കരീന നക്ഷത്രരാശിയിലെ ഈറ്റ കരീന കഥ പറയുന്നു.

ഈറ്റ കരീന - ഇരട്ടബലൂണ്‍ നെബുല. മഗ്നീഷ്യത്തിന്റെ സാന്നിദ്ധ്യം നീല നിറത്തില്‍ കാണാം.
കടപ്പാട്: NASA, ESA, N. Smith (University of Arizona) and J. Morse (BoldlyGo Institute)

പണ്ടു പണ്ട് അങ്ങ് ദൂരെ ദൂരെ മൂന്ന് നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു. ദൂരെ എന്നു പറഞ്ഞാല്‍ പ്രകാശത്തിനുപോലും എത്തിച്ചേരാന്‍ 7400വര്‍ഷം വേണ്ടുന്ന ദൂരത്തില്‍. ഓരായം അഥവാ കരീന എന്ന നക്ഷത്രരാശിയിലായിരുന്നു ഈ മൂന്നുപേരും. പരസ്പരം ചുറ്റിക്കറങ്ങി വേര്‍പിരിയാത്ത മുച്ചങ്ങാതിമാര്‍! അങ്ങനെയാണ് മറ്റു നക്ഷത്രങ്ങള്‍ അവരെക്കുറിച്ചു പറഞ്ഞിരുന്നത്. അതില്‍ ഏറ്റവും മൂത്ത നക്ഷത്രത്തിനു പ്രായം ഏറെ കഴിഞ്ഞിരുന്നു. പ്രായം കൂടിയതോടെ ആ നക്ഷത്രം പതിയെ വലുതാവാന്‍ തുടങ്ങി. നക്ഷത്രലോകം അങ്ങനെയാണ്. പ്രായമായാല്‍ നക്ഷത്രങ്ങള്‍ വലുതാവും. പക്ഷേ ഇങ്ങനെ ഒരാള്‍ വലുതാവുന്നത് തൊട്ടടുത്തുള്ള നക്ഷത്രത്തിന് അത്ര ഇഷ്ടപ്പെട്ടില്ല. വലുതായ നക്ഷത്രത്തില്‍നിന്നും ദ്രവ്യം വലിച്ചുകുടിച്ച് വലുതാവാന്‍ തുടങ്ങി ഈ അയല്‍ച്ചങ്ങാതി. ഇതു കണ്ടതോടെ മൂന്നാമത്തെ നക്ഷത്രത്തിന് ഇരിക്കപ്പൊറുതി ഇല്ലാതെയായി. പരസ്പരം കൂട്ടിമുട്ടാതെ ഇടികൂടാതെ കറങ്ങിക്കൊണ്ടിരുന്ന മൂന്നുപേരുടെയും സന്തുലനം നഷ്ടപ്പെടുന്നതിലേക്കു കാര്യങ്ങളെത്തി. എന്തു ചെയ്യാന്‍, അവസാനം മൂന്നാംചങ്ങാതിയും രണ്ടാംചങ്ങാതിയുംകൂടി പരസ്പരം കൂട്ടിമുട്ടി. രണ്ടു നക്ഷത്രങ്ങളുടെ കൂട്ടിമുട്ടല്‍. നക്ഷത്രലോകം അമ്പരന്നു. വലിയൊരു സ്ഫോടനമായിരുന്നു നടന്നത്. വലിയ തോതില്‍ വെളിച്ചവും പദാര്‍ത്ഥങ്ങളും ചുറ്റിലേക്കു വ്യാപിച്ചു. ഏറെയേറെ അകലെ കിടക്കുന്നവര്‍പോലും ഈ കാഴ്ച കണ്ട് അമ്പരന്നു. മൂന്ന് നക്ഷത്രം ഉണ്ടായത് അവസാനം രണ്ടു നക്ഷത്രമായി ചുരുങ്ങി. പത്തുവര്‍ഷത്തോളമാണ് ഈ കുട്ടിമുട്ടലില്‍നിന്നുള്ള ഉജ്ജ്വലമായ പ്രകാശം നിലനിന്നത്. പിന്നീട് പതിയെ പതിയെ ആ തെളിച്ചം കുറഞ്ഞു. ഇന്ന് ഭൂമിയിലുള്ളവര്‍ക്കുപോലും സൂക്ഷിച്ചുനോക്കിയാലേ ഇവരെ കാണാന്‍ കഴിയൂ!
സംഗതി ഒരു നക്ഷത്രക്കഥയാണ്. സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്ന ഒരു കഥ. തെക്കേ ആകാശ ഭാഗത്തായി കാണപ്പെടുന്ന നക്ഷത്രരാശിയാണ് കരീന. ഈ രാശിയില്‍ ഉള്ള പല നക്ഷത്രങ്ങളെയും മനുഷ്യര്‍ പണ്ടുമുതലേ ശ്രദ്ധിച്ചിരുന്നു. അതിലൊന്നായിരുന്നു ഈറ്റ കരീന എന്ന നക്ഷത്രം. ഇത് ശരിക്കും ഒറ്റനക്ഷത്രം ആയിരുന്നില്ല. മൂന്ന് നക്ഷത്രങ്ങളുടെ കൂട്ടമായിരുന്നിരിക്കാനാണ് കൂടുതല്‍ സാധ്യത. 1677ല്‍ രേഖപ്പെടുത്തപ്പെട്ട ഈറ്റ കരീന എന്ന ഈ നക്ഷത്രം മനുഷ്യര്‍ കൂടുതല്‍ ശ്രദ്ധിച്ചത് 1800കളുടെ മധ്യത്തിലാണ്, ആകാശത്തെ ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളിലൊന്നായി ഇത് മാറിയപ്പോള്‍. പെട്ടെന്നായിരുന്നു അങ്ങനെ ഒരു മാറ്റം. പിന്നീട് ഏതാണ്ട് പത്തുവര്‍ഷത്തോളം ആകാശത്തെ പ്രകാശമാനമായ നക്ഷത്രമായി ഈറ്റകരീന തുടര്‍ന്നു.
പിന്നെയും ഏറെക്കാലം കഴിഞ്ഞ് ഹബിള്‍ സ്പേസ് ടെലിസ്കോപ്പിന്റെ വരവാണ് ഈറ്റ കരീനയുടെ ചരിത്രം തിരുത്തിയെഴുതിയത്. രണ്ടു ബലൂണുകള്‍ കൂടിച്ചേര്‍ന്നതുപോലെ ഒരു ആകൃതിയായിരുന്നു ഈറ്റ കരീനയ്ക്ക്. പണ്ടത്തെ സ്ഫോടനത്തിന്റെ ബാക്കിപത്രം. വലിയൊരു നെബുലയായി പരന്നുകിടക്കുകയാണ് സ്ഫോടനത്തിന്റെ ഫലമായി ഉണ്ടായ നക്ഷത്രപദാര്‍ത്ഥങ്ങള്‍. ഉള്ളില്‍ ഉള്ള നക്ഷത്രം എപ്പോള്‍ വേണമെങ്കിലും ഒരു സൂപ്പര്‍നോവയായി പൊട്ടിത്തെറിക്കാം. അങ്ങനെ സംഭവിച്ചാല്‍ നമ്മുടെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രപഞ്ചക്കാഴ്ചയായി അതു മാറും.
ഈ അത്ഭുത ഇരട്ട നക്ഷത്രത്തിന്റെ ഫോട്ടോ പല തവണ ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് എടുത്തിട്ടുണ്ട്. ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് പ്രകാശത്തിലും ഉള്ള ചിത്രങ്ങളായിരുന്നു അത്. ഇത്തവണ അള്‍ട്രാവൈലറ്റ് പ്രകാശത്തിലാണ് ചിത്രമെടുത്തത്. ഈ ഫോട്ടോ ഏറെ മനോഹരമാണ്. മഗ്നീഷ്യത്തിന്റെ സാന്നിദ്ധ്യം നീല നിറമായി നെബുലയ്ക്കു ചുറ്റും കാണാം. അള്‍ട്രൈവൈലറ്റ് പ്രകാശത്തില്‍ എടുത്തതുകൊണ്ടു മാത്രം വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞ സാന്നിദ്ധ്യം!

---നവനീത്...

ചിത്രം: ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് എടുത്ത ഈറ്റ കരീനയുടെ ചിത്രം. ഇരട്ടബലൂണ്‍ നെബുല വളരെ മനോഹരമായ ഒരു കാഴ്ചയാണിതില്‍. മഗ്നീഷ്യത്തിന്റെ സാന്നിദ്ധ്യം നീല നിറത്തിലും കാണാം.
കടപ്പാട്: NASA, ESA, N. Smith (University of Arizona) and J. Morse (BoldlyGo Institute)

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith