നിറങ്ങളുടെ മായികപ്രപഞ്ചം .. വ്യതികരണം, വിഭംഗനം, പ്രകീര്‍ണ്ണനം

നിറങ്ങളുടെ മായികപ്രപഞ്ചം

മഴവില്ല് എല്ലായ്പ്പോഴും ഏറെ ഇഷ്ടപ്പെടുന്നവരാണ് ചെറിയ കുട്ടികള്‍. അവര്‍ക്ക് മുന്നില്‍ മഴവില്ലുണ്ടാക്കാനുള്ള ചില വിദ്യകള്‍. അല്പം ഉയരമുള്ള ഒരു പരന്ന പാത്രത്തില്‍ നിറയെ വെള്ളമെടുത്ത് വെയിലത്ത് വയ്ക്കുക. വെള്ളത്തില്‍ ഒരു കണ്ണാടി മുക്കിവയ്ക്കണം. ഇനി ജലത്തില്‍ വീഴുന്ന സൂര്യപ്രകാശം ജലത്തിനടിയില്‍ പിടിച്ചിരിക്കുന്ന കണ്ണാടി ഉപയോഗിച്ച് പ്രതിഫലിപ്പിച്ച് വെളുത്ത ചുമരില്‍ വീഴ്ത്തുക. വലിയ മഴവില്ല് അല്ലെങ്കിലും മഴവില്ലിന്റെ ഒരു ഭാഗം ചുമരില്‍ കാണാന്‍ കഴിയും.
മഴവില്ല് കാണിച്ചു കൊടുക്കാനായി ഇനി മറ്റൊരു വിദ്യ. വായില്‍ നിറയെ വെള്ളമെടുക്കുക. സൂര്യന് എതിര്‍വശത്തേക്ക് തിരിഞ്ഞുനില്‍ക്കുക. ഇനി വായില്‍ നിന്നും വെള്ളം ഒരു സ്പ്രേ പോലെ പുറത്തേക്ക് തുപ്പുക. വെള്ളത്തുള്ളികള്‍ക്കിടയില്‍ മഴവില്ല് മിന്നിമറയുന്നത് കാണുവാന്‍ കഴിയും. പൈപ്പില്‍ നിന്നും കുഴലുപയോഗിച്ച് വെള്ളം ചെറുതുള്ളികളായി ചീറ്റിച്ചാലും ഇതേ കാഴ്ച ദര്‍ശിക്കാം.

മേല്‍പ്പറഞ്ഞ രണ്ടുപ്രവര്‍ത്തനത്തിലും പ്രകീര്‍ണ്ണനം എന്ന പ്രതിഭാസമാണ് സൂര്യപ്രകാശത്തിലെ നിറങ്ങളെ കാണിച്ചു തന്നത്. രണ്ടു തവണ അപവര്‍ത്തനവും ഒരു തവണ പ്രതിഫലനവും നടന്നാണ് ഇവിടെ പ്രകീര്‍ണ്ണനം ദൃശ്യമായത്.

മഴവില്ല് അല്ലെങ്കിലും സൂര്യപ്രകാശത്തെ നിറങ്ങളായി വേര്‍തിരിക്കാന്‍ ഇനിയുമുണ്ട് മാര്‍ഗ്ഗങ്ങള്‍. ഇതിന് വേണ്ടത് ഒരു പഴയ സിഡി ആണ്. ഡി.വി.ഡി അത്ര അഭികാമ്യമല്ല. കംമ്പ്യൂട്ടറില്‍ തന്നെ റൈറ്റ് ചെയ്തെടുത്ത സിഡിയാണ് ഈ പരീക്ഷണത്തിന് ഏറ്റവും മികച്ചത്. സൂര്യപ്രകാശത്തെ സിഡിയുപയോഗിച്ച് പ്രതിഫലിപ്പിച്ച് വീടിനുള്ളിലെ മുറിയിലെ ചുമരില്‍ വീഴ്ത്തുക. മുറിക്കകം ഇരുട്ടായിരുന്നാല്‍ അത്രയും നല്ലത്. മഴവില്ലുപോലെ നിറങ്ങളുടെ മനോഹരകാഴ്ച കാണാന്‍ കഴിയും. സൂര്യപ്രകാശം ഇല്ലാത്ത സമയത്ത് അല്പം ചരിച്ചു പിടിച്ച സിഡിയിലേക്ക് നേരിട്ട് നോക്കിയാലും അവിടെ നിറങ്ങള്‍ മാറിമറയുന്നത് കാണാന്‍ കഴിയും.

ഡിഫ്രാക്ഷന്‍ (വിഭംഗനം) എന്ന  പ്രതിഭാസമാണ് ഈ നിറങ്ങളെ വേര്‍പിരിയിച്ചത്.

സോപ്പുകുമിള എല്ലാവരും കണ്ടിട്ടുണ്ടാകും. എങ്കിലും നല്ലവണ്ണം വലുതായി വായുവില്‍ പറന്നു നടക്കുന്ന സോപ്പുകുമിള ഉണ്ടാക്കല്‍ അല്പം ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ഒന്നാണ്. അല്പം സോപ്പും കൂടുതല്‍ ഷാമ്പുവും ആണ് ഇതിന് വേണ്ടത്. ഗ്ലിസറിന്‍ കൂടി ചേര്‍ത്താല്‍ കൂടുതല്‍ നേരം നിലനില്‍ക്കുന്ന സോപ്പുകുമിളയും കിട്ടും. സോപ്പും ഷാമ്പൂവും അതിന്റെ പത്തിരട്ടി വെള്ളത്തില്‍ പതയാതെ ലയിപ്പിച്ചെടുക്കുക. ഇനി പഴയ പേനയുടേയോ സ്കെച്ച് പേനയുടേയോ ഒക്കെ രണ്ടറ്റവും തുറന്ന ഒരു കുഴല്‍ സംഘടിപ്പിക്കണം. ഇതിന്റെ ഒരു വശം സോപ്പുലായനിയില്‍ മുക്കിയെടുത്താല്‍ ലായനിയുടെ ഒരു നേര്‍ത്തപാട ഒരറ്റത്തെ ദ്വാരത്തില്‍ ഒരു പാളിയായി പറ്റിപ്പിടിച്ചിരിക്കും. തുറന്ന മറ്റേ വശത്തുകൂടി പതിയേ ഊതുക. വലിയ കുമിള രൂപീകരിക്കപ്പെടുന്നത് കൌതുകത്തോടെ നോക്കിനില്‍ക്കാം. കുഴല്‍ ശ്രദ്ധാപൂര്‍വ്വം ഏതെങ്കിലും വശത്തേക്ക് വെട്ടിച്ചാല്‍ മനോഹരമായ ആ കുമിള അന്തരീക്ഷത്തില്‍ പറന്നു നടക്കുന്നത് കാണാനാകും. ആ കുമിളയിലും കാണാം നിരവധി നിറങ്ങള്‍. നിറങ്ങളുടെ ഒരു മായികപ്രപഞ്ചം തന്നെയാണ് ഇത്തരം കുമിളകള്‍.

ഇന്റര്‍ഫറന്‍സ് (വ്യതികരണം) എന്ന പ്രതിഭാസമാണ് ഇവിടെ നിറങ്ങളുടെ പിറവിക്ക് കാരണമാകുന്നത്.

ചെറിയ കൂട്ടുകാരുടെ അധ്യാപകരാകുമ്പോള്‍ തന്നെ ഓരോ പ്രതിഭാസവും എന്തെന്ന് അധ്യാപകരോടും പുസ്തകങ്ങളോടും ചോദിച്ച് മനസ്സിലാക്കാന്‍ മറക്കണ്ട.

ശാസ്ത്രലോകത്തിലെ മായക്കാഴ്ചകള്‍ ഇവിടെയൊന്നും അവസാനിക്കുന്നില്ല.. എത്ര പറഞ്ഞാലും തീരാത്ത മനോഹരവും കൌതുകകരവുമായ ലോകമാണത്. അറിവും ആഹ്ലാദവും പകരുന്ന ഒരു ലോകം. നിരവധി പുസ്തകങ്ങള്‍ ഈ മേഖലയില്‍ ലഭ്യമാണ്. സ്കൂള്‍ ലൈബ്രറികളില്‍ നിന്നും അത്തരം പുസ്തകങ്ങള്‍ കണ്ടെടുത്ത് പരീക്ഷണങ്ങളുടെ ലോകത്തെ കൂടുതല്‍ ആകര്‍ഷകമാക്കുക...

Comments