യൂറോപ്പയില്‍ ജലബാഷ്പം കണ്ടെത്തി

യൂറോപ്പയില്‍ ജലബാഷ്പം കണ്ടെത്തി

യൂറോപ്പയുടെ മൂന്ന് ചിത്രങ്ങള്‍. ഇടത്: വോയേജര്‍ 1 എടുത്തത്. നടുക്ക് :വോയേജര്‍ 2 എടുത്തത്. വലത്: ഗലീലിയോ പേടകം എടുത്തത്.
വ്യാഴത്തിന്റെ ഉപഗ്രഹമാണ് യൂറോപ്പ. വ്യാഴത്തിനു ചുറ്റും ഗലീലിയോ ഗലീലി കണ്ടെത്തിയ നാല് ഉപഗ്രഹങ്ങളില്‍ ഏറ്റവും ചെറുത്.  നമ്മുടെ ചന്ദ്രനെക്കാളും അല്പംകൂടി ചെറിയ ഒരു ഉപഗ്രഹം. പക്ഷേ ശാസ്ത്രജ്ഞര്‍ക്ക് ഏറെ കൗതുകമുണര്‍ത്തിയ ഒരു ആകാശഗോളംകൂടിയാണ് യൂറോപ്പ. കാരണം യൂറോപ്പയുടെ തണുത്തുറഞ്ഞ ഉപരിതലത്തിനടയില്‍  വലിയൊരു സമുദ്രം തന്നെ ഉണ്ടാവാമെന്നാണ് നിഗമനം. ദ്രാവകരൂപത്തില്‍ ജലമുണ്ടെങ്കില്‍ അവിടെ ജീവനും സാധ്യത കാണും!
എന്തായാലും ഇതുവരെ യൂറോപ്പയില്‍ ജലമുണ്ട് എന്നതിന് പൂര്‍ണ്ണമായ തെളിവൊന്നും ലഭിച്ചിരുന്നില്ല. ഉപരിതലത്തിനടയില്‍നിന്ന് ഇടയ്ക്കിടെ പുറത്തേക്കു ചീറ്റുന്നത് ജലമാകാം എന്ന സാധ്യത മാത്രം! പക്ഷേ 2016ലും 2017ലും നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞരിതാ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. ഉപരിതലത്തില്‍നിന്ന് പുറത്തേക്കു ചീറ്റിത്തെറിക്കുന്നതില്‍ ജലമുണ്ട്, ജലബാഷ്പത്തിന്റെ രൂപത്തില്‍.  ഒരു സെക്കന്റില്‍ 2360ലിറ്റര്‍ ജലമാണത്രേ യൂറോപ്പയുടെ ഉപരിതലത്തില്‍നിന്ന് പുറത്തേക്കു വരുന്നത്.

കെക്ക് നിരീക്ഷണാലയത്തിലെ വലിയ ടെലിസ്കോപ്പ് ഉപയോഗിച്ച് തുടര്‍ച്ചയായി നടത്തിയി നിരീക്ഷണമാണ് പുതിയ കണ്ടെത്തലിന് വഴിയൊരുക്കിയത്. 17 രാത്രികളാണ് അവര്‍ യൂറോപ്പയെ ഇങ്ങനെ നിരീക്ഷച്ചത്. ഉപരിതലത്തില്‍നിന്ന് പുറത്തുവരുന്ന ജലതന്മാത്രകളില്‍ സൂര്യപ്രകാശം അടിക്കുമ്പോള്‍ അതില്‍നിന്ന് ചില ഇന്‍ഫ്രാറെഡ് പ്രകാശം പുറത്തുവരും. പ്രത്യേക ഫ്രീക്വന്‍സി ഉള്ള ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍. ഈ പ്രകാശം കണ്ടെത്തിയതോടെയാണ് അവിടെ ജലം ബാഷ്പരൂപത്തില്‍ ഉണ്ട് എന്ന് ഉറപ്പിക്കാനായത്.

ഗലീലിയോ പേടകം പകര്‍ത്തിയ യൂറോപ്പയുടെ ഉപരിതലചിത്രം.

ഇപ്പോള്‍ നക്ഷത്രാന്തരസ്പേസിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വോയേജര്‍ ദൗത്യങ്ങളാണ് ആദ്യമായി യൂറോപ്പയുടെ നല്ലൊരു ഫോട്ടോ പകര്‍ത്തിയത്. പിന്നീട് നാസയുടെ ഗലീലിയോ പേടകം കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളും നമുക്ക് എത്തിച്ചുതന്നു. 2020 പകുതിയോടെ വിക്ഷേപിക്കാനുദ്ദേശിക്കുന്ന യൂറോപ്പ ക്ലിപ്പര്‍ എന്ന പേടകം യൂറോപ്പയെക്കുറിച്ച് ഏറെയേറെ വിവരം നമുക്ക് എത്തിച്ചു തരും. യൂറോപ്പയില്‍ ജലമുണ്ട് എന്ന് ഉറപ്പിച്ചതോടെ യൂറോപ്പ ക്ലിപ്പര്‍ എന്ന ദൗത്യത്തിന് കൂടുതല്‍ പ്രാധാന്യം കൈവന്നു കഴിഞ്ഞു.യൂറോപ്പ ക്ലിപ്പര്‍ ദൗത്യത്തെക്കുറിച്ച് അറിയാന്‍ https://www.nscience.in/2019/08/blog-post_21.html

---നവനീത്...

ചിത്രം: കടപ്പാട് NASA/JPLComments