അമച്വര്‍ ഗവേഷകരുടെ സഹായത്തോടെ വിക്രം ലാന്‍ഡര്‍ നാസ കണ്ടെത്തി!

അമച്വര്‍ ഗവേഷകരുടെ സഹായത്തോടെ വിക്രം ലാന്‍ഡര്‍ നാസ കണ്ടെത്തി!
ചിത്രം: പച്ച സ്പോട്ടുകള്‍ ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണ്. നീല സ്പോട്ടുകള്‍ ചന്ദ്രനിലെ മണ്ണില്‍ ഉണ്ടായ മാറ്റങ്ങളും.
ചിത്രത്തിനു കടപ്പാട്: NASA/Goddard/Arizona State University.

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിലെ പൂര്‍ണ്ണമായും വിജയിക്കാതെ പോയ ഒരു ഭാഗം വിക്രം എന്ന ലാന്‍ഡറാണ്. ചന്ദ്രോപരിതലത്തില്‍നിന്ന് അര കിലോമീറ്റര്‍ മാത്രം ഉയരെ വച്ച് ബന്ധം നഷ്ടപ്പെട്ട് തകര്‍ന്നു വീഴുകയായിരുന്നു അത്. അന്നു മുതല്‍ ലാന്‍ഡറിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇസ്രോയും നാസയും. തെര്‍മല്‍ ഇമേജ് ഉപയോഗിച്ച് വിക്രം ലാന്‍ഡറെ കണ്ടെത്തി എന്ന് ഇസ്രോ അവകാശപ്പെട്ടിരുന്നു.
ഇപ്പോഴിതാ നാസയും വിക്രം ലാന്‍ഡറെ കണ്ടെത്തിയതായി പ്രഖ്യാപിച്ചിരിക്കുന്നു. വീഴ്ചയില്‍ തകര്‍ന്ന് പല കഷണങ്ങളായി ചിതറിപ്പോയ നിലയിലാണ് ലാന്‍ഡര്‍.

ലാന്‍ഡര്‍ വീഴുന്നതിനു മുന്‍പും പിന്‍പും ഉള്ള താരതമ്യം . കടപ്പാട് : NASA/Goddard/Arizona State University

ഷണ്‍മുഖ സുബ്രഹ്മണ്യം എന്നയാളാണ് നാസ പുറത്തുവിട്ട ചിത്രം പരിശോധിച്ച് വിക്രം ലാന്‍ഡറുടെ അവശിഷ്ടങ്ങളെ ആദ്യം കണ്ടെത്തിയത്. സെപ്തംബര്‍ 26ന് നാസയുടെ ലൂണാര്‍ റിക്കനൈസസന്‍സ് ഓര്‍ബിറ്റര്‍ ( Lunar Reconnaissance Orbiter ) പുറത്തുവിട്ട ചിത്രമുണ്ട്. വളരെ വലിയ ഒരു ചിത്രം. ആ ചിത്രത്തെയാണ് ഷണ്‍മുഖ സുബ്രഹ്മണ്യന്‍ വിശകലനം ചെയ്തതും ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെ കണ്ടെത്തിയതും.

ഷണ്‍മുഖ സുബ്രഹ്മണ്യന്‍ നിര്‍ദ്ദേശിച്ച രീതി ഉപയോഗിച്ച് ലൂണാര്‍ റിക്കനൈസസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ടീം കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും  ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ പലയിടത്തും ഉണ്ടെന്നുള്ളത് സ്ഥിരീകരിക്കുകയും ആയിരുന്നു. സെപ്തംബര്‍ 17ന് പകര്‍ത്തിയ ചിത്രത്തില്‍ വേണ്ടത്ര പ്രകാശം ഇല്ലാത്തതിനാല്‍ പലതും വ്യക്തമായിരുന്നില്ല. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണ് പലതും എന്ന് സ്ഥിരീകരിക്കാന്‍ ആകുമായിരുന്നില്ല. അതിനാല്‍ ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നീ തീയതികളില്‍ എടുത്ത ചിത്രങ്ങളെക്കൂടി പരിശോധിച്ചു. മാത്രമല്ല വിക്രം ലാന്‍ഡര്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനു മുന്‍പും പിന്‍പും ഉള്ള ചിത്രങ്ങളെയും താരതമ്യപ്പെടുത്തി. അതിനു ശേഷമാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്.

ചെന്നൈ സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആണ് ഷണ്‍മുഖ സുബ്രഹ്മണ്യന്‍ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജ്യോതിശ്ശാസ്ത്രമേഖലയില്‍ ഏതൊരാള്‍ക്കും സംഭാവനകള്‍ നല്‍കാന്‍ കഴിയും എന്നതിനു തെളിവു കൂടിയാണ് ഷണ്‍മുഖത്തിന്റെ കണ്ടെത്തല്‍.

---നവനീത്...

ചിത്രം 1 : പച്ച സ്പോട്ടുകള്‍ ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണ്. നീല സ്പോട്ടുകള്‍ ചന്ദ്രനിലെ മണ്ണില്‍ ഉണ്ടായ മാറ്റങ്ങളും.
ചിത്രത്തിനു കടപ്പാട്: NASA/Goddard/Arizona State University.


Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു