ഗാനിമേഡിന്റെ ചിത്രം ഭൂമിയിലെത്തി! Image of Ganymede taken by Junocam
ഗാനിമേഡിന്റെ ചിത്രം ഭൂമിയിലെത്തി!
ഇടതുവശം - സ്റ്റെല്ലാർ റഫറൻസ് യൂണിറ്റ് സ്റ്റാർ ക്യാമറ പകർത്തിയത്. വലതുവശം - ജൂനോകാമിലെ ഗ്രീൻഫിൽറ്റർ ഉപയോഗിച്ചു പകർത്തിയത്. credit: NASA/JPL-Caltech/SwRI/MSSS/Navaneeth Krishnan S |
ജൂൺ 7ന് ഗാനിമേഡിന് അരികിൽക്കൂടി കടന്നുപോയ ജൂനോ പേടകം പകർത്തിയ രണ്ടു ചിത്രങ്ങൾ ഭൂമിയിലെത്തി. ജൂനോകാം ക്യാമറയും സ്റ്റെല്ലാർ റഫറൻസ് യൂണിറ്റ് സ്റ്റാർ ക്യാമറയും പകർത്തിയ രണ്ടു ചിത്രങ്ങൾ!
ഗ്രഹമായ ബുധനെക്കാളും വലുതാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമേഡ്. ദശാബ്ദങ്ങൾക്കു മുൻപ് ഗലീലിയോ പേടകമാണ് ഗാനിമേഡിനോട് അടുത്തു സഞ്ചരിച്ച പേടകം. ഇപ്പോഴിതാ, ജൂനോയും!
ജൂനോകാമിലെ ഗ്രീൻ ഫിൽറ്റർ ഉപയോഗിച്ച് എടുത്ത ചിത്രമാണ് ആദ്യത്തേത്. അതിനാലാണ് ബ്ലാക്ക് ആന്റ് വൈറ്റ് ആയി കാണപ്പെടുന്നത്. റെഡ്, ബ്ലൂ ഫിൽറ്ററുകളിലെ ചിത്രങ്ങൾ കൂടി കൂട്ടിച്ചേർത്താൽ ഗാനിമേഡിന്റെ യഥാർത്ഥ നിറത്തിലുള്ള ചിത്രം കിട്ടും. അടുത്ത ദിവസങ്ങളിൽത്തന്നെ അവയെല്ലാം പബ്ലിക് ഡൊമെയിനിൽ പുറത്തുവിടും. ഒരു പിക്സൽ ഒരു കിലോമീറ്റർ എന്ന റസല്യൂഷനിലാണ് ഇപ്പോഴത്തെ ചിത്രം എടുത്തിരിക്കുന്നത്.
സ്റ്റെല്ലാർ റഫറൻസ് യൂണിറ്റ് സ്റ്റാർ ക്യാമറ പകർത്തിയ ബ്ലാക്ക്ആന്റ് വൈറ്റ് ചിത്രവും ലഭ്യമായിട്ടുണ്ട്. രണ്ടാമത്തേത് ആ ചിത്രമാണ്. സൂര്യപ്രകാശം വീഴാത്ത വശത്തെ ചിത്രമാണ് സ്റ്റെല്ലാർ റഫറൻസ് ക്യാമറ പകർത്തിയത്. വ്യാഴത്തിൽനിന്ന് വരുന്ന പ്രകാശത്തിൽ മങ്ങിയ തിളക്കം മാത്രമേ ഈ വശത്തിന് ഉള്ളൂ. എന്നിരുന്നാലും സ്റ്റെല്ലാർ റഫറൻസ് യൂണിറ്റ് സ്റ്റാർ ക്യാമറയ്ക്ക് ചിത്രം പകർത്താൻ ആവശ്യമായ പ്രകാശം ലഭ്യമായിരുന്നു.
വരും ദിവസങ്ങളിൽ കൂടുതൽ ചിത്രങ്ങൾ പ്രതീക്ഷിക്കാം.
സുഹൃത്തെ എനിക്കും ഒരു ബ്ലോഗ് ഉണ്ട് സമാനമായ വാർത്ത അണ് ഞാൻ അതിൽ പങ്ക് വെക്കുന്നത് www.malayalam101.com
ReplyDelete