ഭൂമിയെ നിരീക്ഷിക്കരുത് എന്ന കർശനനിർദ്ദേശവും പേറി നാൻസി റോമൻ സ്പേസ് ടെലിസ്കോപ്പ് ബഹിരാകാശത്തേക്ക്...
ഭൂമിയെ നിരീക്ഷിക്കാൻ അത്യാധുനികമായ ചാര ഉപഗ്രഹങ്ങളുടെ ശൃംഖലതന്നെ ഉണ്ടാക്കണം. വളരെ ചെറിയ വലിപ്പമുള്ള വസ്തുക്കളെപ്പോലും വേർതിരിച്ചറിയാൻ മാത്രം റസല്യൂഷനുള്ള ഒരു ഉപഗ്രഹം. മറ്റു രാജ്യങ്ങളുടെ നിർണ്ണായക ഇടങ്ങളുടെ ആകാശഫോട്ടോ പകർത്താൻ കഴിയണം. അവിടെ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾ ഏതെന്ന് അറിയാൻ കഴിയണം.
1999 ൽ അമേരിക്കയിലെ നാഷണൽ റിക്കനൈസൻസ് ഓഫീസ്(NRO) തങ്ങളുടെ ചാര ഉപഗ്രഹങ്ങളുടെ ശൃംഖലയ്ക്കായുള്ള ചർച്ചകൾക്കിടയിൽ ഇങ്ങനെയൊക്കെയാണു ചിന്തിച്ചത്. ഫ്യൂച്ചർ ഇമേജറി ആർക്കിടെക്ചർ എന്ന മനോഹരമായ പേരൊക്കെ അവർ ഈ പദ്ധതിക്കു നൽകി. വളരെ ശുഭപ്രതീക്ഷയോടെയാണ് അവർ ഈ പദ്ധതിയുമായി മുന്നോട്ടുപോയി.
നിർമ്മാണമൊക്കെ പുറംകരാർ കൊടുത്താണ് അവർ ചെയ്യാറ്. ലോക്ഹീഡ് മാർട്ടിൻ എന്ന കമ്പനിയാണ് മിക്കവാറും ഇത്തരം കരാറുകളൊക്കെ നേടാറ്. പക്ഷേ ഇത്തവണ മറ്റൊരു എതിരാളി കൂടി ഉണ്ടായിരുന്നു, ബഹിരാകാശ-വിമാന മേഖലയിലെ കമ്പനിയായ ബോയിങ്(Boeing). എന്തായാലും അവസാനം ബോയിങ് തന്നെ ഇതിനുള്ള കരാർ നേടിയെടുത്തു. വളരെ കുറഞ്ഞ ചെലവിൽ ഇതൊക്കെ ചെയ്തുകൊടുക്കാമെന്നായിരുന്നു ബോയിങിന്റെ വാഗ്ദാനം.
പക്ഷേ പരിചയക്കുറവും അമിത ആത്മവിശ്വാസവും ബോയിങിനു വിനയായി എന്നു പറഞ്ഞാൽ മതിയല്ലോ. എല്ലാം കൈവിട്ടുപോയി എന്നുതന്നെ പറയണം. നിരവധി സാങ്കേതികവെല്ലുവിളികളാണ് ബോയിങിനെ തേടിയെത്തിയത്. പലതിലും വലിയ പാളിച്ചകൾതന്നെ പറ്റി. അതൊക്കെ തിരുത്തിത്തിരുത്തി വന്നപ്പോഴേക്കും പദ്ധതി വല്ലാതെ വൈകി. മാത്രമല്ല ചെലവും കൂടി. അതോടെ അമേരിക്ക ആ കരാർ പൊളിച്ചെഴുതി. ആ പ്രൊജക്റ്റുതന്നെ മാറ്റിയെഴുതി! ഇനി മറ്റൊരു രീതിയിൽ ചാര ഉപഗ്രഹം നിർമ്മിച്ചാൽ മതി. ആദ്യം ലക്ഷ്യമിട്ടത് വേണ്ട. അതോടെ പുതിയ നിർമ്മാണച്ചുമതല ബോയിങിൽനിന്ന് ലോക്ഹീഡ് മാർട്ടിൻ എന്ന കമ്പനിക്കുതന്നെ തിരികെ കിട്ടി. എന്നിരുന്നാലും ബോയിങിനെ പൂർണ്ണമായും ഉപേക്ഷിച്ചില്ല. റഡാർ ഉപഗ്രഹങ്ങളുടെ നിർമ്മാണച്ചുമതല അപ്പോഴും ബോയിങിൽത്തന്നെ നിലനിർത്തി.
അതിസൂക്ഷ്മമായ ക്യാമറയും ടെലിസ്കോപ്പുമൊക്കെയുള്ള പദ്ധതിയായിരുന്നു ഫ്യൂച്ചർ ഇമേജറി ആർക്കിടെക്ചർ. അതിനായി 2.4 മീറ്റർ വ്യാസമുള്ള വലിയ കോൺകേവ് മിറർ ഒക്കെ തയ്യാറാക്കേണ്ടതുണ്ടായിരുന്നു. ഹബിൾ ടെലിസ്കോപ്പിൽ ഉള്ള അത്രയും വലിപ്പമുള്ള ഒരു കണ്ണാടി! ഒന്നല്ല അത്തരം രണ്ടു കണ്ണാടിതന്നെ പുറംകരാർ കൊടുത്ത് പണിതെടുത്തു കഴിഞ്ഞിരുന്ന സമയത്താണ് ഫ്യൂച്ചർ ഇമേജറി ആർക്കിടെക്ചർ എന്ന പദ്ധതിതന്നെ ഉപേക്ഷിക്കുന്ന തീരുമാനം വരുന്നത്. വളരെയധികം പണച്ചെലവുള്ളതാണ് ഈ കണ്ണാടിനിർമ്മാണം. കോടിക്കണക്കിനു ഡോളറുകൾ ചെലവാക്കി നിർമ്മിച്ച ഈ കണ്ണാടികൾ ഇനി എന്തു ചെയ്യും. വെറുതേ കളയാൻ പറ്റില്ലല്ലോ. പിന്നീടെപ്പോഴെങ്കിലും ഉപയോഗം വരും എന്ന പ്രതീക്ഷയോടെ അവർ ആ കണ്ണാടികൾ വലിയ വെയർഹൗസുകളിൽ സുരക്ഷിതമായി സൂക്ഷിക്കാൻ തുടങ്ങി. അതിനുപോലും വലിയ ചെലവുണ്ടായിരുന്നു. വലിയ വാടക, പോരാത്തതിന് കൃത്യമായ പരിപാലനവും വേണം.
2011 ൽ നാഷണൽ റെക്കനൈസൻസ് ഓഫീസിന് മറ്റൊരു ഐഡിയ തോന്നി. ഇനി ഈ കണ്ണാടികൾ തങ്ങൾ സൂക്ഷിക്കേണ്ടതില്ല. പകരം അത് നാസയ്ക്കു കൈമാറാം. അവർക്ക് ഏതെങ്കിലും ടെലിസ്കോപ്പിലോ മറ്റോ ഉപയോഗിക്കാനായേക്കും. നാസയെ സംബന്ധിച്ചിടത്തോളം ഇതൊരു ലോട്ടറിയായിരുന്നു. അവർ സന്തോഷത്തോടെ ആ സമ്മാനം കൈപ്പറ്റാമെന്നേറ്റു. അങ്ങനെ, ഭൂമിയെ നിരീക്ഷിക്കാൻ ഇത് ഉപയോഗിക്കരുത് എന്ന രസകരമായ ഒരു വ്യവസ്ഥയോടെ ഈ കണ്ണാടികളും അതിന്റെ മറ്റു ഒപ്റ്റിക്കൽ ഘടകങ്ങളും അവർ നാസയ്ക്കു കൈമാറി.
തമോ ഊർജ്ജത്തെക്കുറിച്ചു പഠിക്കാൻ ഒരു ടെലിസ്കോപ്പ് നിർമ്മിക്കണം എന്ന ആശയത്തെ ആസ്പദമാക്കി WFIRST(Wide Field Infrared Survey Telescope) എന്നൊരു ദൗത്യം നാസയുടെ മുൻഗണനാ ലിസ്റ്റിൽ വന്ന കാലമായിരുന്നു അത്. ഒന്നര മീറ്റർ വലിപ്പമുള്ള ഒരു കണ്ണാടി ഉപയോഗിക്കുന്ന ഒരു ടെലിസ്കോപ്പായിരുന്നു നാസയുടെ മനസ്സിൽ. അപ്പോഴാണ് 2.4 മീറ്റർ വലിപ്പമുള്ള രണ്ടു കണ്ണാടികൾ പൂർണ്ണമായും സൗജന്യമായി തരാമെന്നു പറഞ്ഞ് NRO നാസയെ സമീപിക്കുന്നത്. ഇതു കിട്ടിയതോടെ തങ്ങളുടെ ദൗത്യത്തെ കുറെക്കൂടി പരിഷ്കരിക്കാൻ നാസ തീരുമാനമെടുത്തു. ഹബിൾ സ്പേസ് ടെലിസ്കോപ്പിന്റെ കണ്ണാടിയുടെ അതേ വലിപ്പത്തിലുള്ള രണ്ടു കണ്ണാടികളാണ് ഇപ്പോൾ കൈയിലുള്ളത്. നല്ല അടിപൊളി ബഹിരാകാശ നിരീക്ഷണാലയംതന്നെ നിർമ്മിക്കാം.
കണ്ണാടി കിട്ടിയതോടെ വലിയൊരു തുകയാണ് തങ്ങൾക്കു ലാഭമായിരിക്കുന്നത്. പോരാത്തതിനു സമയലാഭവും. ചാര ഉപഗ്രഹത്തിനായി നിർമ്മിച്ച കണ്ണാടി അതേപടി എന്തായാലും ഉപയോഗിക്കാൻ കഴിയില്ലല്ലോ. അതിൽ കുറെ മെച്ചപ്പെടുത്തലുകൾ നടത്തണം. പിന്നീട് നാസയുടെ ഒരു ടീം ഈ കണ്ണാടിയുടെ പുറകെയായിരുന്നു. നല്ലൊരു ഇൻഫ്രാറെഡ് ടെലിസ്കോപ്പിന് ആവശ്യമായ രീതിയിൽ ഈ കണ്ണാടിയെ അവർ മാറ്റിത്തീർത്തു. നേർത്ത വെള്ളി ആവരണവും മറ്റും നൽകി അവരതിനെ അതിസൂക്ഷ്മമായി മിനുക്കുപണി ചെയ്തെടുത്തു!
WFIRST എന്ന പേരു നൽകിയിരുന്ന ഈ ടെലിസ്കോപ്പ് ദൗത്യം അതിന്റെ അവസാനഘട്ടത്തിലേക്കു കടന്ന 2020ൽ മറ്റൊരു കാര്യം നടന്നു. നാസ ഈ ദൗത്യത്തിന്റെ പേരുമാറ്റി. ഹബിൾ ടെലിസ്കോപ്പിന്റെ അമ്മ എന്നൊക്കെ അറിയപ്പെടുന്ന നാൻസി റോമൻ എന്ന സയന്റിസ്റ്റിന്റെ ബഹുമാനാർത്ഥമുള്ള ഒരു പേരുമാറ്റം! അതാണ് നാൻസി ഗ്രേസ് റോമൻ സ്പേസ് ടെലിസ്കോപ്പ്! അങ്ങനെ ചരിത്രത്തിലാദ്യമായി നാസയുടെ ഒരു പ്രധാന സ്പേസ് ടെലിസ്കോപ്പിന് ഒരു വനിതയുടെ പേരു വീണു!
ഈ സ്പേസ് ടെലിസ്കോപ്പാണ് ആഗസ്റ്റ് 30ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഇന്ത്യൻ സമയം വൈകിട്ട് 4.56ന് വിക്ഷേപിക്കപ്പെടുന്നത്.
ചാര ഉപഗ്രഹത്തിനായി നിർമ്മിക്കപ്പെട്ട ഒരു കണ്ണാടി ഇനി പ്രപഞ്ചത്തെ നിരീക്ഷിക്കാൻ പോകുന്നു. ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ ദൗത്യം. ഹബിൾ നിരീക്ഷിക്കുന്നതിന്റെ നൂറിരട്ടി വിസ്തൃതിയിൽ, ഹബിളിന്റെ അതേ സൂക്ഷ്മതയോടെ നാൻസി റോമൻ ടെലിസ്കോപ്പിന് നിരീക്ഷണം നടത്താനാകും. 300 മെഗാപിക്സൽ ക്യാമറയാണ് ഇതിലുള്ളത്. തമോദ്രവ്യത്തെക്കുറിച്ചും തമോ ഊർജ്ജത്തെക്കുറിച്ചുമുള്ള പഠനങ്ങൾക്ക് വലിയ സംഭാവനകൾ നൽകാനും ഈ ടെലിസ്കോപ്പിനു കഴിയും. മാത്രമല്ല, ഗ്രാവിറ്റേഷണൽ മൈക്രോ ലെൻസിങ് എന്ന പ്രതിഭാസത്തിന്റെ സഹായത്തോടെ ആയിരക്കണക്കിനു സൗരേതരഗ്രഹങ്ങളെ കണ്ടെത്താനും കഴിയും.
അപ്പോൾ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. ഹബിളിനും ജയിംസ് വെബ് ടെലിസ്കോപ്പിനും ശേഷം പ്രപഞ്ചാത്ഭുതങ്ങളിലേക്ക് കടന്നുകയറാൻ നാൻസി ഗ്രേസ് റോമൻ ടെലിസ്കോപ്പിനും കഴിയട്ടേ.
വാൽക്കഷണം: രണ്ടു കണ്ണാടിയിൽ ഒരെണ്ണം ഇപ്പോഴും നാസയുടെ പക്കൽ സുരക്ഷിതമായി ഇരിപ്പുണ്ട് കേട്ടോ. അടുത്തൊരു ടെലിസ്കോപ്പിന് ഇനിയും അങ്കം ബാക്കി!
Simple English Translation (AI Assisted)
With a Strict Rule Not to Look at Earth, the Nancy Roman Space Telescope Goes to Space!
Very few decades ago, America wanted to build a network of highly advanced spy satellites to watch the Earth. These satellites needed powerful cameras so that they could see very small objects clearly. They had to take photos of important places in other countries from the sky and even identify the vehicles and planes parked there.
In 1999, the National Reconnaissance Office (NRO) in America planned this spy satellite network. They gave the project a nice name: Future Imagery Architecture and moved forward with great hope.
The NRO usually gives these building jobs to outside companies. Lockheed Martin usually wins these contracts. But this time, there was another competitor, the airplane and space company Boeing. In the end, Boeing won the contract. They promised to do all the work for a very low cost.
However, Boeing’s lack of experience and overconfidence caused big problems. Things went completely out of control. They faced many technical difficulties and made huge mistakes. Fixing all these errors delayed the project a lot. The costs also went way up. Because of this, the government changed the contract and the whole project. They decided to build a different kind of spy satellite and canceled the original plan. The job of building it was taken from Boeing and given back to Lockheed Martin. But they did not drop Boeing completely, Boeing kept the job of building radar satellites.
The original project required a very sharp camera and telescope. For this, they needed a large curved mirror around 2.4 meters wide. This is the same size as the mirror in the famous Hubble Space Telescope! Actually, two such mirrors were already built by them when the whole project was canceled. Making these mirrors cost a lot of money. What could they do with mirrors that cost billions of dollars? They could not just throw them away. Hoping they might be useful later, they safely stored the mirrors in large warehouses. Even keeping them in storage was expensive because of high rent and the need for careful maintenance.
In 2011, the NRO had a new idea. They decided they did not need to keep the mirrors anymore. Instead, they offered them to NASA. They thought NASA could use them for a space telescope. For NASA, this was like winning the lottery. They happily accepted the gift. So, the NRO gave the mirrors and other optical parts to NASA, but with one funny rule; NASA must never use them to look at the Earth!
Around that time, NASA was planning a mission called WFIRST (Wide Field Infrared Survey Telescope) to study dark energy. NASA originally wanted to use a 1.5 meter mirror for this telescope. That was when the NRO offered them two 2.4 meter mirrors for free. With this new equipment, NASA decided to make their mission much bigger and better. They now had two mirrors the exact size of the Hubble telescope. They could build a truly amazing space observatory.
Getting the mirrors saved NASA a huge amount of money and time. However, a mirror made for a spy satellite could not be used exactly as it was. It needed some upgrades. A NASA team worked hard on the mirror. They changed it to fit a high-quality infrared telescope. They carefully polished it and added a very thin layer of silver to make it perfect.
In 2020, as the WFIRST mission reached its final stages, something else happened. NASA changed the mission's name. They named it to honor Nancy Roman, a scientist often called the "Mother of Hubble." It became the Nancy Grace Roman Space Telescope! For the first time in history, a major NASA space telescope was named after a woman.
This space telescope will launch from the Kennedy Space Center in Florida at 4:56 PM Indian Time on August 30, 2026. A mirror that was built for a spy satellite is now going to look at the universe. The science world has high hopes for this mission. The Roman Telescope can see an area of the sky 100 times larger than Hubble can, with the exact same clarity. It has a 300 megapixel camera. This telescope will help us learn a lot about dark matter and dark energy. Also, by using a trick of gravity called microlensing, it will find thousands of planets outside our solar system.
So, let us wait with hope. After Hubble and James Webb, may the Nancy Grace Roman Telescope uncover the wonders of the universe.
Bonus fact: NASA still has the second mirror safely in storage. There is still one more mirror left for another future telescope!
