ചന്ദ്രയാന്‍ 2 ന്റെ പ്രവര്‍ത്തനം പരിശോധിക്കുന്ന ഇസ്രോ ടീം. കടപ്പാട്: ISRO

ചന്ദ്രയാന്‍ 2 ഭൂമിക്കു ചുറ്റുമുള്ള പരിക്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ഇന്നുരാവിലെ രണ്ടരയോട് അടുപ്പിച്ചാണ് ചന്ദ്രയാനിലെ റോക്കറ്റുകള്‍ ജ്വലിപ്പിച്ച് ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്റ്ററി എന്ന പാതയിലേക്ക് ചന്ദ്രയാന്‍ മാറിയത്. ഇരുപതു മിനിറ്റും മൂന്ന് സെക്കന്റുമാണ് റോക്കറ്റ് കത്തിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് 6നായിരുന്നു ചന്ദ്രയാന്റെ ഭൂമിക്കു ചുറ്റുമുള്ള പരിക്രമണപഥം ഏറ്റവും അവസാനമായി ഉയര്‍ത്തിയത്. ഇതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വളരെ കൃത്യതയോടെ നടന്നതായി ഇസ്രോ അറിയിച്ചിട്ടുണ്ട്. ഈ വരുന്ന ഇരുപതിനാണ് ഇനി ചന്ദ്രയാന്‍ ചന്ദ്രന്റെ അടുത്തെത്തുക. അന്ന് വീണ്ടും റോക്കറ്റുകള്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ആകര്‍ഷണവലയത്തിലേക്ക് ചന്ദ്രയാന്‍ വീഴും. ചന്ദ്രനു ചുറ്റുമുള്ള 118 x 18078 കിലോമീറ്റര്‍ ദീര്‍ഘവൃത്താകൃതിയിലുള്ള പരിക്രമണപഥത്തിലാവും പിന്നീട് ചന്ദ്രയാന്‍. അവിടെനിന്നും ആഗസ്റ്റ് 21, 28, 30, സെപ്തംബര്‍ 1 എന്നീ ദിവസങ്ങളില്‍ വീണ്ടും റോക്കറ്റുകള്‍ ജ്വലിപ്പിച്ച് ഈ പരിക്രമണപഥത്തിന്റെ ഉയരം തുടര്‍ച്ചയായി കുറച്ചുകൊണ്ടുവരും. സെപ്തംബര്‍ 1ലെ റോക്കറ്റ് ജ്വലനത്തിലൂടെ 114 x 128 കിലോമീറ്റര്‍ എന്ന പരിക്രമണപഥത്തിലാവും ചന്ദ്രയാന്‍. പിന്നീട് സെപ്തംബര്‍ 2ന് ഇവിടെനിന്നാവും പ്രഗ്യാന്‍ റോവര്‍ ഉള്‍പ്പെടുന്ന വിക്രംലാന്‍ഡര്‍ ചന്ദ്രയാനില്‍നിന്നും വേര്‍പെട്ട് ചന്ദ്രനിലേക്കുള്ള ഇറക്കം ആരംഭിക്കുക. സെപ്തംബര്‍ 7നാവും വിക്രംലാന്‍ഡര്‍ ചന്ദ്രനെ തൊടുന്നത്. ശ്വാസമടക്കിപ്പിടിച്ചിരിക്കേണ്ട 15 മിനിറ്റുകള്‍ അന്നാണ്. ഭീകരതയുടെ 15 മിനിറ്റുകള്‍ എന്ന് ഇസ്രോ ചെയര്‍മാന്‍ വിശേഷിപ്പിച്ച അതീവദുഷ്കരമായ ലാന്‍ഡിങ്.

---നവനീത്...

ചിത്രം കടപ്പാട് ISRO