വടക്കുനോക്കിയന്ത്രം പിന്നെ കുറച്ച് ഗാല്‍വനോസ്കോപ്പ് ചിന്തകള്‍
ഒരു കാന്തം ഒപ്പിച്ചു കൊണ്ടുവന്നാല്‍ രസകരമായ പരീക്ഷണങ്ങള്‍ക്ക് തുടക്കമിടാം. സ്പീക്കറിന്റേയും മറ്റും പുറകിലുള്ള കാന്തം ധാരാളം മതിയാകും. അല്ലെങ്കില്‍ ഉത്സവപ്പറമ്പുകളിലും മറ്റും വില്‍പ്പനക്കെത്താറുള്ള, എറിഞ്ഞ് ഒച്ചയുണ്ടാക്കാനായി ഉപയോഗിക്കുന്ന കാന്തങ്ങള്‍ ആയാലും മതി. പരീക്ഷണങ്ങള്‍ക്ക് വേണ്ട ബാക്കി ലിസ്റ്റ് താഴെ
1. മൊട്ടുസൂചി
2. തെര്‍മോക്കോള്‍ ഒരു ചെറിയകഷണം
3. ബ്ലെയിഡ് അല്ലെങ്കില്‍ പേപ്പര്‍ മുറിക്കാനുപയോഗിക്കുന്ന കത്തി
4. പിന്നെ ഒരു പരന്ന പ്ലാസ്റ്റിക്ക് പാത്രത്തിലോ സ്റ്റീല്‍പാത്രത്തിലോ കുറച്ച് വെള്ളം
എന്നാലിനി ആദ്യഘട്ടം തുടങ്ങാം...
കാന്തത്തില്‍ മൊട്ടുസൂചി ഉപയോഗിച്ച് കുറേ നേരം ഉരസുക. മൊട്ടുസൂചിയെ കാന്തമാക്കാനാണ് ഈ പരിപാടി. ഒരു പത്തോ പന്ത്രണ്ടോ തവണ ഉരച്ചാല്‍ മതി. ഒരു വശത്തേക്ക് മാത്രം ഉരയ്ക്കുന്നതാണ് നല്ലത്. ഇനി മൊട്ടുസൂചി കയ്യിലും മറ്റു കുത്തിക്കയറാതെ മാറ്റി വയ്ക്കുക. ഇനി തെര്‍മോക്കോളിലാവാം ചില പണികള്‍. മൊട്ടുസൂചിയേക്കാള്‍ അല്പം കുറഞ്ഞ നീളത്തില്‍ തെര്‍മോക്കോള്‍ ശ്രദ്ധാപൂര്‍വ്വം മുറിച്ചെടുക്കുക. വീതി ഒരു നാലോ അഞ്ചോ മില്ലിമീറ്റര്‍ മതി(സെന്റീമീറ്റര്‍ അല്ല കേട്ടോ).വണ്ണം അതിലും കുറവ് മതി. രണ്ടോ മൂന്നോ മില്ലീമീറ്റര്‍ മാത്രം. ഇനി നമ്മുടെ കാന്തമാക്കിയ മൊട്ടുസൂചി എടുത്ത് ശ്രദ്ധാപൂര്‍വ്വം ഈ തെര്‍മ്മോക്കോള്‍ കഷണത്തിനുള്ളില്‍ കുത്തിയുറപ്പിക്കണം. ചിലപ്പോള്‍ തെര്‍മ്മോക്കോള്‍ കഷണം പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. അതു കൊണ്ട് ശ്രദ്ധാപൂര്‍വ്വം വേണം ഇത് ചെയ്യാന്‍.
ഇനിയാണ് പരീക്ഷത്തിന്റെ അവസാനഭാഗം. തെര്‍മോക്കോളില്‍ കുത്തിയ ഈ മൊട്ടുസൂചി എടുത്ത് പാത്രത്തിലെ വെള്ളത്തിലിടുക. തെക്ക് വടക്കായി മാത്രമേ ഈ മൊട്ടുസൂചി നില്‍ക്കുകയുള്ളൂ.
അതായത് നിങ്ങളുടെ സ്വന്തം വടക്കുനോക്കിയന്ത്രം റെഡി. തെക്കും വടക്കും അറിയാമെങ്കില്‍ ഈ കാന്തസൂചിയുടെ നോര്‍ത്ത് പോളും സൌത്ത് പോളും അടയാളപ്പെടുത്തിയിടാനാകും.
വടക്കുനോക്കിയന്ത്രം കൊണ്ട് നിരവധി പരീക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാനാകും. പണ്ട് ഏഴ്റ്റഡ് എന്ന ഒരു ശാസ്ത്രജ്ഞന്‍ ചെയ്ത യാദൃശ്ചികമായി ചെയ്ത പരീക്ഷണം നമുക്ക് മനപൂര്‍വ്വം തന്നെ ഒന്നു നടത്തിനോക്കാം. ഇതിനായി മറ്റ് ചില ഉപകരണങ്ങള്‍ കൂടി വേണം.
3 വോള്‍ട്ട് ബാറ്ററി
ഇനാമല്‍ഡ് ചെമ്പുകമ്പി ( പഴയ ട്രാന്‍സ്ഫോര്‍മ്മറില്‍ നിന്നും അഴിച്ചെടുത്താല്‍ മതി ) (30 -40 സെന്റീമീറ്റര്‍ മതിയാകും)
നമ്മുടെ വടക്കുനോക്കിയന്ത്രം ഇപ്പോഴും തെക്കുവടക്കായി നില്‍ക്കുന്നുണ്ടല്ലോ അല്ലേ.. എന്നാല്‍ അടുത്ത പരീക്ഷണം തുടരാം. ഇനാമല്‍ഡ് ചെമ്പുകമ്പിയുടെ ഇരുവശത്തുനിന്നും അല്പം ഇനാമല്‍ ചുരണ്ടിക്കളയണം. ബാറ്ററിയുമായി ബന്ധിപ്പിക്കുമ്പോള്‍ വൈദ്യുതി പ്രവഹിക്കാനാണിത്. ഈ ചെമ്പുകമ്പി കാന്തസൂചിക്ക് അല്പം മുകളിലായി വലിച്ചു പിടിക്കണം. തെക്കുവടക്കായി തന്നെ നമ്മുടെ ചെമ്പ് കമ്പി നിന്നു കൊള്ളട്ടെ. ഇനി അതിന്റെ രണ്ടറ്റവും ബാറ്ററിയുമായി ബന്ധിപ്പിക്കുക. കാന്തസൂചി പെട്ടെന്ന് ചലിക്കുന്നത് കാണാന്‍ കഴിയും.
വൈദ്യുതി കടന്നുപോകുന്ന ചെമ്പുകമ്പിക്ക് ചുറ്റും ഒരു കാന്തികമണ്ഡലം ഉണ്ടാകുന്നതാണ് ഇതിന് കാരണം. വൈദ്യുതപ്രവാഹത്തിന്റെ ദിശമാറിയാല്‍ കാന്തസൂചി ചലിക്കുന്നതിന്റെ ദിശക്കും മാറ്റം വരും. ഇനി നിങ്ങളുടെ ലോകമാണ്. പുതിയ തത്വങ്ങള്‍ കണ്ടെത്താനുള്ള ലോകം. കിഴക്കുപടിഞ്ഞാറായി ചെമ്പുകമ്പി വലിച്ചുപിടിച്ചും വൈദ്യുതപ്രവാഹദിശക്ക് മാറ്റം വരുത്തിയും എല്ലാം പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ച് നോക്കുക. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള പല ബന്ധങ്ങളും നിങ്ങള്‍ക്ക് മുന്നില്‍ തെളിഞ്ഞുവരും.....
http://scienceuncle.blogspot.com/2008/04/compass.html
ReplyDelete