അയണോസ്ഫിയറിനെക്കുറിച്ചു പഠിക്കാന്‍ ഇനി മുതല്‍ നാസയുടെ Ionospheric Connection Explorer (ICON)


നാസയുടെ പുതിയ പര്യവേക്ഷണ ഉപഗ്രഹമായ  Ionospheric Connection Explorer (ICON) 2019  ഒക്ടോബര്‍ 11 രാവിലെ ഏഴു മണിയോടെ വിക്ഷേപിക്കും. നേരത്തേ ഒക്ടോബര്‍ 10ന് വിക്ഷേപിക്കാനാണ് നിശ്ചയിച്ചിരുന്നത്. കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് വിക്ഷേപണം തൊട്ടടുത്ത ദിവസത്തിലേക്ക് മാറ്റുകയായിരുന്നു.

Ionospheric Connection Explorer (ICON)
കടപ്പാട്: NASA Goddard's Conceptual Image Lab/B. Monroe

ഭൂമിയ്ക്കു മുകളില്‍ അന്തരീക്ഷത്തിന്റെ ഒരു പാളിയായ അയണോസ്ഫിയറിനെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. ഭൂമിയുടെ കാലാവസ്ഥയും ബഹിരാകാശകാലാവസ്ഥയും തമ്മില്‍ ചേരുന്ന ഒരു ഇടം എന്നു പറയാം. പണ്ട് ഷോര്‍ട്ട്‍വേവ് ബാന്‍ഡില്‍ റേഡിയോ പ്രക്ഷേപണം കേട്ടിരുന്നത് ഈ അന്തരീക്ഷപാളിയുടെ സഹായത്തോടെയായിരുന്നു. ഏതാനും മെഗാഹെര്‍ട്സ് ആവൃത്തി വരുന്ന എല്ലാ തരംഗങ്ങളെയും പ്രതിഫലിപ്പിക്കാന്‍ ശേഷിയുള്ള അന്തരീക്ഷപാളിയാണിത്. അമേരിക്കയുടെ റേഡിയോ നിലയം ആയ വോയിസ് ഓഫ് അമേരിക്കയുടെ പരിപാടി ഇന്ത്യയില്‍ കേള്‍ക്കാന്‍പോലും അയണോസ്ഫിയര്‍ എന്ന അന്തരീക്ഷപാളി സഹായിച്ചിരുന്നു.
നിരന്തരം മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ഇടമാണ് അയണോസ്ഫിയര്‍. രാത്രിയുള്ള അയണോസ്ഫിയറിന്റെ അവസ്ഥയല്ല പകല്‍. അത്രയും പെട്ടെന്ന് മാറ്റം വരും.  ഇവിടെയുള്ളവയെല്ലാം അയോണുകളുടെ രൂപത്തിലാണ്. അതായത് ചാര്‍ജുള്ള കണങ്ങളാണ്. അയണോസ്ഫിയറിലൂടെ ഭൂമിയെ ചുറ്റുന്ന കൃത്രിമോപഗ്രഹങ്ങള്‍ക്കെല്ലാം ഈ ചാര്‍ജുള്ള അയോണുകള്‍ ഒരു ഭീഷണിയാണ്. അതിനാല്‍ ഈ മേഖലയെക്കുറിച്ച് സമഗ്രമായി പഠിക്കുന്നത് ജിപിഎസ് അടക്കമുള്ള ഉപകരണങ്ങളുടെ മികവ് വര്‍ദ്ധിപ്പിക്കാന്‍ പ്രയോജനപ്പെടും. ബഹിരാകാശത്തുനിന്നുള്ള സൗരവാതവും ഭൂമിയിലെ കാലാവസ്ഥയും എങ്ങനെ അയണോസ്ഫിയറിനെ ബാധിക്കുന്നു എന്നു പഠിക്കാന്‍ ICON പേടകത്തിനാവും.


വിക്ഷേപണത്തിന്റെ രീതി.

ICON ന്റെ വിക്ഷേപണം പുതിയൊരു രീതിയിലാണ്. വിമാനത്തില്‍നിന്നാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്!
ഫ്ലോറിഡയിലെ കേപ്പ് കനാവെരലില്‍നിന്ന് സ്റ്റാഗേയ്സര്‍ L-1011 എന്ന വിമാനം പെഗാസസ് XL റോക്കറ്റും വഹിച്ച് പറന്നുയരും. ഈ റോക്കറ്റിനുള്ളിലാണ്  ICON പേടകം ഇരിക്കുന്നത്.  40000 അടി (12.6കിലോമീറ്റര്‍) ഉയരെവച്ച് വിമാനത്തില്‍നിന്ന് റോക്കറ്റിനെ താഴേക്കിടും.  താഴേക്കുവീണ് അഞ്ചുസെക്കന്റിനകം റോക്കറ്റിന്റെ ആദ്യ സ്റ്റേജ് ജ്വലിക്കാന്‍ തുടങ്ങും.  575കിലോമീറ്റര്‍ ഉയരെയുള്ള പരിക്രമണപഥത്തിലാവും ICON ഭൂമിയെ ചുറ്റി നിരീക്ഷണം നടത്തുന്നത്. 97മിനിറ്റുകൊണ്ട് ഭൂമിയെ ഒരു തവണ ചുറ്റിവരാന്‍ ഉപഗ്രഹത്തിനാവും. രണ്ടു വര്‍ഷമാണ് ICON ന് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.  288കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ വലിപ്പം. വലിയൊരു റഫ്രിജറേറ്ററിന്റെ അത്രയും വലിപ്പം വരും ഇതിന്.

വിക്ഷേപണം നാസ ടിവിയില്‍ ലൈവ് ആയി ഉണ്ടാവും. താഴെ ഇതു കാണാം.



---നവനീത്...

Credit: NASA Goddard's Conceptual Image Lab/B. Monroe




Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി