ജൂലൈ 17ന് കേരളത്തില്‍ ഭാഗിക ചന്ദ്രഗ്രഹണം.
ചിത്രം: ചന്ദ്രഗ്രഹണം - സ്റ്റെല്ലേറിയം സോഫ്റ്റുവെയര്‍ സ്ക്രീന്‍ഷോട്ട്

ഇന്നു രാത്രി(2019 ജൂലൈ 16) ഉറങ്ങി രാവിലെ 2 മണിയോടെ എണീറ്റ് ചന്ദ്രനെ നോക്കൂ!

ജൂലൈ 17രാവിലെ ഒന്നരയ്ക്കുശേഷമാണ് ഭാഗികഗ്രഹണം ദൃശ്യമായിത്തുടങ്ങുന്നത്. ഏകദേശം മൂന്നു മണിയോടെയാണ് പരമാവധി ഗ്രഹണം. പിന്നീട് ഭൂമിയുടെ നിഴലില്‍നിന്നും ചന്ദ്രന്‍ പതിയെ പുറത്തുവന്നു തുടങ്ങും. രാവിലെ നാലേ കാലോടെ ഗ്രഹണം പൂര്‍ത്തിയാകും.
ആസ്ട്രേലിയ, ആഫ്രിക്ക, സൗത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെല്ലാം ഈ ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ കഴിയും.
എന്താണ് ചന്ദ്രഗ്രഹണം?
ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി വരുന്ന പൗര്‍ണ്ണമിദിനങ്ങളിലാണ് ചന്ദ്രഗ്രഹണം ദൃശ്യമാവുക. എല്ലാ പൗര്‍ണ്ണമി ദിനത്തിലും ഇതുണ്ടാവില്ല. മറിച്ച് ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്ന സമയത്തു മാത്രമേ ഈ പ്രതിഭാസം ഉണ്ടാവൂ. ഇതിന് സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരണം. ഭൂമിയുടെ നിഴല്‍ പൂര്‍ണ്ണമായും ചന്ദ്രനെ മറച്ചാല്‍ അത് പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ്. മനോഹരമായ ഒരു കാഴ്ചയാണത്.
സൂര്യപ്രകാശം നേരിട്ട് ചന്ദ്രലെത്തില്ല എങ്കിലും ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികളില്‍ കുറെ ഭാഗം അപവര്‍ത്തനംമൂലം അല്പം വളഞ്ഞ് ചന്ദ്രനിലെത്തും. ഭൂമിയുടെ അന്തരീക്ഷം ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങളെ ഒഴിച്ച് ബാക്കിയെല്ലാ നിറങ്ങളെയും വിസരിപ്പിച്ചു കളയും. അതിനാല്‍ ഈ സമയം ചന്ദ്രനിലെത്തുന്ന സൂര്യപ്രകാശത്തിന് നേരിയ ചുവന്ന നിറമായിരിക്കും. പൂര്‍ണ്ണ ചന്ദ്രഗ്രഹണസമയത്തെ ചുവന്ന ചന്ദ്രനു കാരണം ഇതാണ്.
ഭാഗിക ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ നിഴല്‍ പൂര്‍ണ്ണമായും ചന്ദ്രനെ മറയ്ക്കില്ല. ഭാഗികമായേ മറയ്ക്കൂ. ആ സമയത്ത് ചുവന്ന ചന്ദ്രനെ കാണണമെന്നില്ല. ഒരു നേരിയ ചുവന്ന നിറം ചിലപ്പോള്‍ ശ്രദ്ധിച്ചുനോക്കിയാല്‍ കണ്ടേയ്ക്കാം എന്നു മാത്രം.
ചന്ദ്രഗ്രഹണസമയത്ത് നേരിട്ടു നോക്കാമോ?
തീര്‍ച്ചയായും നോക്കാം. സൂര്യഗ്രഹണസമയത്ത് നേരിട്ടു നോക്കരുത് എന്നു പറയുന്നത് സൂര്യരശ്മികള്‍ നേരിട്ട് കണ്ണില്‍ പതിക്കും എന്നതിനാലാണ്. ചന്ദ്രഗ്രഹണസമയത്ത് ഇത്തരം അപടകം ഒന്നുമില്ല. സൂര്യന്‍ ഭൂമിയുടെ മറുവശത്തായിരിക്കും. സൂര്യനില്‍നിന്നുള്ള പ്രകാശം ചന്ദ്രനിലെത്തി പ്രതിഫലിച്ച് നമ്മുടെ കണ്ണിലെത്തുമ്പോഴാണ് നാം ചന്ദ്രനെ കാണുന്നത്. പൂര്‍ണ്ണചന്ദ്രനെ നേരിട്ടു നോക്കാവുന്നതിനാല്‍ ഏതു ചന്ദ്രഗ്രഹണവും നമുക്ക് നേരിട്ടു നിരീക്ഷിക്കാം. ആസ്വദിക്കാം. അതിനാല്‍ ചന്ദ്രഗ്രഹണം കാണാനുള്ള അവസരം നാം കളയരുത്. ഉറക്കം കളഞ്ഞാണെങ്കിലും ഗ്രഹണം കാണുക! കൂട്ടുകാരെയും വീട്ടുകാരെയും കാണിക്കുക.
ചന്ദ്രഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാമോ?
ഏതു ഗ്രഹണമായാലും ഭക്ഷണം കഴിക്കുന്നതിന് ഒരു തടസ്സവും ഇല്ല. ഒരു കട്ടന്‍കാപ്പിയും കുടിച്ച് പാതിരാത്രി ആകാശത്തേക്കു നോക്കുന്നത് ഉറക്കം വരാതിരിക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ തോന്നിയാല്‍ ഭക്ഷണം കഴിക്കുക. ഒരു ഗ്രഹണത്തിനും നമ്മുടെ ഭക്ഷണത്തെ ഒന്നും ചെയ്യാന്‍ കഴിയില്ല. അപ്പോ ധൈര്യമായി കപ്പലണ്ടിയും കൊറിച്ച് കട്ടന്‍കാപ്പിയും കുടിച്ച് മാനംനോക്കികളാവുക!
---നവനീത്...
ചിത്രം: ചന്ദ്രഗ്രഹണം - സ്റ്റെല്ലേറിയം സോഫ്റ്റുവെയര്‍ സ്ക്രീന്‍ഷോട്ട്