ഭീകരതയുടെ പതിനഞ്ചു മിനിറ്റുകള്‍!
ഭീകരതയുടെ പതിനഞ്ചു മിനിറ്റുകള്‍!
![]() |
ചന്ദ്രയാന്‍ 2 ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നു. -ചിത്രകാരഭാവന കടപ്പാട്: ISRO |
ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി നാം കരുതുന്നത് വിക്രം എന്ന ലാന്‍ഡറിന്റെ സോഫ്റ്റ്‍ലാന്‍ഡിങ് ആണ്. കേടുപാടുകള്‍ കൂടാതെ വളരെ കൃത്യതയോടെ, സൂക്ഷ്മതയോടെ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യല്‍. വളരെ കുറച്ചു രാജ്യങ്ങള്‍ക്ക് ഈ സൂത്രവിദ്യ കൈവശമുള്ളൂ എന്നുമോര്‍ക്കണം.
ഭൂമിയില്‍വച്ച് പരീക്ഷിച്ചുനോക്കി ഉറപ്പാക്കാവുന്ന ഒരു സാങ്കേതികവിദ്യയല്ല മറ്റു ഗ്രഹങ്ങളിലെ സോഫ്റ്റ്‍ലാന്‍ഡിങ്. ഭൂമിക്ക് നല്ല കട്ടിയേറിയ ഒരു അന്തരീക്ഷമുണ്ട്. ചന്ദ്രനാകട്ടെ, അന്തരീക്ഷമേയില്ല. ചൊവ്വയുടെ കാര്യമെടുത്താല്‍ അവിടെ ഭൂമിയോളമില്ലെങ്കിലും മോശമല്ലാത്ത ഒരു അന്തരീക്ഷമുണ്ട്. അതു മാത്രമല്ല, ഭൂമിയുടെ ഗുരുത്വാകര്‍ഷണബലമല്ല ചന്ദ്രനിലും ചൊവ്വയിലും ടൈറ്റനിലും മറ്റും. ഓരോയിടത്തും ഓരോ ഗുരുത്വാകര്‍ഷണം. കാലാവസ്ഥയിലും ഇതേപോലെ മാറ്റം വരും. ഇതെല്ലാം പരിഗണിച്ചുവേണം സോഫ്റ്റ്‍ലാന്‍ഡിങ് എന്ന 'മൃദുവിറക്കം' പരീക്ഷിക്കാന്‍!
ചന്ദ്രനില്‍ ഇറങ്ങല്‍ ഭൂമിയില്‍വച്ച് പരീക്ഷിച്ചുനോക്കാന്‍ കഴിയുമോ എന്നു ചോദിച്ചാല്‍ ഏതാണ്ട് ഇല്ല എന്നു പറയാം. ചന്ദ്രനിലെ അന്തരീക്ഷമില്ലാത്ത അവസ്ഥ ഒരു പരിധിവരെ ഭൂമിയില്‍ സൃഷ്ടിക്കാം. പക്ഷേ കിലോമീറ്ററുകളോളം ഉയരത്തില്‍ ശൂന്യത സൃഷ്ടിച്ച് ഇതൊന്നും പരീക്ഷിച്ചുനോക്കാന്‍ കഴിയില്ല. മാത്രമല്ല ഭൂമിയിലെ ഗുരുത്വാകര്‍ഷണത്തെക്കാള്‍ ഏറെക്കുറവാണ് ചന്ദ്രനിലേത്. അതും പ്രശ്നമാകും. ഇവിടെയാണ് കണക്കുകളുടെ കളി. വളരെ കിറുകൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തി വേണം നല്ലൊരു മൃദുവിറക്കം നടത്താന്‍. ചുരുക്കത്തില്‍ ഭൂമിയിവച്ച് പൂര്‍ണ്ണമായും നടത്തിനോക്കാത്ത ഒരു പരീക്ഷണമാണ് മറ്റേത് ഗ്രഹത്തിലെയും ഉപഗ്രഹത്തിലെയും ആദ്യ മൃദുവിറക്കം!
ഇറങ്ങേണ്ട ആകാശഗോളത്തിനനുസരിച്ച് രണ്ടു തരത്തില്‍ ലാന്‍ഡിങ് ആസൂത്രണം ചെയ്യാം. അന്തരീക്ഷമുള്ളിടത്ത് പാരച്യൂട്ട്പോലെയുള്ള വിദ്യകളെ ഉപയോഗിക്കാം. അതില്ലാത്ത ചന്ദ്രനെപ്പോലെയുള്ളിടത്ത് പൂര്‍ണ്ണമായും റോക്കറ്റുകളുടെ സഹായം വേണം. റോക്കറ്റുകള്‍ എന്നാല്‍ ജി എസ് എല്‍ വി പോലെ വലിയ റോക്കറ്റുകളല്ല. ചെറുറോക്കറ്റുകള്‍ മതി. ഇത് ലാന്‍ഡറിന്റെ ഭാഗമായി ഉണ്ടാവും. നമുക്ക് ചന്ദ്രന്റെ കാര്യമെടുക്കാം. ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ വിക്രം ചന്ദ്രയാന്‍ 2ലെ ഓര്‍ബിറ്ററില്‍നിന്ന് വേര്‍പെടുമ്പോള്‍ മുതല്‍ സാങ്കേതികവിദഗ്ദരുടെയും ശാസ്ത്രജ്ഞരുടെയും നെഞ്ചിടിക്കാന്‍ തുടങ്ങും. ചന്ദ്രന്റെ ആകര്‍ഷണബലത്തിനു വിധേയമായി പതിയെ വിക്രത്തിന്റെ പരിക്രമണപഥത്തിന്റെ ഉയരം കുറച്ചുകൊണ്ടുവരണം. ഇതിനും റോക്കറ്റുകളുടെ സഹായം വേണം. റിട്രോറോക്കറ്റുകള്‍ എന്നാണ് ഇവയെ വിളിക്കുക. ചന്ദ്രന്റെ ഏതാനും കിലോമീറ്റര്‍ അടുത്തെത്തിയാല്‍പ്പിന്നെ വേഗത പരമാവധി കുറയ്ക്കണം. ഇതിന് റിട്രോറോക്കറ്റുകള്‍ ഉപയോഗിച്ചേ തീരൂ. ചന്ദ്രന്റെ നേര്‍ക്കാവും ഈ റോക്കറ്റുകള്‍ ജ്വലിക്കുക. അതോടെ ലാന്‍ഡറിന്റെ വേഗത കുറയാന്‍ തുടങ്ങും. താഴോട്ടുള്ള വേഗത പരമാവധി കുറച്ച് സുരക്ഷിതമായ ലാന്‍ഡിങിന് കഴിയുന്നത്ര വേഗത കുറച്ചുകൊണ്ടുവരണം. ഇതിന് എത്രത്തോളം ഇന്ധനം കത്തിക്കണം എന്നതൊക്കെ മുന്‍കൂട്ടി നിശ്ചയിക്കുമെങ്കിലും യഥാര്‍ത്ഥസാഹചര്യത്തില്‍ ഇതില്‍നിന്നും വ്യത്യാസം വരാം. അങ്ങനെ വരുന്ന മാറ്റം ഭൂമിയില്‍നിന്നും നിയന്ത്രിക്കാനാവില്ല. അവിടെ വേഗതയും ചന്ദ്രനിലേക്കുള്ള ദൂരവും ഒക്കെ സ്വയം കണക്കുകൂട്ടി ലാന്‍ഡര്‍തന്നെ വേണം റോക്കറ്റിന്റെ ജ്വലനം നിയന്ത്രിക്കാന്‍. ഇതിനുതകുന്ന കണക്കുകൂട്ടലുകള്‍ സ്വയം നടത്താനുള്ള കമ്പ്യൂട്ടറുകള്‍ ലാന്‍ഡറില്‍ ഉണ്ടാവും.
ചന്ദ്രയാന്റെ കാര്യത്തില്‍ പതിനഞ്ചു മിനിറ്റാണ് ലാന്‍ഡിങിനു വേണ്ടിവരുന്നത്. ഈ സമയമത്രയും ശ്വാസമടക്കിപ്പിടിച്ച് ഇരിക്കാനേ നിവൃത്തിയുള്ളൂ. ഭൂമിയില്‍നിന്നുള്ള നിയന്ത്രണത്തിനൊക്കെ ഏറെയേറെ പരിമിതിയുള്ള സമയമാണിത്. ലാന്‍ഡര്‍തന്നെ സ്വയം എല്ലാം കൈകാര്യം ചെയ്യേണ്ട അവസ്ഥ! ഭീകരതയുടെ പതിനഞ്ചു മിനിറ്റുകള്‍ എന്നാണ് ഇസ്രോ ചെയര്‍മാന്‍ ഇതിനെ വിശേഷിപ്പിച്ചത്. വരുന്ന സെപ്തംബറിലാവും ലാന്‍ഡിങ്. അന്ന് ഈ ഭീകരതയുടെ പതിനഞ്ചു മിനിറ്റുകള്‍ വിജയകരമായി കടന്നുകിട്ടാന്‍ നമുക്ക് ഡിങ്കനോട് പ്രാര്‍ത്ഥിക്കാം! അതേ, ഡിങ്കന്‍ മാത്രമാണ് ഏക വഴി!
---നവനീത്...
വാല്‍ക്കഷണം: എന്തായാലും ചന്ദ്രയാന്‍ വിക്ഷേപണം വിജയകരമായി നടന്നാലേ ഇതിനൊക്കെ പ്രസക്തിയുള്ളൂ. നാളെ ഉച്ചതിരിഞ്ഞ് ചന്ദ്രയാന്‍ വിക്ഷേപണം ആദ്യം വിജയകരമായി നടക്കട്ടേ എന്ന് നമുക്ക് ആശംസിക്കാം.
ചിത്രത്തിനു കടപ്പാട്: ISRO
Great article....... congrats Navneeth.
ReplyDelete