അമിട്ടും ചിമിട്ടുമല്ല. ഇത് സ്പ്രൈറ്റ്. ഇടിമിന്നൽ മേഘങ്ങൾക്കും മുകളിൽ കാണുന്ന ഇലക്ട്രിക് പ്രതിഭാസം

Credits: Copyright Thanasis Papathanasiou

 
അമിട്ടും ചിമിട്ടും ദീപാവലി ആഘോഷവും ഒന്നുമല്ല. ഇതൊരു അന്തരീക്ഷപ്രതിഭാസമാണ്. ഏതാണ്ട് എൺപതു കിലോമീറ്ററോളം മുകളിലെ അന്തരീക്ഷത്തിൽ അപൂർവമായി കാണപ്പെടുന്ന ഇനിയും പൂർണമായും പിടിതരാത്ത പ്രതിഭാസം. സ്പ്രൈറ്റ് എന്നാണ് ഇതിനെ വിളിക്കുക. ഏതാനും നിമിഷങ്ങൾ നീണ്ടുനിൽക്കുന്ന മനോഹരമായൊരു ആകാശക്കാഴ്ച.


അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ നടക്കുന്ന വൈദ്യുതപ്രതിഭാസമാണ് സ്പ്രൈറ്റ്.ഇടിമിന്നലും മഴയും ഉണ്ടാക്കുന്ന മേഘങ്ങളെക്കാൾ ഉയരത്തിലാണ് ഈ പ്രതിഭാസം ഉണ്ടാവുക. ഇവയുടെ കാരണം പൂർണ്ണമായും വ്യക്തമല്ലെങ്കിലും കൂടുതൽ സാധ്യതയും താഴെ പറയുന്നതിനാണ്. ശക്തമായ ഇടിമിന്നൽ പലപ്പോഴും വലിയ അളവിൽ ചാർജ് ഭൂമിയിലേക്കൊഴുക്കും. അതോടെ മേഘങ്ങളുടെ മുകളിൽ താത്ക്കാലികമായി വലിയതോതിൽ വിപരീത ചാർജ് രൂപപ്പെടും. ഇതിനു കുറേ മുകളിലാണ് അയണോസ്ഫിയർ. അയണീകരിക്കപ്പെട്ട തന്മാത്രകളും ആറ്റങ്ങളും ഉള്ള ഇടം. അവിടത്തെ ചാർജും മേഘങ്ങൾക്കു മുകളിൽ രൂപപ്പെട്ട ചാർജും വ്യത്യസ്തമാണെങ്കിലോ? അവയ്ക്കിടയിൽ വലിയൊരു ഇലക്ട്രിക് ഫീൽഡ് ഉണ്ടാവും. വൈദ്യുതിയുടെ ഒഴുക്കും നടക്കും. അങ്ങനെ ഇവ തമ്മിൽ ആ സമയത്ത് നടത്തുന്ന ഇലക്ട്രിക്കൽ ചാർജിന്റെ കൊടുക്കൽ വാങ്ങലുകളാണത്രേ സ്പ്രൈറ്റിനു കാരണമാകുന്നത്.
അന്തരീക്ഷത്തിന്റെ ഉയർന്ന മേഖലകളിൽ ഇതുപോലെയുള്ള മറ്റു പല പ്രതിഭാസങ്ങളും കാണപ്പെടാറുണ്ട്. അപ്പർ അറ്റ്മോസ്ഫ്ഫറിക് ലൈറ്റിങ് എന്ന് ഇവയെ വിളിക്കാറുണ്ടെങ്കിലും transient luminous event (TLE) എന്നതാണ് കുറെക്കൂടി വ്യാപകമായി ഉപയോഗിക്കുന്ന പേര്.

ഈ ചിത്രത്തെക്കുറിച്ചു പറഞ്ഞില്ല.
നാസ ഒരു സിറ്റിസൺ സയൻസ് പ്രൊജക്റ്റ് തുടങ്ങിയിട്ടുണ്ട്. സ്പ്രൈറ്റാക്കുലർ എന്നാണ് പ്രൊജക്റ്റിന്റെ പേര്. 1989ൽ എടുത്ത ഒരു ഫോട്ടോയിലാണ് തികച്ചും യാദൃച്ഛികമായി ഒരു സ്പ്രൈറ്റ് കുടുങ്ങുന്നത്. പിന്നീട് പലരും സ്പ്രൈറ്റിനെ പലപ്പോഴായി ഫോട്ടോയിലാക്കിയിട്ടുണ്ട്. നാസയുടെ പദ്ധതി കുറെക്കൂടി വ്യാപകമായി ഈ അന്തരീക്ഷപ്രതിഭാസത്തിന്റെ ഫോട്ടോയെടുക്കാനും അതിനെക്കുറിച്ച് കൂടുതൽ പഠിക്കാനുമാണ്. ഫോട്ടോയെടുത്ത സ്ഥലം, സമയം തുടങ്ങിയവയൊക്കെ ഫോട്ടോയ്ക്കൊപ്പം കൂട്ടിച്ചേർത്ത് പ്രൊജക്റ്റ് സൈറ്റിൽ അപ്ലോഡ് ചെയ്യണം.
അങ്ങനെ December 4, 2021 ന് Thanasis Papathanasiou എന്ന സിറ്റിസൺ സയന്റിസ്റ്റ് പകർത്തിയ ഫോട്ടോയാണ് പോസ്റ്റിനൊപ്പം ഉള്ളത്.

അപ്പോ TLEകളെക്കുറിച്ച് പഠിക്കാനും ഫോട്ടോയെടുക്കാനും താത്പര്യമുണ്ടേൽ വേഗം ഒരുങ്ങിയിറങ്ങൂ! ബാഹ്യാന്തരീക്ഷത്തിലെ ദീപാവലിയെ അടുത്തറിയൂ!

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു