ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍.


ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍.

ചന്ദ്രനില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന്റെ മാത്രമല്ല, വിക്രം ലാന്‍ഡറിന്റെ തന്നെ ഫോട്ടോ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പേടകം പകര്‍ത്തിയിരുന്നു. പക്ഷേ ആ ചിത്രം പൊതുജനങ്ങള്‍ക്കായി ഇതുവരെ ISRO തുറന്നുകൊടുത്തിട്ടില്ല എന്നു മാത്രം.

ചന്ദ്രയാനെപ്പോലെ ചന്ദ്രനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന നാസയുടെ പേടകമാണ് ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (LRO). പത്തു വര്‍ഷമായി അത് ചന്ദ്രനു ചുറ്റും കറങ്ങുന്നു. ISROയുടെ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ പ്രദേശത്തിനു മുകളിലൂടെ കഴിഞ്ഞ  സെപ്തംബര്‍ 17ന് LRO കടന്നുപോയിരുന്നു. അന്ന് ആ പ്രദേശത്തിന്റെ നിരവധി ചിത്രങ്ങള്‍ പകര്‍ത്തി എല്‍ ആര്‍ ഒ യും വിക്രത്തെ കണ്ടെത്താനുള്ള ശ്രമത്തില്‍ പങ്കാളിയായിരുന്നു. ആ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ലാന്‍ഡറിന്റെ ചിത്രം പകര്‍ത്താനായില്ലെങ്കിലും ലാന്‍ഡര്‍ ഇറങ്ങിയ പ്രദേശത്തെ ഫോട്ടോ വളരെ ഭംഗിയായി എല്‍ആര്‍ഒ പകര്‍ത്തിയിട്ടുണ്ട്.

ഗര്‍ത്തങ്ങള്‍ അടയാളപ്പെടുത്തിയ ചിത്രം.
കടപ്പാട്: NASA/Goddard/Arizona State University

ചന്ദ്രനില്‍ സന്ധ്യയായിരുന്നു  ആ സമയത്ത്. സൂര്യപ്രകാശം ആ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ഉള്ള ചക്രവാളത്തില്‍നിന്നാണ് വരുന്നത്. ഉയരമുള്ള പ്രദേശങ്ങളുടെ ഒരു വശം അതിനാല്‍ത്തന്നെ നിഴലില്‍ ആയിരിക്കും. വിക്രത്തെ കണ്ടെത്തല്‍ അതിനാല്‍ അത്ര എളുപ്പമായ കാര്യം അല്ല.
ഒക്ടോബര്‍ മാസത്തില്‍ എല്‍.ആര്‍.ഒ. ഈ വഴി ഇനിയും കടന്നുപോകും. ആ സമയം ലാന്‍ഡര്‍ ഇറങ്ങിയ ഇടം പ്രകാശമാനമായിരിക്കും. അന്ന് വീണ്ടും ലാന്‍ഡറിനെ കണ്ടെത്താന്‍ ശ്രമിക്കും എന്നാണ് നാസ ഉറപ്പു നല്‍കിയിരിക്കുന്നത്.

സിംപ്ലിയസ് എന്‍, മാന്‍സിനസ് സി എന്നീ ഗര്‍ത്തങ്ങളുടെ ഇടയിലുള്ള പ്രദേശത്താണ് വിക്രം ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.  ആ പ്രദേശം ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
നാരോ ആംഗിള്‍ ക്യാമറ ചിത്രം.
കടപ്പാട്: NASA/Goddard/Arizona State University

നാസ ലാന്‍ഡറിനെ കണ്ടില്ലെങ്കിലും ചില അമച്വര്‍ ആസ്ട്രണോമര്‍മാര്‍ ലാന്‍ഡറിനെ കണ്ടെത്തി എന്ന് ട്വിറ്ററിലൂടെ അവകാശപ്പെടുന്നുണ്ട്. 2ജിബിയോളം വലിപ്പമുള്ള ഒരു tif ഇമേജ് ഫയലാണ് നാസ പുറത്തുവിട്ടത്.
ആ ചിത്രത്തില്‍ ഓരോയിടവും തിരഞ്ഞ് ചില നിഴലുകളും പൊട്ടുകളും വിക്രം ലാന്‍ഡര്‍ ആണോ എന്ന സന്ദേഹമാണ് മിക്കവര്‍ക്കും. തിരച്ചിലില്‍ പങ്കാളിയാവാന്‍ http://lroc.sese.asu.edu/posts/1128 എന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ മതി.

---നവനീത്...

ചിത്രം: 1. ഗര്‍ത്തങ്ങള്‍ അടയാളപ്പെടുത്തിയ ചിത്രം.
2. നാരോ ആംഗിള്‍ ക്യാമറ ചിത്രം. ഇതിലും റസല്യൂഷനുള്ള ചിത്രം http://lroc.sese.asu.edu/posts/1128 എന്ന ലിങ്കില്‍ ലഭ്യമാണ്.

ചിത്രങ്ങള്‍ക്കു കടപ്പാട്: NASA/Goddard/Arizona State University

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി