ജിന്നി ഓർമ്മയാകുമോ? ഒരു സെൻസർ കേടായി!

 ജിന്നി ഓർമ്മയാകുമോ? ഒരു സെൻസർ കേടായി! 

🙁
------------------------------

Credits: NASA/JPL-Caltech/ASU/MSSSഭൂമിക്കു പുറത്ത് മറ്റൊരിടത്ത് ആദ്യമായി പറന്ന ഒരു വാഹനം. അതായിരുന്നു ഇൻജന്യൂറ്റി എന്ന മാർസ് ഹെലികോപ്റ്റർ. ജിന്നി എന്ന ഓമനപ്പേരിൽ ആരാധകൾ വിളിക്കുന്ന ഒരു കുഞ്ഞുഡ്രോൺ. അഞ്ചു പറക്കലുകൾ മാത്രം ലക്ഷ്യം വച്ചിരുന്ന ജിന്നി 28 പറക്കലുകളുമായി എല്ലാവരെയും അമ്പരപ്പിച്ചു നിൽക്കുകയായിരുന്നു.

പക്ഷേ ഏപ്രിൽ 29ലെ 28ാമത്തെ പറക്കലിനുശേഷം ചില പ്രശ്നങ്ങൾ നേരിട്ടു. മേയ് 3നും 4നും ജിന്നിയുമായിട്ടുള്ള കമ്യൂണിക്കേഷൻ മുറിഞ്ഞുപോയി. അവസാനം കഴിഞ്ഞ ദിവസമാണ് ജിന്നി വീണ്ടും ഉണർന്നത്. പക്ഷേ അപ്പോഴേക്കും ഒരു ദുഃഖവാർത്തകൂടി സയന്റിസ്റ്റുകളെ തേടിയെത്തി. ജിന്നിയുടെ ഒരു സെൻസർ, ഇൻക്ലിനോമീറ്റർ (inclinometer) കേടായിരിക്കുന്നു.

ചൊവ്വയിൽ മഞ്ഞുകാലത്തിന്റെ വരവാണ്. താപനില പതിവിലും കുറവായിരിക്കും. പ്രത്യേകിച്ചും രാത്രിയിൽ. -80ഡിഗ്രിയൊക്കെയാണ് പലപ്പോഴും രാത്രിതാപനില. പൊടിക്കാറ്റും ചൊവ്വയിൽ വ്യാപിക്കുകയാണ്. പകലും അതിനാൽ ആവശ്യത്തിനു പ്രകാശവും ചൂടും കിട്ടില്ല. ജിന്നി സോളാർപാനലുകൾ ഉപയോഗിച്ച് ചാർജു ചെയ്താണ് തന്റെ ഊർജ്ജാവശ്യങ്ങൾ നിറവേറ്റുന്നത്. ഇപ്പോഴുള്ള സൂര്യപ്രകാശം തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ തികയുന്നില്ല എന്ന അവസ്ഥയാണിപ്പോൾ.

ഏതു ദിവസവും ജിന്നി എന്നെന്നേയ്ക്കുമായി നമ്മെ വിട്ടുപോകാം എന്ന അങ്കലാപ്പിലാണ് മാർസ് ഹെലികോപ്റ്റർ ടീം. മേയ് 2 നു രാത്രിയിൽ ജിന്നിയുടെ ബാറ്ററി പ്രതീക്ഷച്ചതിലും കുറഞ്ഞ വോൾട്ടേജാണു കാണിച്ചത്. ജിന്നിയിലെ ഇലക്ട്രോണിക് സർക്യൂട്ടുകളെ ചൊവ്വയിലെ തണുപ്പ് സാരമായി ബാധിക്കും. ചെറിയ ചൂടു നൽകി അവയെ നിലനിർത്തിയിരുന്നത് ബാറ്ററിയിലെ ഊർജ്ജം ഉപയോഗിച്ചാണ്. പകൽ ആവശ്യമായ സൂര്യപ്രകാശം ലഭിച്ചില്ലെങ്കിൽ ഇത് സാധ്യമാവില്ല. പതിയെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് കേടുപാടുകളും വരാം.
ജിന്നി ചൊവ്വയിലെത്തിയിട്ട് 427ചൊവ്വാദിനങ്ങൾ പിന്നിട്ടു. ഇനി തണുപ്പുകാലമാണ്. അതിശൈത്യം. 600ാമത്തെ ചൊവ്വാദിനമെങ്കിലും കഴിയുമ്പോഴേ തണുപ്പുകാലം കഴിയൂ. സയന്റിസ്റ്റുകളുടെ അങ്കലാപ്പ് കൂട്ടുന്നതും ഇതുതന്നെയാണ്.

കോണളവും ഉയരവുമൊക്കെ കണക്കാക്കാൻ ജിന്നിയെ സഹായിച്ചിരുന്ന സെൻസറാണ് പണിമുടക്കിയിരിക്കുന്നത്. മറ്റു സെൻസറുകളുടെ സഹായത്തോടെ ഇനിയും പറക്കാമെങ്കിലും റിസ്ക് വളരെ കൂടുതലാണ്.
മൂന്നുതരം ഉപകരണങ്ങളാണ് ജിന്നിയുടെ പറക്കലിന് പ്രധാനമായും വേണ്ടത്. ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് എന്ന IMU, ലേസർ റേഞ്ച്ഫൈൻഡർ പിന്നെ നാവിഗേഷൻ ക്യാമറയും. ആദ്യത്തേത് ത്വരണവും മറ്റും അറിയാനാണ് ഉപയോഗിക്കുക. ചൊവ്വോപരിതലത്തിൽനിന്നുള്ള ഉയരമറിയാനാണ് ലേസർ റേഞ്ച്ഫൈൻഡർ. ക്യാമറയാകട്ടേ ചിത്രങ്ങൾ പകർത്തി നാവിഗേഷൻ സുഗമമാക്കുന്നു.

പക്ഷേ ഇതൊക്കെ പറക്കുന്ന സമയത്താണ് സഹായകം. പക്ഷേ പറക്കുന്നതിനു മുൻപുതന്നെ ജിന്നിയുടെ 'ഇരിപ്പ്' എങ്ങനെയാണെന്നറിയണം. ഹെലികോപ്റ്ററിന്റെ ചരിവും മറ്റും മനസ്സിലാക്കിയാലേ പറന്നുയരൽ സുരക്ഷിതമാകൂ. പക്ഷേ അതാണിപ്പോൾ നഷ്ടമായിരിക്കുന്നത്. ഇനി പുതിയ വഴികൾ കണ്ടെത്തണം. അൽഗോരിഥങ്ങളിൽ മാറ്റം വരുത്തി സുരക്ഷ ഉറപ്പാക്കാനാകണം.
അതിനുള്ള ഒരു വഴി സയന്റിസ്റ്റുകളുടെ മനസ്സിലുണ്ട്. ഇൻക്ലിനോമീറ്ററിലുള്ളത് രണ്ട് ആക്സിലോമീറ്ററുകളാണ്. നമ്മുടെ ഫോണുകളിലൊക്കെയുള്ളപോലെ രണ്ടെണ്ണം. ഇവയുടെ സഹായത്തോടെ പറന്നുയരുന്നതിനു മുൻപ് ചരിവും മറ്റും മനസ്സിലാക്കാനാവും. IMU എന്ന ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റിലും ഒരു ആക്സിലോമീറ്റർ ഉണ്ട്. ഇതിനെ പ്രയോജനപ്പെടുത്തി പറക്കൽ തുടരാനാണ് സയന്റിസ്റ്റുകളുടെ ശ്രമം.

എന്തായാലും ജിന്നിയെ ഒറ്റയടിക്കു മരണത്തിനു വിട്ടുകൊടുക്കാൻ നമ്മൾ തയ്യാറല്ല. ഒരു ടീം മുഴുവൻ തങ്ങളുടെ എല്ലാ കഴിവുകളും പുറത്തെടുത്ത് ജിന്നിക്ക് സുരക്ഷയൊരുക്കുന്നുണ്ട്. തണുപ്പും പൊടിക്കാറ്റും ഊർജ്ജപ്രതിസന്ധിയുമൊക്കെ മറികടന്ന് ജിന്നി ഇനിയും പറക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു