ഭൂമിയെ ആക്രമിക്കാന്‍ വരുന്ന ഉല്‍ക്കയല്ല 2000QW7

2000 QW7.
സെപ്തംബറില്‍ ഭൂമിക്കരികിലൂടെ കടന്നുപോകും എന്നു പറയുന്ന ഒരു വലിയ പാറക്കല്ലിന്റെ പേരാണിത്. എന്തോ വലിയൊരു ദുരന്തം സെപ്തംബറില്‍ വരും എന്ന രീതിയിലാണ് മാധ്യമങ്ങളില്‍ ഈ കല്ലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്.
ഏതെങ്കിലും ജ്യോതിശാസ്ത്രജ്ഞരോടോ അമ്വച്വര്‍ നിരീക്ഷകരോടോപോലും ചോദിച്ചാല്‍ അവര്‍ ചിരിച്ചുതള്ളും അത്തരം റിപ്പോര്‍ട്ടിങിനെ!
2000QW7 ന്റെ ഓര്‍ബിറ്റല്‍ ഡയഗ്രം. മറ്റു ഗ്രഹങ്ങളും കാണാം.
2000 QW7 കടന്നുപോകുന്നത് ഏതാണ്ട് 57ലക്ഷം കിലോമീറ്റര്‍ അകലെക്കൂടിയാണ്. സെക്കന്‍ഡില്‍ ആറ് കിലോമീറ്ററിലധികം വേഗത്തിലാണ് ഈ പോക്ക്.
ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം 4ലക്ഷം കിലോമീറ്റര്‍ വരും. ചന്ദ്രനാകട്ടെ ദിവസവും ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനു കിലോമീറ്റര്‍ വ്യാസമുള്ള ഒരു ഗോളമാണ്. ആ ചന്ദ്രനെ നമുക്ക് പേടിയില്ല. പിന്നെയാണോ 57ലക്ഷം കിലോമീറ്റര്‍ അകലെക്കൂടി കടന്നുപോകുന്ന, അരക്കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള ഒരു കല്ല്!


അതായത് ഒട്ടും പേടിക്കാനില്ലെന്നര്‍ത്ഥം!

സൂര്യനു ചുറ്റുമാണ് ഈ കല്ലിന്റെ സഞ്ചാരം. ഇടയ്ക്കിടെ ഭൂമിയുടെ അരികിലൂടെ! ഇങ്ങനെയിത് കടന്നുപോവുകയും ചെയ്യും. ഓരോ തവണയും ഓരോ അകലം ആയിരിക്കും. കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോള്‍പ്പോലും അത് 47ലക്ഷം കിലോമീറ്റര്‍ അകലെ ആയിരിക്കും!

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഈ കല്ല് ഭൂമിയുടെ ഏതാനും ആയിരം കിലോമീറ്റര്‍ അകലെക്കൂടിയെങ്ങാനുമാണ് പോയിരുന്നതെങ്കില്‍ ശരിക്കും പേടിക്കേണ്ട അവസ്ഥയായേനെ! അങ്ങനെയല്ലാത്തതിനാലും ഭൂമിയുടെ അരികെക്കൂടിയേ അല്ല കടന്നുപോകുന്നതെന്നതിനാലും ഇപ്പോള്‍ ഒട്ടും പേടിക്കേണ്ടതില്ല.

---നവനീത്...

ചിത്രം : ആ കല്ലിന്റെ ഓര്‍ബിറ്റല്‍ ഡയഗ്രം!

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

ജിന്നി എന്ന ഇൻജിന്യൂയിറ്റി ഇന്നു ചൊവ്വയിൽ പറന്നുയരും! MARS HELICOPTER | Ingenuity