിച്ച് പേഴ്സിവിയറൻസ്!



വളരെ നേർത്ത അന്തരീക്ഷമാണ് ചൊവ്വയ്ക്ക്. അതിൽത്തന്നെ 96ശതമാനവും കാർബൺ ഡയോക്സൈഡും! കാർബൺ ഡയോക്സൈഡ് എന്നാൽ രണ്ട് ഓക്സിജനും ഒരു കാർബണും ചേർന്നതാണ്. അതായത് ഇതിൽ ഓക്സിജൻ ഉണ്ട്. ഈ ഓക്സിജനെ വേർതിരിച്ച് എടുക്കാൻ കഴിഞ്ഞാൽ! ഭൂമിയിൽ ഇതു നമ്മൾ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഈ പരീക്ഷണം ചൊവ്വയിൽപ്പോയി നടത്തിയാലോ? അതിനാണ് പേഴ്സിവിയറൻസിലെ MOXIE (Mars Oxygen In-Situ Resource Utilization Experiment ) എന്ന ഉപകരണം!

എന്തായാലും കഴിഞ്ഞ ഏപ്രിൽ 20ന് ഈ പരീക്ഷണം MOXIE വിജയകരമായി നടത്തി! ഇൻജന്യൂയ്റ്റിയെപ്പോലെ ഇതും ഒരു ടെക്നോളജി ഡെമോൺസ്ട്രേഷൻ മാത്രമാണ്. പക്ഷേ വരുംകാല ദൗത്യങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ആവേശകരമായ കാര്യമാണിത്. ചൊവ്വയിലെ കാർബൺ ഡയോക്സൈഡ് ഉപയോഗിച്ച് അവിടെത്തന്നെ ഓക്സിജൻ നിർമ്മിക്കുക!


മനുഷ്യരെ ചൊവ്വയിലിറക്കാനുള്ള പദ്ധതികൾ ഏറെ കാര്യമായി മുന്നോട്ടു പോവുകയാണ്. നമുക്കാണെങ്കിൽ ഏറ്റവും ആവശ്യമുള്ള വാതകം ഓക്സിജനും. ശ്വസിക്കാൻ മാത്രമല്ല, റോക്കറ്റുകളിലെ ഇന്ധനത്തിനും ഓക്സിജനും വേണം. സത്യത്തിൽ അതിനാണ് കൂടുതൽ ഓക്സിജൻ വേണ്ടതും. നാലു മനുഷ്യരെ ചൊവ്വയിൽനിന്ന് തിരികെ ഭൂമിയിലെത്തിക്കാൻ, ഇന്ധനത്തിനൊപ്പം നൽകേണ്ടത് 25000കിലോ ഓക്സിജനാണ്. എന്നാൽ 1000കിലോ ഓക്സിജനുണ്ടെങ്കിൽ അവർക്ക് ഒരു വർഷം ശ്വസിക്കാനുള്ള ഓക്സിജനായി. 25000കിലോ ഓക്സിജനെ ഇവിടെനിന്നേ ചൊവ്വയിലെത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ MOXIE പോലെയുള്ള 1000കിലോ വരുന്ന ഒരു ഉപകരണം ചൊവ്വയിലെത്തിക്കുക അത്ര ബുദ്ധിമുട്ടാവില്ല. അതിന്റെ ആദ്യപടിയായി ഈ പരീക്ഷണത്തെ കാണാം.

കാർബൺ ഡയോക്സൈഡിൽനിന്ന് ഓക്സിജൻ ഉണ്ടാക്കിയ ശേഷം പുറത്തുവിടുന്നത് കാർബൺ മോണോക്സൈഡാണ്. ഇത് ചൊവ്വയിലെ അന്തരീക്ഷത്തിലേക്ക് തിരികെ വിടും. വളരെ ഉയർന്ന ചൂടുവേണം ഈ പരീക്ഷണത്തിന്. 800ഡിഗ്രി സെൽഷ്യസ് താപനില! ഇത്രയും ഉയർന്ന താപനില താങ്ങാനുള്ള പ്രത്യേക പദാർത്ഥങ്ങൾകൊണ്ടാണ് MOXIE നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, ഇത്രയും ഉയർന്ന ചൂട് പുറത്തുവന്ന് പെഴ്സിവിയറൻസിലെ മറ്റ് ഉപകരണങ്ങളെ കേടുവരുത്താനും പാടില്ല. ഇതിനുള്ള സംവിധാനവും MOXIE യിലുണ്ട്. 

ഏപ്രിൽ 20ന് 5ഗ്രാം ഓക്സിജനാണ് ഈ ഉപകരണം നിർമ്മിച്ചത്. ഒരു മനുഷ്യന് 10 മിനിറ്റ് ശ്വസിക്കാൻ ഇത്രയും ഓക്സിജൻ മതി. ഓരോ മണിക്കൂറിലും 10ഗ്രാം ഓക്സിജൻ വീതം നിർമ്മിക്കാനുള്ള കഴിവ് MOXIEക്ക് ഉണ്ട്. 


പോസ്റ്റ് ലിങ്ക്: https://www.nscience.in/2021/04/10-moxie-mars-oxygen-in-situ-resource.html


Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു