സൗരയൂഥത്തിനു പുറത്തുനിന്നു വന്ന ബോരിസോവ് എന്ന വാല്‍ക്ഷത്രത്തിന്റെ ഫോട്ടോയെടുത്ത് ഹബിള്‍ സ്പേസ് ടെലിസ്കോപ്പ്


ഹബിള്‍ ടെലിസ്കോപ്പ് എടുത്ത 2ഐ/ബോരിസോവ് വാല്‍നക്ഷത്രത്തിന്റെ ചിത്രം.
കടപ്പാട്: NASA, ESA and J. DePasquale (STScI)


ഒരു സെക്കന്‍ഡില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു  വസ്തുവിന്റെ ഫോട്ടോ.  അതും ഏറെ വിശേഷപ്പെട്ട ഒരു വസ്തുവിന്റേത്. ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രമാണിത്. സൗരയൂഥത്തിനു പുറത്തുനിന്ന് വരുന്ന നമുക്കറിയാവുന്ന മനുഷ്യചരിത്രത്തിലെ രണ്ടാമത്തെ അതിഥി. 2ഐ/ബോരിസോവ് എന്ന ഇന്റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രം.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്, സെപ്തംബര്‍ 24നാണ് ആ പ്രഖ്യാപനം ഔദ്യോഗികമായി ഉണ്ടായത്. 2ഐ/ബോരിസോവ് എന്ന വാല്‍നക്ഷത്രം ഒരു ഇന്റര്‍സ്റ്റെല്ലാര്‍ അതിഥി ആണെന്ന്.

ഹാലിയുടെ വാല്‍നക്ഷത്രം ഉള്‍പ്പടെ അനേകമനേകം വാല്‍നക്ഷത്രങ്ങളെ നമ്മള്‍ നിരീക്ഷിച്ചിട്ടുണ്ട്. ഫോട്ടോയെടുത്തിട്ടുണ്ട്. എന്തിനേറെ വാല്‍നക്ഷത്രത്തിലേക്ക് പേടകം വിട്ട് അതില്‍നിന്നുള്ള സാമ്പിള്‍ വരെ ശേഖരിച്ച് നാം ഭൂമിയിലെത്തിച്ചിട്ടുണ്ട്.
പക്ഷേ നമ്മള്‍ കണ്ടിട്ടുള്ള എല്ലാ വാല്‍നക്ഷത്രങ്ങളും ഇതുവരെ സൗരയൂഥത്തിന്റെ ഉള്ളില്‍ത്തന്നെയുള്ളവയാണ്.  സൗരയൂഥത്തിനു പുറത്തുനിന്ന് ഒരു വസ്തു ഇവിടെയെത്തുക എന്നു പറഞ്ഞാല്‍ അതൊരു ചരിത്രസംഭവമാണ്. ശാസ്ത്രലോകത്തിന് ഏറെ പഠിക്കാനും അറിയാനും ഉള്ള അപൂര്‍വാവസരവും. അത്തരത്തിലുള്ള ആദ്യ അവസരം നമുക്ക് ഒരുക്കിത്തന്നത് ഔമുവാമുവ എന്ന വലിയൊരു പാറക്കല്ല് ആയിരുന്നു, 2017ല്‍. അതിനുശേഷം ഇപ്പോഴിതാ ബോരിസോവ് എന്ന വാല്‍നക്ഷത്രവും.

സൗരയൂഥത്തിനു പുറത്തുനിന്ന് എന്നു പറഞ്ഞാല്‍ മറ്റേതെങ്കിലും നക്ഷത്രത്തിനു ചുറ്റുമുള്ള ഇടത്തുനിന്നാവാനാണ് സാധ്യത കൂടുതല്‍. അങ്ങനെയെങ്കില്‍ ഈ വാല്‍നക്ഷത്രത്തെക്കുറിച്ചു പഠിച്ചാല്‍ ആ നക്ഷത്രയൂഥത്തെക്കുറിച്ച് ചില അറിവുകള്‍ ഒരു പക്ഷേ നമുക്ക് കിട്ടിയേക്കും. അതിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍.

ഹബിള്‍ ടെലിസ്കോപ്പ് ബോരിസോവ് വാല്‍നക്ഷത്രത്തിന്റെ ചിത്രം പകര്‍ത്തുമ്പോള്‍  അത്  ഭൂമിയില്‍നിന്ന് ഏതാണ്ട് 42കോടി കിലോമീറ്റര്‍ അകലെക്കൂടി സഞ്ചരിക്കുകയായിരുന്നു. സെക്കന്‍ഡില്‍ അന്‍പത് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ വസ്തുവിന്റെ ഫോട്ടോയെടുക്കുക എന്നത് അല്പം ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയ ആയിരുന്നു. ഒരു ചിത്രമല്ല, പല പല ചിത്രങ്ങളാണ് ഹബിള്‍ പകര്‍ത്തിയത്. ബോരിസോവിന്റെ ചലനത്തിന് അനുസരിച്ച് ടെലിസ്കോപ്പ് തുടര്‍ച്ചയായി തിരിച്ചുകൊണ്ടാണ് ഈ ഫോട്ടോസെഷന്‍ പൂര്‍ത്തിയാക്കിയത്. ഇങ്ങനെ എടുത്ത നിരവധി ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു ചെറു വീഡിയോയും ഹബിള്‍ പുറത്തുവിട്ടു. 2019 ഒക്ടോബര്‍ 12നായിരുന്നു ഹബിളിന്റെ ഈ ഫോട്ടോസെഷന്‍! 2020 ജനുവരിയില്‍ ഹബിള്‍ ടെലിസ്കോപ്പ് ഉപയോഗിച്ച് ഒരിക്കല്‍ക്കൂടി ഈ ഇന്റര്‍സ്റ്റെല്ലാര്‍ അതിഥിയെ നാം നിരീക്ഷിക്കുന്നുണ്ട്.
ബോരിസോവ് വാല്‍നക്ഷത്രത്തിന്റെ ടൈംലാപ്സ് വീഡിയോ. ഏഴു മണിക്കൂര്‍ ഉള്ള സംഭവമാണ് ഏതാനും സെക്കന്റുകളില്‍ കാണുന്നത്.
കടപ്പാട്: NASA, ESA and J. DePasquale (STScI)


ഗെന്നഡി ബോരിസോവ് എന്ന അമച്വര്‍ വാനനിരീക്ഷകനാണ് കഴിഞ്ഞ ആഗസ്റ്റ് 30ന് ഈ ഇന്റര്‍സ്റ്റെല്ലാര്‍ അതിഥിയെ ആദ്യം കണ്ടത്. അതിനാല്‍ അദ്ദേഹത്തിന്റെ പേരിലാവും ഈ വാല്‍നക്ഷത്രം അറിയപ്പെടുക. C/2019 Q4  എന്നായിരുന്നു ആദ്യത്തെ പേര്. 2019 ഡിസംബര്‍ 7നാവും ബോരിസോവ് സൂര്യനോട് ഏറ്റവും അടുത്തെത്തുക. സൂര്യനില്‍നിന്ന് ഏതാണ്ട് 30കോടി കിലോമീറ്റര്‍ അകലെയാവും അപ്പോള്‍ ബോരിസോവ്.

ബോരിസോവ് വാല്‍നക്ഷത്രം ഒറ്റനോട്ടത്തില്‍ അറിയാന്‍ ഈ വീഡിയോ കാണാം.

---നവനീത്...

ചിത്രത്തിനു കടപ്പാട്: NASA, ESA and J. DePasquale (STScI)


കൂടുതല്‍ വായനയ്ക്കും മറ്റു വിവരത്തിനും
1. https://www.iau.org/news/pressreleases/detail/iau1910/
2. https://www.nscience.in/2019/09/c2019-q4-borisov.html
3. https://www.nscience.in/2019/09/2iborisov.html

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു