നാസയിൽ ചിത്രം വരയ്ക്കുന്നവർക്കെന്താ കാര്യം? NASA Space Art
ബഹിരാകാശത്ത് മനുഷ്യർക്കു താമസിക്കാൻ ഒരു കോളനി! അത് എങ്ങനെയിരിക്കും? എന്തു വലിപ്പം അതിനുണ്ടാവും? എത്ര മനോഹാരിതയുണ്ടാകും അതിന്? വലിപ്പം എത്രയുണ്ടാവും? എന്തായിരിക്കും അതിന്റെ ഡിസൈൻ?...
ഇതെല്ലാം നാളത്തേക്കുള്ള സ്വപ്നങ്ങളല്ല. ഇന്നലെകളിൽ പല മനുഷ്യരും കണ്ട സ്വപ്നങ്ങളാണ്. അത്തരം സ്വപ്നങ്ങൾക്ക് നിറം പകരാൻ നല്ല ആർട്ടിസ്റ്റുകൾക്കേ കഴിയുമായിരുന്നുള്ളൂ. 1970കളിൽ നാസ അത്തരമൊരു പ്രൊജക്റ്റിനു രൂപം കൊടുത്തിരുന്നു. സ്പേസ് കോളനികൾ എങ്ങനെയിരിക്കും എന്ന് പല ചിത്രകാരരും അന്ന് നമുക്ക് കാണിച്ചുതന്നു. വെറുതേ വരയ്ക്കുകയായിരുന്നില്ല. സയന്റിസ്റ്റുകളുടെ പിന്തുണയോടെയുള്ള കലാസൃഷ്ടികളായിരുന്നു അവ. ഒരിക്കൽ യഥാർത്ഥ്യമാവാൻ സാധ്യതയുള്ള ചിന്തകളെ ഏറ്റവും മനോഹാരിതയോടെ, എന്നാൽ ശാസ്ത്രീയമായി വരച്ചെടുത്ത് പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്ന പ്രൊജക്റ്റ്.
അന്ന് റിക്ക് ഗൈഡസ് ( Rick Guidice) എന്ന ആർട്ടിസ്റ്റ് വരച്ച ചിത്രമാണ് പോസ്റ്റിനൊപ്പം. ഉഴുന്നുവടയുടെ ആകൃതിയിലുള്ള സ്പേസ് സ്റ്റേഷന്റെ ഒരു ഭാഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. നിശ്ചിതവേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുകയാണെങ്കിൽ ഭൂമിയുടേതുപോലെ ഗ്രാവിറ്റിയും ഉണ്ടാകും. അങ്ങനെ അതിഭീമമായ വലിപ്പമുള്ള ഒരു ആകാശക്കപ്പൽ! (ആ പദ്ധതിയിൽ രചിക്കപ്പെട്ട ചില ചിത്രങ്ങൾ ഇവിടെ കാണാം - https://www.flickr.com/photos/nasacommons/albums/72157644439092941/with/13889485757/)
സയൻസിനെയും പൊതുജനത്തെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള കണ്ണികളായിട്ടാണ് അന്ന് ആർട്ട് പ്രോഗ്രാമുകളെ നാസ വിഭാവനം ചെയ്തത്. അത്തരം പദ്ധതികൾ ഇന്നും തുടരുന്നുണ്ട്. ബഹിരാകാശദൗത്യങ്ങളുടെ ചിത്രീകരണം നിർവ്വഹിക്കുന്നത് ആർട്ടിസ്റ്റുകൾ ആയിരിക്കും. ചിത്രകാരഭാവന എന്ന കടപ്പാടോടെയാണ് അത്തരം ചിത്രങ്ങൾ നാസയും മറ്റു ബഹിരാകാശ ഏജൻസികളും പങ്കുവയ്ക്കാറ്.
നാസയിൽ ആർട്ടിസ്റ്റുകളുടെ വലിയൊരു പാനൽ ഉണ്ട്. സയന്റിസ്റ്റുകളുടെ മനസ്സിലെ ആശയങ്ങളെ കാൻവാസിലേക്കു പകർത്തുന്ന ആർട്ടിസ്റ്റുകൾ. സൗരേതരഗ്രഹങ്ങളുടെ കണ്ടെത്തലോടെ അത്തരം ഗ്രഹങ്ങൾ എങ്ങനെയിരിക്കും എന്ന് പലരും ചിന്തിച്ചു തുടങ്ങിയിരുന്നു. അത്തരക്കാരെ തൃപ്തിപ്പെടുത്തുന്ന ഒരു പ്രോഗ്രാമായിരുന്നു കുറച്ചുനാൾ മുൻപ് നാസ ചെയ്ത Exoplanet Travel Bureau. (https://exoplanets.nasa.gov/alien-worlds/exoplanet-travel-bureau/). സൗരേതരഗ്രഹങ്ങൾ എങ്ങനെയിരിക്കും എന്ന് സയന്റിസ്റ്റുകളുടെ സഹായത്തോടെ ആർട്ടിസ്റ്റുകൾ നമുക്ക് കാണിച്ചുതരുന്നുണ്ട് ഇതിൽ.
പോസ്റ്റ് ലിങ്ക്: https://www.nscience.in/2020/12/nasa-space-art.html
ചിത്രത്തിനു കടപ്പാട്: NASA's Ames Research Center/Rick Guidice
Comments
Post a Comment