സൂര്യനെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ പുറത്തു വിടാനൊരുങ്ങി നാസ!


സൂര്യനെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ പുറത്തു വിടാനൊരുങ്ങി നാസ!

സൂര്യനു മുന്നിലൂടെ കടന്നുപോകുന്ന പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ചിത്രകാരഭാവന.
കടപ്പാട്: NASA/Johns Hopkins APL

സൂര്യഗ്രഹണമാണ് ഡിസംബര്‍ 26ന്. അതിനു മുന്നേ സൂര്യനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് നാസ. പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശേഖരിച്ച സൂര്യനെക്കുറിച്ചുള്ള ആദ്യ കണ്ടെത്തലാണ് പുറത്തുവരുന്നത്!

പാര്‍ക്കര്‍ സോളാര്‍ പ്രോബ്

സൂര്യനെക്കുറിച്ച് പഠിക്കാന്‍ സൂര്യനു ചുറ്റും അയച്ച പേടകമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു വിക്ഷേപണം.  സൂര്യനു ചുറ്റും അതിദീര്‍ഘവൃത്താകാരമായ പഥത്തിലാണ് പാര്‍ക്കര്‍ പ്രോബ് സഞ്ചരിക്കുന്നത്. സൂര്യന്റെ പരമാവധി അടുത്തുകൂടി കടന്നുപോകാന്‍ കഴിയുന്ന വിധത്തിലാണ് പരിക്രമണപഥം. ഓരോ തവണ ചുറ്റി വരുമ്പോഴും കൂടുതല്‍ സൂര്യനിലേക്ക് അടുക്കാനാവും ഈ പ്രോബിന്. സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലൂടെയാവും അവസാന ലാപ്പുകളില്‍ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സഞ്ചരിക്കുക. സൂര്യന്റെ ഇത്രയും അടുത്തുകൂടി സൂര്യനെ ചുറ്റുന്ന ആദ്യത്തെ മനുഷ്യനിര്‍മ്മിത പേടകം കൂടിയാണിത്. കൊറോണയെക്കുറിച്ചുള്ള നിരവധി കണ്ടെത്തലുകള്‍ ഇതിലൂടെ ലഭിക്കും എന്നാണു പ്രതീക്ഷ!


ഇതുവരെ മൂന്നു തവണയാണ് പ്രോബ് സൂര്യനെ ചുറ്റിയിട്ടുള്ളത്. ഇക്കാലയളവില്‍ ശേഖരിച്ച വിവരങ്ങള്‍ കഴിഞ്ഞ മാസം നാസ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. ആര്‍ക്കും ഈ വിവരങ്ങള്‍ വിശകലനം ചെയ്ത് സൂര്യനെക്കുറിച്ച് കൂടുതല്‍ പഠിക്കാനാവും.

എന്തായാലും ഈ ഡാറ്റയെ ഉപയോഗിച്ച് നാസയും നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അതില്‍നിന്ന് കിട്ടിയ  ആദ്യ കണ്ടെത്തലുകള്‍ നാസ നാളെ പ്രഖ്യാപിക്കും.  ഡിസംബര്‍ 5 അതിരാവിലെ 12 മണിക്കാണ് ഇതിനുള്ള ടെലികോണ്‍ഫറന്‍സ് നടക്കുക. സൂര്യനെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ തിരുത്തിയെഴുതുന്ന കണ്ടെത്തലാണ് ഇതെന്നാണ് നാസ പറയുന്നത്. അന്നുതന്നെ നേച്ചര്‍ ജേണലിലും ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. മാത്രമല്ല ടെലികോണ്‍ഫറന്‍സിനെത്തുടര്‍ന്ന് ഈ വിഷയത്തെ സംബന്ധിച്ചുള്ള പ്രത്യേക നാസ ലൈവ് പ്രോഗ്രാമും ഉണ്ടാവും. 5നു രാവിലെ ഒന്നരയ്ക്കാണ് ഈ പ്രോഗ്രാം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാസ ടിവിയില്‍ ഈ പ്രോഗ്രാം ലഭ്യമായിരിക്കും. എന്തായാലും സൂര്യനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ പുറത്തുവിടാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം!

ടെലികോണ്‍ഫറന്‍സ് ലൈവ് : https://www.nasa.gov/live
പ്രത്യേക പ്രോഗ്രാം ലൈവ്: https://www.nasa.gov/nasasciencelive

---നവനീത്....

ചിത്രം: സൂര്യനു മുന്നിലൂടെ കടന്നുപോകുന്ന പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ചിത്രകാരഭാവന.
കടപ്പാട്: NASA/Johns Hopkins APL


Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith