മൂന്നു സൂപ്പർമാസീവ് ബ്ലാക്ക്ഹോളുകൾ കൂടിച്ചേരുമ്പോൾ!

 പരസ്പരം കൂടിച്ചേരുന്ന മൂന്നു സൂപ്പർമാസീവ് ബ്ലാക്ക്ഹോളുകൾ?



സയൻസിന് ചില ഗുണങ്ങളുണ്ട്. ചില നിരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോഴായിരിക്കും അപ്രതീക്ഷിതമായി നമുക്ക് മറ്റൊരു കാര്യം മനസ്സിലാക്കാൻ കഴിയുന്നത്. വെറുതേ കണക്കുകൂട്ടലിൽ അതെന്താണെന്ന് രൂപംകിട്ടും. പിന്നെ കൃത്യമായ നിരീക്ഷണത്തിലൂടെ അതിനെ നേരിട്ടും കണ്ടെത്താം. ആസ്ട്രോണമിയിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഒട്ടും വിരളമേ അല്ല.

കഴിഞ്ഞ ആഴ്ചയിലാണ് ആസ്ട്രോണമി &  ആസ്ട്രോഫിസിക്സ് ജേണലിൽ ഒരു പേപ്പർ പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യൻ ഗവേഷകർ  ഒരു ഗംഭീര കണ്ടെത്തൽ നടത്തിയിരിക്കുന്നു. മൂന്ന് സൂപ്പർ മാസീവ് ബ്ലാക്ക് ഹോളുകൾ നമ്മുടെ അയൽപ്രപഞ്ചത്തിൽ കൂടിച്ചേരുന്നു! അതിനുള്ള തെളിവുകളും നിഗമനങ്ങളുമായിരുന്നു ആ ഗവേഷണപ്രബന്ധത്തിൽ. 


എൻജിസി7733, എൻജിസി7734 എന്നീ ഗാലക്സികൾ

തമോഗർത്തം അഥവാ ബ്ലാക്ക്ഹോൾ സയന്റിസ്റ്റുകൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട പ്രപഞ്ചവസ്തുവാണ്. തികച്ചും അത്ഭുതകരമായ ഒരു പ്രതിഭാസം. പ്രകാശത്തിനുപോലും പുറത്തേക്കുവരാൻ കഴിയാത്തത്ര ഗുരുത്വാകർഷണം ഉള്ള ഒരിടം. ഒരു സാധാരണ ബ്ലാക്ക്ഹോളിന് സൂര്യന്റെ മൂന്നു മുതൽ പത്തുവരെ ഇരട്ടി ദ്രവ്യമേ ഉണ്ടാവൂ. ഒരു വലിയ നക്ഷത്രത്തിന്റെ അവസാനം മിക്കവാറും ഒരു ബ്ലാക്ക്ഹോൾ ആയിട്ടാവും. അതിനാൽ ഒരു ഗാലക്സിയിൽ അത്തരം അനേകമനേകം ബ്ലാക്ക്ഹോളുകൾ കാണപ്പെടും. 

എന്നാൽ പല ഗാലക്സികളുടെയും കേന്ദ്രത്തിൽ കാണുന്ന ചില ബ്ലാക്ക്ഹോളുകൾ ഉണ്ട്. അവ ചെറുതൊന്നും ആയിരിക്കില്ല. സൂര്യനെക്കാൾ പത്തുലക്ഷം മുതൽ നൂറുകോടി ഇരട്ടി ദ്രവ്യമുണ്ടാകും അതിന്!  നൂറുകോടി സൂര്യന്റെ മാസുള്ള ഒരു ബ്ലാക്ക്ഹോൾ! സൂപ്പർമാസീവ് ബ്ലാക്ക്ഹോൾ എന്നാണ് ഇവയെ വിളിക്കുക. എന്തുകൊണ്ടാണ് ഇവയ്ക്ക് ഇത്രയധികം മാസ് വരുന്നത് എന്നതിന് കൃത്യമായ വിശദീകരണം ഇതുവരെ ലഭ്യമല്ല. രണ്ടു വർഷം മുൻപ് ഇത്തരമൊരു ബ്ലാക്ക്ഹോളിന്റെ ചിത്രമെടുത്തത് വലിയ വാർത്തയായിരുന്നു. 

പ്രകാശം പുറത്തേക്കുവിടാത്തതിനാൽ ബ്ലാക്ക്ഹോളിനെ നമുക്ക് നേരിട്ടു കാണാനാവില്ല. എന്നാൽ അതിനു ചുറ്റുമുള്ള വസ്തുക്കൾ ബ്ലാക്ക്ഹോളിനുള്ളിലേക്കു കടക്കുന്നത് മനസ്സിലാക്കാനാവും. ബ്ലാക്ക്ഹോളിന്റെ അതിശക്തമായ ഗുരുത്വാകർഷണത്തിൽപ്പെട്ട് അതിനുചുറ്റും കറങ്ങിക്കറങ്ങിയാവും ഇത്തരം വസ്തുക്കൾ അതിനകത്തേക്കു ചെല്ലുക. അതിനിടയിൽ ഇവ അതിതീവ്രവമായി ചൂടാവും. ഈ ചൂട് പല തരത്തിലുള്ള വൈദ്യുതകാന്തികതരംഗങ്ങളായാവും പുറത്തുവരിക. റേഡിയോതരംഗം മുതൽ ഗാമകിരണംവരെയുള്ള ഇതിലുണ്ടാവും! ഇത്തരം ശക്തമായ ഗാമാകിരണങ്ങളെയൊക്കെ നിരീക്ഷിച്ചാൽ നമുക്ക് ബ്ലാക്ക്ഹോളിന്റെ വലിപ്പത്തെക്കുറിച്ചൊക്കെ ഒരു ഐഡിയ ലഭിക്കും! 

പല ഗാലക്സികളുടെയും കേന്ദ്രത്തിൽനിന്ന് ഇത്തരം തീവ്രപ്രകാശം കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രങ്ങളിൽനിന്നല്ലാതെയുള്ള അതിശക്തമായ പ്രകാശം. ആക്റ്റീവ് ഗാലക്റ്റിക് ന്യൂക്ലിയസ് എന്നാണ് ഇത്തരം തരംഗസ്രോതസ്സുകളെ വിളിക്കുക. സൂപ്പർമാസീവ് ബ്ലാക്ക്ഹോളുകൾ ചുറ്റുമുള്ള ദ്രവ്യവുമായി ഇടപഴകുന്നതാണ് ഇതിനു കാരണമെന്നാണ് ഇപ്പോഴത്തെ ധാരണ. ഗാലക്സിയെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഈ പ്രകാശസ്രോതസ്സുകളെ നിരീക്ഷിക്കുന്നതിലൂടെ കഴിയും!

എൻജിസി7733, എൻജിസി7734. ഇങ്ങനെ രണ്ടു ഗാലക്സികളുണ്ട്. ഭൂമിയിൽനിന്നു നോക്കുമ്പോൾ പരസ്പരം വളരെ അടുത്തടുത്തായിട്ടാണ് ഇവയെ കാണുക. രണ്ടു ഗാലക്സികളും തമ്മിൽ പരസ്പരം കൂടിച്ചേരാൻ എല്ലാ സാധ്യതയും ഉണ്ടെന്നു സാരം! ഇവ പരസ്പരമുള്ള പ്രതിപ്രവർത്തനം നിരീക്ഷിച്ചാൽ ഇത്തരം ഗാലക്സികളെക്കുറിച്ച് നമുക്ക് കൂടുതൽ അറിയാനാകും. പഠിക്കാനാകും. ഇന്ത്യൻ ശാസ്ത്രജ്ഞരായ ജ്യോതി യാദവ്, മൗഷ്മി ദാസ്, സുദാംശു ബാർവേ എന്നിവരും ഫ്രാൻസിലെ ചില ശാസ്ത്രജ്ഞരും അടങ്ങിയ ഒരു സംഘം ഈ ഗാലക്സികളെ കുറെക്കാലമായി നിരീക്ഷിക്കുകയായിരുന്നു. കൂടുതൽ പഠനം നടത്തിയതോടെ ഒരു കാര്യം വ്യക്തമായി. എൻജിസി7734 എന്ന ഗാലക്സിയിൽനിന്ന് അസാധാരണമായ രീതിയിൽ പ്രകാശം പുറത്തുവരുന്നുണ്ട്. 

എൻജിസി7733യിൽനിന്നുമുണ്ട് ഇതുപോലെ ഒരു പ്രകാശഭാഗം! അവർ നിരീക്ഷണവും പഠനവും തുടർന്നു. അതോടെ മറ്റൊരു കാര്യം മനസ്സിലായി. എൻജിസി7733യിൽനിന്നുള്ള പ്രകാശഭാഗം സഞ്ചരിക്കുന്ന വേഗതയും എൻജിസി7733 എന്ന ഗാലക്സി സഞ്ചരിക്കുന്ന വേഗതയും രണ്ടും രണ്ടാണ്. പരസ്പരം മാച്ചു ചെയ്യുന്നില്ല! സാധാരണഗതിയിൽ അങ്ങനെ വരേണ്ടതല്ല. വേഗത ഒരേപോലെയല്ല എന്നാൽ അതിനർത്ഥം ആ കണ്ട പ്രകാശഭാഗം ഗാലക്സിയുടെ ഭാഗമാകണം എന്നില്ല എന്നാണ്! അങ്ങനെയാണ് ഗവേഷകർ പുതിയ നിഗമനത്തിൽ എത്തിയത്. അവർ നിരീക്ഷിച്ച പ്രകാശഭാഗം പുതിയൊരു ഗാലക്സിയുടെ ഭാഗമാകാം. എൻജിസി7733 എന്ന ഗാലക്സിയുടെ പുറകിൽ നമ്മിൽനിന്നു മറഞ്ഞിരിക്കുന്ന മറ്റൊരു ഗാലക്സി! എൻജിസി7733എൻ എന്നൊരു പേരും ഗവേഷകർ ഈ പുതിയ ഗാലക്സിക്കു നൽകി!

ഇന്ത്യയുടെ ബഹിരാകാശടെലിസ്കോപ്പ് ആയ ആസ്ട്രോസാറ്റിൽനിന്നുള്ള ഡാറ്റയാണ് ഗവേഷകരെ ഈ കണ്ടെത്തിലിനു സഹായിച്ചത്. ആസ്ട്രോസാറ്റിലെ അൾട്രാവൈലറ്റ് ഇമേജിങ് ടെലിസ്കോപ്പിലൂടെ നിരീക്ഷിച്ചപ്പോൾ കിട്ടിയ ഡാറ്റ! ഇതുകൂടാതെ ചിലിയിലെ വെരി ലാർജ് ടെലിസ്കോപ്പിന്റെ ഭാഗമായ ഇന്റഗ്രൽ ഫീൽഡ് ഒപ്റ്റിക്കൽ ടെലിസ്കോപ്പിൽനിന്നുള്ള ഡാറ്റയും സൗത്ത് ആഫ്രിക്കയിലെ ഐആർഎസ്ഏഫ് ഒപ്റ്റിക്കൽ ടെലിസ്കോപ്പിൽനിന്നുള്ള ഇൻഫ്രാറെഡ് ചിത്രങ്ങളും ഗവേഷണത്തെ ഏറെ സഹായിച്ചു. 

അൾട്രാവൈലറ്റ്, ഇൻഫ്രാറെഡ് ചിത്രങ്ങളും മൂന്നാമത്തെ ഗാലക്സിയുടെ സാന്നിദ്ധ്യത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു. ആ പ്രകാശഭാഗത്തിൽ നക്ഷത്രങ്ങൾ ജനിക്കുന്ന ചില സൂചനകൾ ഈ ചിത്രങ്ങൾ നൽകി! മൂന്നു ഗാലക്സികളിലും സൂപ്പർമാസീവ് ബ്ലാക്ക്ഹോളുകളും ഉണ്ട്. അതോടെയാണ് തങ്ങളുടെ കണ്ടെത്തൽ അപൂർവ്വമായ ഒന്നാണെന്ന് ഗവേഷകർക്കു ബോധ്യപ്പെട്ടത്. ഒരു ട്രിപ്പിൾ ആക്റ്റീവ് ഗാലക്റ്റിക് ന്യൂക്ലിയസ് സിസ്റ്റം!

രണ്ടു വലിയ ഗാലക്സികൾ അടുത്തടുത്തുവന്നാൽ അവ പുതിയൊരു ഗാലക്സിയിലേക്കുള്ള പരിണാമമാവാം. പരസ്പരം അതിശക്തമായ ഗുരുത്വാകർഷണബലമാകും ഇരുഗാലക്സികൾക്കും ഇടയിൽ ഉണ്ടാവുക. ഓരോ ഗാലക്സിയിലുമുള്ള സൂപ്പർമാസീവ് ബ്ലാക്ക്ഹോളുകളും ഇതിന്റെ ഭാഗമായി മാറും. അവ പരസ്പരം അടുത്തുവരും. രണ്ടു ബ്ലാക്ക്ഹോളുകളും ചേർന്ന് ചുറ്റുവട്ടത്തുനിന്നുള്ള പദാർത്ഥങ്ങളെ വിഴുങ്ങാൻ തുടങ്ങും. അതിശക്തമായ പ്രകാശം അതോടെ പുറത്തുവരും. ഒരു ഇരട്ട ആക്റ്റീവ് ഗാലക്റ്റിക് ന്യൂക്ലിയസ് അതോടെ രൂപപ്പെടും. 

എന്നാൽ രണ്ടു ഗാലക്സികൾ അങ്ങനെ അടുത്തുവരാമെങ്കിലും അവയ്ക്കുള്ളിലെ ബ്ലാക്ക്ഹോളുകൾ ഒരുമിച്ചു ചേരാൻ സാധ്യത വളരെ കുറവാണ്. അവയുടെ വേഗതയാണ് പ്രധാനപ്രശ്നം. മിക്കപ്പോഴും പരസ്പരം സ്വാധീനിച്ച് വളരെ വേഗതയിൽ അടുത്തുകൂടി കടന്നുപോവുകയേ ഉള്ളൂ.  ചുറ്റുവട്ടത്തുള്ള പദാർത്ഥങ്ങളിലേക്ക് തങ്ങളുടെ ഗതികോർജ്ജം (Kinetic energy) കൈമാറിയാൽ മാത്രമേ അവയ്ക്ക് പരസ്പരം കൂടുതൽ അടുക്കാനാകൂ. അങ്ങനെ സ്വന്തം ഗതികോർജ്ജം കുറെ നഷ്ടപ്പെടുത്താൻ കഴിഞ്ഞാൽ തമോഗർത്തങ്ങൾക്ക് ഇടയിലുള്ള അകലം പതിയ കുറഞ്ഞുവരും. അങ്ങനെ കുറഞ്ഞ് അവർ തമ്മിൽ 3.26 പ്രകാശവർഷം വരെ അടുക്കാം. പാർസെക് എന്നാണ് ഈ ദൂരത്തിനു പറയുന്ന പേര്. ഇതിനുശേഷം അവയ്ക്ക് തങ്ങളുടെ ഗതികോർജ്ജം കുറയ്ക്കാൻ കഴിയാത്ത അവസ്ഥവരും! അതായത് പരസ്പരം കൂടിച്ചേരൽ എന്ന പരിപാടി പിന്നീട് നടക്കില്ല! ഫൈനൽ പാർസെക് പ്രോബ്ലം (Final parsec problem) എന്നാണ് ഇത് അറിയപ്പെടുന്നത്. 

എന്നാൽ തൊട്ടടുത്ത് മറ്റൊരു ബ്ലാക്ക്ഹോൾ ഉണ്ടെങ്കിൽ കഥ മാറി!  രണ്ടു ബ്ലാക്ക്ഹോളുകൾക്കും തങ്ങളുടെ ഗതികോർജ്ജം ഈ മൂന്നാമത്തെ ബ്ലാക്ക്ഹോളിലേക്കു കൈമാറാം. അങ്ങനെ വീണ്ടും കൂടുതൽ അടുക്കുകയോ കൂടിച്ചേരുകയോ ചെയ്യാം! ഇത്തരം ട്രിപ്പിൾ ആക്റ്റീവ് ഗാലക്റ്റിക് ന്യൂക്ലിയസ്സുകൾ അത്യപൂർവ്വമായേ നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇത്തരം ട്രിപ്പിൾ ആക്റ്റീവ് ന്യൂക്സിയസ്സുകൾ കൂടുതലായി ഉണ്ടാവാം എന്നാണ് ഇന്ത്യൻ ഗവേഷകരുടെ നിഗമനം. എൻജിസി7733, എൻജിസി7734 പോലെയുള്ള ചെറുഗ്രൂപ്പുകളെ നിരീക്ഷിച്ചാൽ ഇനിയും ഒട്ടനവധി സൂപ്പർമാസീവ് ബ്ലാക്ക്ഹോളുകളെ കണ്ടെത്താനാകും എന്നു പ്രതീക്ഷയിലാണ് ഇവർ!

സയൻസ് ഇങ്ങനെയാണ്. ഒരു കാര്യത്തെ നിരീക്ഷിക്കുമ്പോഴാവും അപ്രതീക്ഷിതമായി പുതിയൊരു കാര്യം അറിയാൻ കഴിയുക! എൻജിസി7733N എന്ന പുതിയ ഗാലക്സിയുടെ കണ്ടെത്തലും അപ്രതീക്ഷിതമായിരുന്നു. സയൻസിന്റെ സൗന്ദര്യംതന്നെ ഇത്തരം നിനച്ചിരിക്കാതെ കടന്നുവരുന്ന ഇത്തരം കണ്ടെത്തലുകളിലാണ്!


ആസ്ട്രോസാറ്റ്

ഹബിൾ സ്പേസ് ടെലിസ്കോപ്പ് എന്നു കേട്ടിട്ടില്ലേ. ബഹിരാകാശത്തു സ്ഥാപിച്ചിരിക്കുന്ന ഒരു വലിയ ദൂരദർശിനി. ഇത്തരത്തിൽ ഉള്ള ഒരു സ്പേസ് ടെലിസ്കോപ്പ് ഇന്ത്യയ്ക്കും ഉണ്ട്. അതാണ് ആസ്ട്രോസാറ്റ്! ദൃശ്യപ്രകാശം മുതൽ എക്സ്-റേ വരെ നിരീക്ഷിക്കാൻ കഴിയുന്ന ഉപകരണങ്ങൾ ഇതിലുണ്ട്. അൾട്രാവൈലറ്റ് ടെലിസ്കോപ്പാണ്(

Ultra Violet Imaging Telescope -UVIT) ഇതിൽ എടുത്തു പറയേണ്ടത്. പ്രപഞ്ചവസ്തുക്കളിൽനിന്നുള്ള അൾട്രാവൈലറ്റ് പ്രകാശം നിരീക്ഷിച്ച് അതിന്റെ ചിത്രമെടുക്കാൻ കഴിയുന്ന ഒരു ടെലിസ്കോപ്പ്.  നക്ഷത്രങ്ങളിൽനിന്നുള്ള  അൾട്രാവൈലറ്റ് പ്രകാശം പൂർണ്ണമായും ഭൂമിയിലേക്ക് എത്തിച്ചേരാറില്ല. ഭൂമിയുടെ അന്തരീക്ഷം ഇത്തരം കിരണങ്ങളെ ആഗിരണം ചെയ്യുന്നതാണു കാരണം. എന്നാൽ ബഹിരാകാശത്തു സ്ഥാപിച്ചിരിക്കുന്ന ടെലിസ്കോപ്പുകൾക്ക് ഇത്തരം പ്രശ്നം ഇല്ല. കൂടുതൽ വ്യക്തമായ ചിത്രങ്ങളെടുക്കാൻ അതിനാൽത്തന്നെ ബഹിരാകാശടെലിസ്കോപ്പുകൾക്കു കഴിയും.

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി