ഭൂമിക്കരികിലൂടെ നാളെ രണ്ടു ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുന്നു!

ഭൂമിക്കരികിലൂടെ നാളെ രണ്ടു ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുന്നു!

വെസ്റ്റ എന്ന ഛിന്നഗ്രഹം. 


സെപ്തംബര്‍ 14 ന് രണ്ടു ഛിന്നഗ്രഹങ്ങള്‍ ഭൂമിക്കരികിലൂടെ കടന്നുപോകുന്നു. അരികിലൂടെ എന്നു പറഞ്ഞാല്‍ അത്ര അടുത്തൊന്നും അല്ലാട്ടോ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ പതിന്നാല് ഇരട്ടി അകലത്തിലൂടെയാണ് രണ്ടു ചങ്ങാതിമാരും കടന്നുപോവുക. 2010 C01 എന്നു പേരുള്ള ഛിന്നഗ്രഹം 14 ന് രാവിലെ ഒന്‍പതു മണിയോടെയാവും ഭൂമിയോട് ഹായ് പറഞ്ഞ് കടന്നുപോവുന്നത്. 120മീറ്റര്‍ മുതല്‍ 260 മീറ്റര്‍വരെ വലിപ്പമുണ്ട് ഈ ഛിന്നഗ്രഹത്തിന്. അന്നുതന്നെ വൈകിട്ട് അഞ്ചരയോടെ കടന്നുപോവുന്ന 2000QWZ എന്ന ഛിന്നഗ്രഹം പക്ഷേ കുറെക്കൂടി വലുതാണ്. 290 മീറ്റര്‍ മുതല്‍ 650മീറ്റര്‍വരെ വലിപ്പമുണ്ടാവും ആ ചങ്ങാതിക്ക്.
2010 C01, 2000QWZ എന്നൊക്കെയുള്ള പേരു കേട്ട് ഇതെന്താ ഇങ്ങനെ എന്നു നെറ്റി ചുളിക്കേണ്ടതില്ല. ഛിന്നഗ്രഹത്തെ കണ്ടെത്തിയ വര്‍ഷമാണ് പേരിനു മുന്നില്‍ നല്‍കുക. 2010ലും 2000ത്തിലും ആണ് അവയെ കണ്ടെത്തിയത് എന്നര്‍ത്ഥം.

ഈ രണ്ട് ഛിന്നഗ്രഹങ്ങളും അത്യാവശ്യം വലുതാണ്. എന്നിരുന്നാലും ഭൂമിക്ക് ഇവ ഒരു തരത്തിലുള്ള ഭീഷണിയും അല്ല. പത്തും ഇരുപതും വര്‍ഷം മുന്‍പ് കണ്ടെത്തിയ ഇവയുടെ പാത നമ്മള്‍ കൃത്യമായി കണക്കാക്കിയിട്ടുണ്ട്. ഒരിക്കലും ഭൂമിയുടെ അരികിലേക്കുപോലും ഇവ എത്തിച്ചേരില്ല എന്ന് അതിനാല്‍ത്തന്നെ ഉറപ്പുണ്ട്. ഗുരുത്വാകര്‍ഷണനിയമം നല്‍കുന്ന ഉറപ്പ്.

---നവനീത്...

ചിത്രത്തില്‍ കാണുന്നത് ഈ രണ്ട് ഛിന്നഗ്രഹവും അല്ല കേട്ടോ. വെസ്റ്റ എന്ന ഛിന്നഗ്രഹമാണിത്. 500കിലോമീറ്ററിലധികം വ്യാസമുള്ള അത്യാവശ്യം വലിയൊരു ആകാശഗോളമാണ് വെസ്റ്റ! കടപ്പാട്  : NASA


Comments