എന്തൂട്ടാ ഈ മോള്‍? അവഗാഡ്രോനോടു ചോദിക്കാം!


ഇന്നലെ അന്താരാഷ്ട്ര മോള്‍ ദിനം ആയിരുന്നു! അതെന്തൂട്ടാ ഈ മോള്‍ ദിനം എന്നു മനസ്സിലാക്കണേനു മുന്നേ താഴെയുള്ള പോസ്റ്റ് വായിച്ച് വട്ടാകാന്‍ ക്ഷണിക്കുന്നു!



അന്താരാഷ്ട്രമോള്‍ ദിനത്തോട് അനുബന്ധിച്ച് compundchem.com 2014ല്‍ പുറക്കിയ ഇന്‍ഫോഗ്രാഫിക്സ്.
കടപ്പാട്: https://www.compoundchem.com/2014/10/23/moleday/


ഒരു ഗ്രാം ഹൈഡ്രജനിലെ ആറ്റങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ എത്ര സമയം വേണ്ടിവരും?

ചോദ്യം രസകരമാണ്. ഉത്തരം കണ്ടെത്തണമെങ്കില്‍ ചില കാര്യങ്ങള്‍ അറിയണം. ഒന്ന് ഒരു ഗ്രാം ഹൈഡ്രജനില്‍ എത്ര ആറ്റങ്ങളുണ്ട്? എത്ര വേഗത്തില്‍ എണ്ണാന്‍ കഴിയും?

ആദ്യത്തേതിന്റെ ഉത്തരം ഒരു പ്രത്യേക സംഖ്യയാണ്. 6.023 x 10²³. 1 കഴിഞ്ഞ് 23 പൂജ്യങ്ങള്‍ വരുന്ന വലിയൊരു സംഖ്യ!
അവഗാഡ്രോ സംഖ്യ എന്നാണ് ഇതിനെ വിളിക്കുക. 12 ഗ്രാം കാര്‍ബണിലെ ആറ്റങ്ങളുടെ എണ്ണവും ഇത്ര തന്നെ. 14 ഗ്രാം നൈട്രജനിലെ ആറ്റങ്ങളുടെ എണ്ണവും ഇത്ര തന്നെ!

അങ്ങനെ എണ്ണം കിട്ടി. ഇനി വേണ്ടത് എത്ര വേഗത്തില്‍ എണ്ണാന്‍ കഴിയും എന്നുള്ളതല്ലേ. ഒരു കൗതുകത്തിന് ഒരു സെക്കന്റില്‍ ഒരാറ്റം എന്ന രീതിയിലാണ് എണ്ണുന്നത് എന്നു കരുതിക്കോളൂ.

ഒരു മണിക്കൂര്‍ കൊണ്ട് 60x60 = 3600 ആറ്റങ്ങള്‍ എണ്ണാം.
ഒരു ദിവസം കൊണ്ട് 60x60x24 = 86400
ഒരു വര്‍ഷം കൊണ്ട് 60x60x24x365 = 31536000
അതായത് മൂന്നു കോടി പതിനഞ്ചു ലക്ഷത്തി മുപ്പത്താറായിരം!

ഒരു വര്‍ഷം ആകെയുള്ള സെക്കന്റുകള്‍ അത്രയേ ഉള്ളൂ!

പ്രപഞ്ചത്തിന്റെ പ്രായം 1400 കോടിയാണെന്നാണ് ഇപ്പോഴുള്ള അറിവ്. എന്തായാലും 1500 കോടിയില്‍ കൂടില്ല!

ഇത്രേം സമയം കൊണ്ട് എത്ര സെക്കന്റുകള്‍ കഴിഞ്ഞിട്ടുണ്ടാവും?
31536000×150000000000 = 4.7304×10¹⁸
ഹഹഹ, അപ്പോ പ്രപഞ്ചത്തിന്റെ പ്രായം പോലും പോര എണ്ണിത്തീരാന്‍!!!

പ്രപഞ്ചാരംഭം മുതല്‍ ഇങ്ങനെ എണ്ണിത്തുടങ്ങിയിരുന്നു എന്നു കരുതുക. ഇനി എത്ര കാലം കൂടി എണ്ണിയാലാണ് ഒരു ഗ്രാം ഹൈഡ്രജനിലെ ആറ്റങ്ങളുടെ എണ്ണം എണ്ണിത്തീരുക?
ഒരു സെക്കന്റില്‍ എത്ര ആറ്റം വച്ച് എണ്ണിയിരുന്നെങ്കില്‍ ഇപ്പോള്‍ എണ്ണിത്തീരുമായിരുന്നു?

രണ്ടിനും ഉത്തരം കണ്ടെത്തി സ്വയം പരിഭ്രാന്തരാകൂ!

വായിക്കാന്‍ പറഞ്ഞ പോസ്റ്റ് കഴിഞ്ഞു.

അയ്യോ, അപ്പോ മോള്‍! നേരത്തേ പറഞ്ഞ ആ അവഗാഡ്രോ സംഖ്യയില്ലേ, അതുതന്നാ മോള്‍. കെമിസ്ട്രിക്കാരുടെ അടുത്ത് ചെന്ന് ഒരു മോള്‍ ഹൈഡ്രജന്‍ തരൂ എന്നു പറഞ്ഞാ 6.023 x 10²³ ഹൈഡ്രജന്‍ ആറ്റങ്ങളെ എണ്ണിപ്പെറുക്കി തരും എന്നു പ്രതീക്ഷിക്കരുത്. പകരം ത്രാസ്സില്‍ വച്ചു തൂക്കി നോക്കി ഒരു ഗ്രാം ഹൈഡ്രജനെ എടുത്തു തരും.  എന്നിട്ടു പറയും വേണേല്‍ പോയി എണ്ണി നോക്കിക്കോളാന്‍! ഒരു മോള്‍ നൈട്രജന്‍ ചോദിച്ചാ എണ്ണാനൊന്നും നില്‍ക്കാണ്ട് കൃത്യം ഗ്രാം നൈട്രജനെ തൂക്കിയെടുത്തു തരും!  അതും എണ്ണിത്തരൂല്ലാന്നേ! :-)

എല്ലാ വര്‍ഷവും പത്താം മാസം 23ാം തീയതി അന്താരാഷ്ട്ര മോള്‍ ദിനമായി ആചരിക്കുന്നുണ്ട്. 10²³ നെ സൂചിപ്പിക്കാനാണ് പത്താം മാസമായ ഒക്ടോബര്‍ 23 തിരഞ്ഞെടുത്തിരിക്കുന്നത്. മോള്‍ദിനം സമുചിതമായി ആഘോഷിച്ചേക്കാം എന്നു കരുതി പണ്ടൊരു കെമിസ്റ്റ് ഒരു ബേക്കറിയില്‍ കയറി ഒരു മോള്‍ ലഡു ചോദിച്ചു. പാവം ബേക്കറിക്കാരി, ഇപ്പോഴും ആ ലഡു എണ്ണിക്കൊണ്ടിരിക്കാ! അപ്പോ ഒരു ചോദ്യം കൂടി. ഒരു മോള്‍ ലഡു എടുത്തു വയ്ക്കാന്‍ എന്തോരം വലിയ പാത്രം വേണ്ടി വരും???

---നവനീത്...

ഇന്‍ഫോഗ്രാഫിക്സ്: അന്താരാഷ്ട്രമോള്‍ ദിനത്തോട് അനുബന്ധിച്ച് compundchem.com 2014ല്‍ പുറക്കിയ ഇന്‍ഫോഗ്രാഫിക്സ്. കടപ്പാട്: https://www.compoundchem.com/2014/10/23/moleday/

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി