ചൊവ്വാകുലുക്കത്തിന്റെ ശബ്ദങ്ങള്‍ പിടിച്ചെടുത്ത് ഇന്‍സൈറ്റിലെ സീസ്മോമീറ്റര്‍!

ചൊവ്വാകുലുക്കത്തിന്റെ ശബ്ദങ്ങള്‍ പിടിച്ചെടുത്ത് ഇന്‍സൈറ്റിലെ സീസ്മോമീറ്റര്‍!

ചൊവ്വാകുലുക്കം ഉണ്ടാവുമെന്നും അതിന്റെ വിശദവിവരം അറിയാന്‍ കഴിയും എന്നൊക്കെയായിരുന്നു ചൊവ്വയിലിറങ്ങിയ ഇന്‍സൈറ്റ് പേടകത്തിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ ഏപ്രില്‍വരെ ചൊവ്വ നാണുകുണുങ്ങിയായി മിണ്ടാതെ നിന്നു. പക്ഷേ ഏപ്രില്‍ 6ന് ഒരു ചെറിയ ചൊവ്വാകുലുക്കം ഇന്‍സൈറ്റിലെ സീസ്മോമീറ്റര്‍ ( Seismic Experiment for Interior Structure (SEIS)) പിടിച്ചെടുത്തു.
പിന്നീടങ്ങോട്ട് ഇതുവരെ നൂറോളം ശബ്ദങ്ങള്‍ ഈ ഉപകരണം റെക്കോഡ് ചെയ്ത് ഭൂമിയിലേക്കയച്ചിട്ടുണ്ട്. അതില്‍ 21ശബ്ദം ചൊവ്വാകുലുക്കത്തിന്റേത് ആണെന്നാണ് നിഗമനം.

ചൊവ്വയിലെ കമ്പനങ്ങള്‍ പിടിച്ചെടുക്കുന്ന സീസ്മോമീറ്റര്‍. കടപ്പാട്: NASA/JPL-Caltech

ചൊവ്വയില്‍ വീശുന്ന കാറ്റ്, ഇന്‍സൈറ്റിലെ ഉപകരണങ്ങളുടെ അനക്കം, ഉരസല്‍ തുടങ്ങിയവ ഉണ്ടാക്കുന്ന ശബ്ദവും SEIS പിടിച്ചെടുക്കും. അതില്‍നിന്ന് ചൊവ്വാകുലുക്കത്തെ തിരിച്ചറിയുക ഏറെ ശ്രമകരമായ ഏര്‍പ്പാടാണ്. പക്ഷേ നാസയിലെ ശാസ്ത്രജ്ഞര്‍ കുത്തിയിരുന്ന് അവ തിരിച്ചറിയുന്നു.

ചൊവ്വകുലുക്കം കേട്ടാലോ
മേയ് 22നും ജൂലൈ 25നും ഉണ്ടായ രണ്ട് ചൊവ്വാകുലുക്കത്തിന്റെ ശബ്ദരേഖ നാസ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.
ആ ശബ്ദരേഖ ഇവിടെ കേള്‍ക്കാം. (ഇയര്‍ഫോണ്‍ വച്ചു കേള്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്.)


ജൂലൈ മാസത്തിലെ ചൊവ്വാകുലുക്കം


 മേയ് മാസത്തിലെ ചൊവ്വാകുലുക്കം

ചൊവ്വാകുലുക്കത്തിന്റെ ശബ്ദവും കാറ്റിന്റെ ശബ്ദവും പേടകത്തിലെ ഉപകരണങ്ങള്‍ അനങ്ങുമ്പോഴുള്ള ശബ്ദവുമെല്ലാം എങ്ങനെ വേര്‍തിരിച്ചറിയാം എന്ന് കാണിക്കുന്ന ഒരു വീഡിയോ.നാസക്കാര്‍ ഡിങ് ഡോങ് എന്നു പേരിട്ടിരിക്കുന്ന ശബ്ദരേഖ.

ഇതും ഇന്‍സൈറ്റിലെ സീസ്മോമീറ്റര്‍ റെക്കോഡ് ചെയ്തതാണ്. ചൊവ്വയിലെ താപനിലയില്‍ ഉണ്ടാവുന്ന മാറ്റം ഉപകരണങ്ങളുടെ നേരിയ ചുരുങ്ങലിനും വികാസത്തിനും ഒക്കെ കാരണമായേക്കാം. അത് ഉണ്ടാക്കുന്ന നേരിയ ശബ്ദമാവാം ഇതെന്നാണ് സൂചന. ഡിങ് ഡോങ് കേട്ടുനോക്കൂ...


---നവനീത്...

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു