Kitchen Science
റാഗി കുറുക്കുമ്പോ ഹോർലിക്സ് ചേർക്കല്ലേ, പണികിട്ടും!

കാര്യം ഇച്ചിരി പ്രായമായെങ്കിലും റാഗി കുറുക്കിക്കഴിക്കാൻ ഇപ്പഴും വല്യ ഇഷ്ടമാണ്. പാൽ ചേർത്ത് റാഗി കുറുക്കിക്കഴിച്ചാൽ നല്ല ടേസ്റ്റുമാണ്, ചെറുതായി വിശപ്പും പോകും. കുട്ടിക്കാലത്തേ ഇഷ്ടമുള്ള പരിപാടി ആയതിനാൽ മുതിർന്നപ്പോഴും അതു തുടർന്നുപോന്നു എന്നു മാത്രം. ആദ്യമൊക്കെ പഞ്ചസാര ചേർക്കുമായിരുന്നു. ഇപ്പോ, പഞ്ചസാര അങ്ങനെ അധികം ഉപയോഗിക്കാത്തതിനാൽ റാഗിക്കുറുക്കിന് വല്യ ടേസ്റ്റൊന്നും ഫീൽ ചെയ്യില്ല.
റാഗിക്കുറുക്കിനോടു മാത്രമല്ല, ഹോർലിക്സ് പോലത്തെ മാൾട്ട് ഡ്രിങ്കിനോടുമുണ്ട് വല്ലാത്തൊരു പ്രതിപത്തി. പഞ്ചസാര ഒഴിവാക്കിത്തുടങ്ങീപ്പോ അതും ഒഴിവാക്കീതാ. പക്ഷേ അപ്പോഴാണ് പഞ്ചസാര ചേർക്കാത്ത, എന്നാൽ പഞ്ചസാരേതര മധുരം ചേർത്ത ഹോർലിക്സ് ഇറങ്ങിയത്. അപ്പൊപ്പിന്നെ അതിലേക്കു മാറി.
അങ്ങനെയിരിക്കേയാണ് ഈയിടെ, റാഗിക്കുറുക്കുണ്ടാക്കാനുള്ള മോഹമുദിക്കുന്നത്. മധുരത്തിനായി ഇച്ചിരി ഹോർലിക്സും ചേർത്തേക്കാം എന്നു കരുതി. അങ്ങനെ പാലും റാഗീം ഹോർലിക്സും ചേർത്ത് കുറുക്കാൻ തുടങ്ങി. തുടക്കത്തിൽ ഒന്നു കുറുകിവന്നതാ, പക്ഷേ അല്പ നിമിഷത്തിനുള്ളിൽ അത് വീണ്ടും വെള്ളംപോലെയായി. പിന്നെ എത്ര തിളപ്പിച്ചിട്ടും അതു കുറുകുന്നതേയില്ല. മൊത്തം കുളമായി എന്നു പറഞ്ഞാ മതിയല്ലോ. വെറുതേ വെള്ളം കുടിക്കുന്നപോലെ കുറച്ചു കുടിച്ചുനോക്കി. ഒരു ടേസ്റ്റുമില്ല. അങ്ങനെ ആ കുറുക്കൽ വെറും ശോകമൂകമായിപ്പോയി.
ഇതെന്തെടാ ഇങ്ങനെ സംഭവിച്ചേ എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടീല്ല. പിന്നെ ഹോർലിക്സിൽ മധുരത്തിനായി ചേർത്തിട്ടുള്ള അസെസൾഫെയിം പൊട്ടാസ്യം ഉണ്ട്. ഇനി അതാണോ ഈ പ്രശ്നമുണ്ടാക്കീത്? അതാവും എന്നു കരുതി ഇരിക്കയായിരുന്നു.
അങ്ങനെയിരിക്കേയാണ് അടുത്ത 'കൊതി' തോന്നുന്നത്. ഇച്ചിരി ഐസ്ക്രീം സ്വന്തമായി ഉണ്ടാക്കിക്കഴിക്കണം. കുട്ടിക്കാലത്ത് അപ്പൂപ്പന്റെ കൂൾബാർ കടയിൽ ഐസ്ക്രീം ഉണ്ടാക്കുന്നതു കണ്ടിട്ടുണ്ട്. പാൽ പഞ്ചസാര ചേർത്തു തിളപ്പിച്ച് അതിലേക്ക് കസ്റ്റാഡ് പൗഡറും പാലിൽ കലക്കിയൊഴിക്കും. എന്നിട്ട് വീണ്ടും തിളപ്പിക്കും. റാഗി കുറുകിവരുന്നപോലെ അത് നന്നായി കുറുകിവരും. ഇച്ചിരി വാനില എസൻസും ചേർത്ത് ഇളക്കി തണുത്തു കഴിയുമ്പോൾ ഫ്രീസറിൽ കയറ്റിവയ്ക്കും. എന്നിട്ട് ഉറച്ചു കഴിയുമ്പോൾ എടുത്ത് മിക്സിയിൽ അടിച്ച് വീണ്ടും ഫ്രീസറിലേക്കു കയറ്റും. അത് ഉറച്ചു കഴിയുമ്പോൾ നല്ല സൂപ്പർ വാനില ഐസ്ക്രീം ആയി!
എന്തായാലും ഇപ്പോ വീണ്ടും ആ ഐസ്ക്രീം കഴിക്കാൻ കൊതി തോന്നിയപ്പോ വെറുതേ വിടാൻ പാടില്ലല്ലോ. അന്നത്തെപ്പോലെ പാൽ തിളപ്പിച്ച് കസ്റ്റഡ് പൗഡർ ചേർത്ത് എടുത്തുകളയാം. പഞ്ചസാരപ്പേടിയുള്ളതിനാൽ ഇച്ചിരി ഹോർലിക്സും ചേർക്കാം. അതിന്റെ കൂടി ടേസ്റ്റ് കിട്ടുമല്ലോ. കസ്റ്റാഡ് പൗഡറും ഹോർലിക്സും കുറച്ച് പാലിൽ കലക്കിയെടുത്തു. എന്നിട്ട് ചൂടായ പാലിലേക്ക് ഒഴിച്ച് ഇളക്കെടാ ഇളക്കൽ! എത്ര ഇളക്കിയിട്ടും കുറുകി വരുന്നില്ല! പാൽ ഉള്ളതിനാൽ അതിന്റെതായ കുറുക്കു മാത്രമേ ഉള്ളൂ. പെട്ടെന്നാണ് റാഗി കുറുക്കിയതിൽ ഹോർലിക്സ് ചേർത്തപ്പോളുള്ള പ്രശ്നം ഓർമ്മ വന്നത്!
ശ്ശെടാ... വീണ്ടും പ്രശ്നമായല്ലോ. ഹോർലിക്സിൽ മധുരത്തിനായി ചേർത്ത അസെസൾഫെയിം പൊട്ടാസ്യം തന്നെ ആണോ വില്ലൻ? അതങ്ങ് ഉറപ്പിക്കാനാണ് എ ഐ യോട് സംശയം ചോദിച്ചത്. എ ഐ നല്ല രസകരമായി അതിന്റെ ഉത്തരം പറഞ്ഞുതന്നു.
ഹോർലിക്‌സൊക്കെ മാൾട്ട് ഡ്രിങ്ക് ആണ്. ഇതിൽ കൂടുതലായി ഉള്ളത് മാൾട്ടഡ് ആയിട്ടുള്ള ധാന്യങ്ങളാവും. അതായത് മുളപ്പിച്ച ബാർലിയോ ഗോതമ്പോ ഒക്കെ. മുളപ്പിച്ചെടുത്ത ധാന്യത്തെ ഉണക്കിപ്പൊടിച്ചതാണ് ഇത്തരം ഡ്രിങ്കുകളിലെ പ്രധാന ഇൻഗ്രേഡിയന്റ്. പിന്നെ പഞ്ചസാരയും ഫ്ലേവറിങ് പദാർത്ഥങ്ങളും ഒക്കെയുണ്ടാവും. മുളച്ച ധാന്യത്തിന് ഒരു പ്രത്യേകതയുണ്ട്. വിത്തിനുള്ളിൽ ധാരാളം സ്റ്റാർച്ച് ഉണ്ട്. വിത്തിനു വളരണമെങ്കിൽ ഈ സ്റ്റാർച്ചിനെ വിഘടിപ്പിച്ച് ഗ്ലൂക്കോസ് ആക്കി മാറ്റണം. അതിനുള്ള സൂത്രവും മുളപ്പിക്കുന്ന സമയത്ത് വിത്ത് ഉണ്ടാക്കും. അമിലേസ് എന്നൊരു എൻസൈം മുളപ്പിച്ച ധാന്യങ്ങളിൽ ഉണ്ടാകും. ഈ എൻസൈം ആണ് സ്റ്റാർച്ചിനെ വിഘടിപ്പിച്ച് മാൾട്ടോസ് എന്നു പേരുള്ള പഞ്ചസാര ആക്കുന്നത്. സ്റ്റാർച്ചിനെ കണ്ടാൽ ഉടനേ പോയി മുറിക്കുന്ന കത്രികയാണ് അമിലേസ് എന്ന എൻസൈം എന്നു പറയാം.
ഹോർലിക്സും മറ്റും ഉണ്ടാക്കാൻ വേണ്ടി മാൾട്ട് ഉണ്ടാക്കുന്ന സമയത്ത് വലിയ മുളകൾ വരാനൊന്നും സമയം കൊടുക്കില്ല. അമിലേസ് എൻസൈമുകൾ വിത്തിനുള്ളിൽ പരമാവധി ഉത്പാദിപ്പിക്കപ്പെടുന്ന ആ കൃത്യം സമയത്ത് തന്നെ വളർച്ച നിർത്തി അതിനെ ഉണക്കിയെടുക്കും. അങ്ങനെയാണ് മാൾട്ട് പൊടി തയ്യാറാക്കുക! ഈ പൊടിയിൽ ധാരാളം അമിലേസ് പോലുള്ള എൻസൈമുകൾ ഉണ്ടാവും. (കുറച്ചു മുളച്ചതിനാൽ അതിലെ കുറച്ചു സ്റ്റാർച്ചിനെ മാത്രം മാൾട്ടോസ് എന്ന പഞ്ചസാര ആക്കി മാറ്റീട്ടും ഉണ്ടാകും. ഇതാണ് ഹോർലിക്സിന് പ്രത്യേകതരം ടേസ്റ്റ് കൊടുക്കുന്നതിൽ പ്രധാനി!)
ഇനി നമ്മുടെ റാഗിയിലേക്കു വരാം. റാഗിയിൽ ഇഷ്ടംപോലെ സ്റ്റാർച്ച് ഉണ്ട്. ചെറിയ ചെറിയ തരികളായി അങ്ങനെ സുഖിച്ചിരിക്കുന്ന ഈ സ്റ്റാർച്ചിനെയാണ് നമ്മൾ വെള്ളത്തിലോ പാലിലോ ഇട്ട് ചൂടാക്കുന്നത്. ചൂട് നിശ്ചിത അളവ് കഴിയുമ്പോൾ ഈ സ്റ്റാർച്ച് തരികൾ സ്പോഞ്ചിനെപ്പോലെ വെള്ളം വലിച്ചെടുത്ത് വീർക്കാൻ തുടങ്ങും. വെള്ളം വലിച്ചെടുത്ത് വീർക്കുന്നേനും ഒരു പരിധിയൊക്കെ ഉണ്ടല്ലോ. ഇങ്ങനെ വീർത്തുവീർത്ത് ആ തരിയങ്ങ് പൊട്ടിത്തകരും. ഒരു തരിയല്ലല്ലോ. ആയിരക്കണക്കിനു തരികളാണ് ഇങ്ങനെ തുടർച്ചയായി പൊട്ടുന്നത്. ഇങ്ങനെ പൊട്ടുമ്പോൾ അതിനുള്ളിലെ അന്നജതന്മാത്രകൾ കൂടിച്ചേർന്ന ചങ്ങല പുറത്തുവരും. ഈ നീളൻചങ്ങലകളെല്ലാം കൂടിപ്പിണഞ്ഞ് വലിയൊരു വലയായി മാറും. ഈ വലയുടെ ഇടയിൽ നമ്മുടെ പാവം പാലിലെ വെള്ളം കുടുങ്ങിപ്പോകും. വെള്ളം മാത്രമല്ല, പാലിലെ ഘടകങ്ങളും. ഇതോടെ സ്വതന്ത്രമായി ഒഴുകാനൊന്നും പറ്റാതെ നല്ല 'കുറുക്ക്' ആയി മാറും!
പക്ഷേ ഞാൻ ചെയ്ത അബദ്ധം ആലോചിച്ചേ.
മാൾട്ട് ഉപയോഗിച്ചു നിർമ്മിക്കുന്ന ഹോർലിക്സിനുള്ളിൽ അമിലേസ് എൻസൈമുകൾ ധാരാളമായി ഉണ്ടാവും.
സ്റ്റാർച്ചിനെ മുറിക്കാൻ തയ്യാറായിരിക്കുന്ന ഒത്തിരിയൊത്തിരി അമിലേസ് എൻസൈം ഉള്ള ഹോർലിക്സാണ് ഞാൻ റാഗിക്കൊപ്പവും കസ്റ്റാഡ് പൗഡറിനും ഒപ്പം കലക്കിയത്! കസ്റ്റഡ് പൗഡർ എന്നാൽ ശരിക്കും ഫ്ലേവറുകൾ ചേർത്ത കോൺസ്റ്റാർച്ച് ആണ്.
പാൽ ചൂടായിവരുന്ന സമയത്ത് തന്നെ അമിലേസ് എൻസൈമുകൾ ഒക്കെക്കൂടി ഓടിവന്ന് അന്നജചങ്ങലകളെ (സ്റ്റാർച്ച്) കണ്ടംതുണ്ടം വെട്ടിമുറിക്കാൻ തുടങ്ങി.
കുറെ ഗ്ലൂക്കോസ് തന്മാത്രകൾ ചേർന്നതാണ് ശരിക്കും ഈ അന്നജതന്മാത്ര! അതിനെയാണ് ഇടത്തരം കഷണങ്ങളായി വെട്ടി മുറിക്കുന്നത്. ഡെക്സ്ട്രിനുകൾ എന്നാണത്രേ ഈ കഷണങ്ങളുടെ പേര്. എന്തായാലും നീണ്ടുനീണ്ടു കെട്ടുപിണഞ്ഞു കിടന്ന സ്റ്റാർച്ച് തന്മാത്രകൾ വെട്ടിമുറിക്കപ്പെടുന്നതോടെ അതിനിടയിൽ കുടുങ്ങിക്കിടന്ന വെള്ളം സ്വതന്ത്രമായി പുറത്തുവരും. അങ്ങനെ കുറുക്ക് എന്ന സംഭവം അവിടെവച്ചങ്ങ് ഇല്ലാതാവും!
ഹോ! എന്തൊക്കെയാല്ലേ ഈ അടുക്കളേൽ സംഭവിക്കുന്നത്. അപ്പോ ഇനി ആരും കുറുക്ക് ഉണ്ടാക്കുമ്പോ രസത്തിന് ഇച്ചിരി ഹോർലിക്സോ ബോൺവിറ്റയോ ഒന്നും ചേർത്തേക്കരുത്. തണുത്തുകഴിഞ്ഞ് വേണേൽ ഇച്ചിരി ചേർക്കാം. ചൂടോടെ ചേർത്താൽ ഹോർലിക്സിലെ അമിലേസ് എന്ന കത്രിക പുറത്തുവരും! ജാഗ്രതൈ!
Filed under Kitchen Science

Leave a Comment
Comments
Post a Comment