വിക്രം ലാന്‍ഡറുമായുള്ള ബന്ധം 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായതായി ISRO



വിക്രം ലാന്‍ഡര്‍ എന്ന പരീക്ഷണം, പരീക്ഷണം എന്ന നിലയില്‍ വിജയം തന്നെ!
------------------

ചന്ദ്രയാന്‍‍‍ 2 ലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം 2.1 കിലോമീറ്റര്‍ ഉയരെ വച്ച് നഷ്ടമായെന്ന് ഇസ്രോ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇനി ഏതെങ്കിലും കാരണവശാല്‍ ലാന്‍ഡിങ് വിജയകരമായിട്ടുണ്ടെങ്കില്‍ ഏതാനും മണിക്കൂറുകള്‍ക്കുശേഷം അറിയാം. ഒരു പക്ഷേ ചന്ദ്രനിലെ പൊടി ഉയര്‍ന്നതുമൂലം ബന്ധം നഷ്ടമായതും ആവാം. അല്ലെങ്കില്‍ ആന്റിനയുടെ ദിശ മാറിയതാവാം. അങ്ങനെ പല സാധ്യതകളും ഉണ്ട്.
എന്തായാലും വിക്രം ലാന്‍ഡര്‍ അതിന്റെ രണ്ട് ഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടിരുന്നു. അവസാനനിമിഷമാണ് നമുക്ക് ബന്ധം നഷ്ടമായിട്ടുള്ളത്. അതിനാല്‍ ഇനി ബന്ധം പുനസ്ഥാപിക്കാന്‍ ആയില്ലെങ്കില്‍പ്പോലും വിക്രം ലാന്‍ഡര്‍ പൂര്‍ണ്ണ പരാജയം ആവില്ല.

വിക്രം ലാന്‍ഡറിന്റെ സ്ഥാനം.

അവസാനഡാറ്റയില്‍നിന്നും കിട്ടിയ ഗ്രാഫ് പരിശോധിച്ചാല്‍ 1 കിലോമീറ്റര്‍ ഉയരെ വരെയുള്ള വിവരം ലഭ്യമായിട്ടുണ്ട് എന്നു തോന്നുന്നു. ഇറങ്ങേണ്ട സ്ഥലത്തുനിന്നും ഏതാണ്ട് അത്രയും ദൂരെ വരെ ഗ്രാഫ് പ്രകാരം പേടകം എത്തിയിട്ടുമുണ്ട്. ഡാറ്റ വിശകലനം ചെയ്ത് കൂടുതല്‍ വിവരം ഇസ്രോ കേന്ദ്രങ്ങള്‍ അധികം താമസിയാതെ പുറത്തുവിടുമെന്നു കരുതാം.

ഒരു ശാസ്ത്രപരീക്ഷണമാണ് നമ്മള്‍ നടത്തിയത്. പരീക്ഷണങ്ങള്‍ ഒരിക്കലും പരാജയപ്പെടാറില്ല. ഉദ്ദേശിച്ചപോലെ നടന്നില്ലെങ്കിലും അതില്‍നിന്നും ഒത്തിരി കാര്യങ്ങള്‍ നമുക്ക് പഠിക്കാനാവും. പുതിയ ഡാറ്റ അതില്‍നിന്നും ലഭിക്കും. അങ്ങനെയൊരു പരീക്ഷണമാണ് വിക്രം ലാന്‍ഡറിലൂടെ ഇസ്രോ നടത്തിയത്. അതിനാല്‍ പരീക്ഷണം എന്ന നിലയില്‍ ലാന്‍ഡര്‍ വിജയം തന്നെ എന്നു പറയാം.

എട്ടു പരീക്ഷണോപകരണങ്ങള്‍‍ ഉള്ള ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനു ചുറ്റുമുണ്ട്. അത് നിലവിലെ അവസ്ഥവച്ച്‍ പരിപൂര്‍ണ്ണ വിജയം എന്നു വിലയിരുത്താം.

---നവനീത്...

ചിത്രം: ISRO

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith