ജൂൺ 21 ന് കേരളത്തിൽ ഭാഗിക സൂര്യഗ്രഹണം കാണാം. | Partial Solar Eclipse 2020 June 21 Kerala

2019 ഡിസംബറിൽ നടന്ന ഗ്രഹണം.

വീണ്ടുമൊരു സൂര്യഗ്രഹണം വരികയാണ്.  അടുത്ത ഞായറാഴ്ച. അതായത് ജൂൺ 21ന്. മഴക്കാലമാണ്. മേഘങ്ങൾ ഉണ്ടാവും. മഴയുണ്ടാവും. മുഴുവൻ സമയവും ചിലപ്പോൾ കാണാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ മൂന്നു മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഗ്രഹണമാണ് കേരളത്തിൽ. അതിനാൽ ഇതിനിടയിൽ എപ്പോഴെങ്കിലും നമുക്ക് ഗ്രഹണം കാണാൻ കഴിയും എന്നുതന്നെ പ്രതീക്ഷിക്കാം.


കഴിഞ്ഞ ഡിസംബറിൽ ഉണ്ടായതുപോലെ ഒരു വലയ സൂര്യഗ്രഹണമാണ് ഇത്തവണയും. എന്നാൽ കേരളത്തിൽ വലയഗ്രഹണം ഇല്ല. പകരം ഭാഗികഗ്രഹണം മാത്രമേയുള്ളൂ. വടക്കേ ഇന്ത്യയിലേക്കു പോകുംതോറും ഗ്രഹണത്തിന്റെ അളവ് കൂടും. പലയിടങ്ങളിലും പൂ‍‍ർണ്ണമായ വലയഗ്രഹണവും കാണാവുന്നതാണ്. കൊറോണക്കാലമായതിനാൽ വടക്കേ ഇന്ത്യവരെ പോയി ഈ ഗ്രഹണം കാണൽ ഇപ്പോൾ നടക്കില്ലല്ലോ. അതിനാൽ നമുക്ക് കേരളത്തിലിരുന്ന് ഭാഗികഗ്രഹണം കണ്ട് തൃപ്തിയടയാം. ഒന്നുമില്ലേലും ആറു മാസം മുൻപല്ലേ നമുക്ക് ഇവിടെ പൂർണ്ണമായ വലയഗ്രഹണം ദൃശ്യമായത്.



കേരളത്തിൽ രാവിലെ 10.10 മുതൽ ഏതാണ്ട് 1.10വരെയാണ് ഗ്രഹണം കാണാൻ കഴിയുന്ന സമയം. വടക്കൻകേരളത്തിൽ കൂടുതല്‍ മറയും. തെക്കൻകേരളത്തിൽ കുറവും. 30 മുതൽ 35ശതമാനം വരെയൊക്കെയാണ് പരമാവധി മറയുക. തിരുവനന്തപുരത്തുകാർക്ക് അത്രപോലും മറയണമെന്നില്ല, എന്നിരുന്നാലും ഒട്ടും മോശമല്ലാത്ത രീതിയിൽ ഗ്രഹണം ആസ്വദിക്കാനാവും.

സൂര്യനെയാണ് നോക്കുന്നത്. അതിനാൽ എല്ലാത്തരത്തിലുള്ള മുൻകരുതലുകളും എടുത്തേ നോക്കാവൂ. മികച്ച സോളാർ ഫിൽറ്റർ ഘടിപ്പിച്ച കണ്ണടകൾ ഉപയോഗിച്ച് ഗ്രഹണം കാണാവുന്നതാണ്. ഏതാനും സെക്കൻഡുകളിൽക്കൂടുതൽ ഇതിലൂടെയും നേരിട്ടുനോക്കാതിരിക്കുന്നതാണു നല്ലത്.
ടെലിസ്കോപ്പ്, ബൈനോക്കുലർ എന്നിവയിലൂടെ ഒരു കാരണവശാലും നേരിട്ട് നോക്കാൻ പാടുള്ളതല്ല. എന്നാൽ ടെലിസ്കോപ്പിലൂടെ വരുന്ന പ്രകാശത്തെ അല്പമകലെ വെളുത്ത ഭിത്തിയിലോ മറ്റോ വീഴ്ത്തി അവിടെ ഗ്രഹണം കാണാം. ഇത് ഏറ്റവും സുരക്ഷിതമായ രീതിയാണ്. പ്രൊജക്ഷൻ രീതി എന്നാണ് ഇത് അറിയപ്പെടുന്നത്. ടെലിസ്കോപ്പുകൾ ഉള്ളവർക്ക് ഈ രീതി പരീക്ഷിക്കാവുന്നതാണ്.
ഇലച്ചാർത്തുകൾക്ക് ഇടയിലൂടെ കടന്നുവരുന്ന സൂര്യപ്രകാശം നിലത്തുവീഴുമ്പോൾ അവിടെയും സൂര്യന്റെ പ്രതിബിംബം കാണാൻ കഴിയും. നിരവധി സൂര്യഗ്രഹണങ്ങൾ ഒരുമിച്ചു കാണാനുള്ള അവസരമാണ് അത്. പിൻഹോൾ ക്യാമറകളിലൂടെ ഗ്രഹണം കാണുന്നതും സുരക്ഷിതമാണ്. വളരെ ചെറിയ ഒരു  കണ്ണാടിക്കഷണം എടുത്ത് മുറ്റത്തുവച്ച് സൂര്യന്റെ പ്രതിബിംബത്തെ വീടിനകത്തേക്ക് കൊണ്ടുവന്നും ഗ്രഹണം കാണാം. കണ്ണാടി കുറച്ചകലെ പിടിക്കണം എന്നു മാത്രം.

(സൂര്യഗ്രഹണം കാണാനുള്ള വഴികളെക്കുറിച്ച് ഇവിടെ വായിക്കാം. https://www.nscience.in/2019/12/blog-post_23.html )

കൊറോണക്കാലമായതിനാൽ എല്ലാ സുരക്ഷാമുൻകരുതലുകളും എടുത്തുവേണം ഗ്രഹണം കാണാൻ പുറത്തിറങ്ങാൻ.
1. മാസ്ക് ധരിക്കണം.
2. ഒരാൾ ഉപയോഗിച്ച കണ്ണട മറ്റൊരാൾ ഉപയോഗിക്കരുത്.
3. എല്ലാവരും സ്വന്തമായി ഗ്രഹണക്കണ്ണട മൂന്നോ നാലോ ദിവസം മുൻപേ മേടിച്ചു വയ്ക്കുന്നതാവും നല്ലത്.  കൈമാറി ഉപയോഗിക്കാതിരിക്കുക.
4. പിൻഹോൾ പ്രൊജക്ഷൻ രീതികൾ ഒരു പ്രശ്നവും ഇല്ലാതെ കാണാവുന്നതാണ്.
5. പരമാവധി വീട്ടിൽത്തന്നെ ഗ്രഹണം കാണാൻ ശ്രമിക്കുക.
6. കൂട്ടംകൂടി ഗ്രഹണം കാണുന്നത് വലിയ ആവേശമാണ്. പക്ഷേ കൊറോണയ്ക്ക് എളുപ്പം പകരാൻ സാധ്യത കൂട്ടംകൂടുമ്പോഴാണ്. അതിനാൽ അത്തരം കൂട്ടംചേരലുകൾ പരമാവധി ഒഴിവാക്കുക.
7. വീട്ടിലിരുന്ന് ഗ്രഹണം കാണാൻ കഴിയുന്ന നിരവധി വിദ്യകൾ ഉണ്ട്. പല തരത്തിലുള്ള പിൻഹോൾ പ്രൊജക്ഷനുകൾ പരീക്ഷിക്കാം. ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കി വയ്ക്കുക.

കേരളത്തിൽ ഇനിയും സൂര്യഗ്രഹണങ്ങൾ വരുന്നുണ്ട്. മിക്കതും ഭാഗികഗ്രഹണങ്ങളാണ്. 2022 ഒക്റ്റോബര്‍ 25 ഇന്ത്യയില്‍ മുഴുവന്‍ ഭാഗത്തും ഭാഗിക ഗ്രഹണം. കേരളത്തില്‍ ചെറിയ ഭാഗികഗ്രഹണം മാത്രം.

2027 ആഗസ്റ്റ് 2 ന് ഇന്ത്യയില്‍ ഭാഗികഗ്രഹണം. കേരളം മുഴുവന്‍ ഭാഗികഗ്രഹണം കാണാം.

2028 ജൂലായ് 22ന് ഇന്ത്യയില്‍ ഭാഗികം മാത്രം. കേരളത്തിലും ഭാഗികഗ്രഹണം കാണാം. ഉദയസൂര്യന്‍ ഗ്രഹണസൂര്യനായിരിക്കും.

2031 മേയ് 21ന് വലയഗ്രഹണം. കേരളത്തില്‍ ഏതാണ്ട് പൂര്‍ണ്ണമായും കാണാം. അന്നാവും കേരളത്തിന് ഏറ്റവും നല്ല രീതിയിൽ ഇനി വലയഗ്രഹണം കാണാനുള്ള അവസരം.

( എന്താണ് സൂര്യഗ്രഹണം എന്നറിയാൻ ഈ ലേഖനം നോക്കാം. https://www.nscience.in/2019/12/blog-post_86.html )


എന്തായാലും ഈ അപൂര്‍വ്വക്കാഴ്ചയെ കാണാതെ വിടരുത്. ആസ്വദിക്കാതെ വിടരുത്. സുരക്ഷിതമായ രീതികളുപയോഗിച്ച് നേരിട്ടോ അല്ലാതെയോ ഗ്രഹണം ആസ്വദിക്കണം. കുട്ടികൾക്കാവും ഈ കാഴ്ച ഏറ്റവും ആസ്വദിക്കാനാവുക. അവര്‍ക്ക് അതിനുള്ള അവസരമൊരുക്കുക എന്നത് മുതിർന്നവരുടെ ഉത്തരവാദിത്തം കൂടിയാണ്.

---നവനീത്...





Comments

Post a Comment

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു