ഇന്ത്യയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ ആസ്ട്രോസാറ്റ് - പ്രപഞ്ചാന്വേഷണം ഇതിലൂടെയും ആവാം!

പ്രപഞ്ചത്തെക്കുറിച്ചു പഠിക്കാം ഇന്ത്യയുടെ ബഹിരാകാശ  ടെലിസ്കോപ്പായ ആസ്ട്രോസാറ്റിലൂടെ

ഹബിള്‍ സ്പേസ് ടെലിസ്കോപ്പ് എന്നു കേട്ടിട്ടില്ലാത്ത ജ്യോതിശ്ശാസ്ത്രതത്പരര്‍ വിരളമായിരിക്കും. ബഹിരാകാശത്ത് സ്ഥാപിച്ചിരിക്കുന്ന ടെലിസ്കോപ്പാണത്. ഹബിളിനെപ്പോലെ ബഹിരാകാശത്ത് മറ്റു ടെലിസ്കോപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്കുമുണ്ട് അത്തരം ഒരു ടെലിസ്കോപ്പ്. ഇന്ത്യയുടെ ബഹിരാകാശ ടെലിസ്കോപ്പിനെ ആസ്ട്രോസാറ്റ് എന്നാണ് വിളിക്കുക. അള്‍ട്രാവൈലറ്റ്, എക്സ്-റേ തുടങ്ങിയ പ്രകാശത്തില്‍ പ്രപഞ്ചത്തെ വീക്ഷിക്കാനുള്ള ഒരു ടെലിസ്കോപ്പാണിത്. അള്‍ട്രാവൈലറ്റിലും എക്സ്-റേയിലും ഒരേസമയം പ്രപഞ്ചത്തെ വീക്ഷിക്കാന്‍ കഴിയുന്ന ടെലിസ്കോപ്പ് എന്നതാണ് ആസ്ട്രോസാറ്റിനെ വ്യത്യസ്തമാക്കുന്നത്.

IC2574 എന്ന കുള്ളന്‍ഗാലക്സിയുടെ അള്‍ട്രാവൈലറ്റ് ചിത്രം
കടപ്പാട്: Chayan Mondal and collaborators


നിരവധി ചിത്രങ്ങള്‍ ആസ്ട്രോസാറ്റും പുറത്തുവിട്ടിട്ടുണ്ട്. അതിലൊന്നാണ് ചിത്രത്തില്‍. IC2574 എന്ന ഒരു കുള്ളന്‍ഗാലക്സിയുടെ അള്‍ട്രാവൈലറ്റ് ചിത്രമാണത്.  വാമനതാരാപഥം എന്നും പറയാം. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇത്തരം ഗാലക്സികളാണ്.
നൂറോ കോടിയോ അതില്‍ താഴെയോ മാത്രം നക്ഷത്രങ്ങളെ ഉള്‍ക്കൊള്ളുന്ന ഗാലക്സികളാണിത്. മറ്റു വലിയ ഗാലക്സികളില്‍ പതിനായിരക്കണക്കിനു കോടി നക്ഷത്രങ്ങള്‍ ഉണ്ടാവും. അതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ നൂറുകോടി എന്നത് ചെറിയ അളവാണ് എന്നു മാത്രം. അതിനാലാണ് ഇവയെ കുള്ളന്‍ഗാലക്സി എന്നു വിളിക്കുന്നത്.
1898ലാണ് ഈ ഗാലക്സിയെ(IC2574) കണ്ടെത്തുന്നത്. സപ്തര്‍ഷിമണ്ഡലം എന്ന ഏവര്‍ക്കും പരിചിതമായ നക്ഷത്രരാശിയിലാണ് ഈ ഗാലക്സി. പ്രത്യേകിച്ച് ഒരു ആകൃതിയൊന്നും ഈ ഗാലക്സിക്ക് ഇല്ല. ക്രമരഹിതമായ ഒരു രൂപം. അത്രതന്നെ.

ആസ്ട്രോസാറ്റ് ഉപയോഗിച്ച് ആര്‍ക്കും ചിത്രങ്ങളെടുക്കാം. മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കണം എന്നു മാത്രം. പൊതുവില്‍ സര്‍വ്വകലാശാലകള്‍ക്കും അവിടത്തെ ഗവേഷകര്‍ക്കും ഒക്കെയാണ് അനുമതി കിട്ടുക. അങ്ങനെ എടുത്ത ചിത്രമാണിത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ Chayan Mondal ലും കൂട്ടരും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിനായിട്ടാണ് ആസ്ട്രോസാറ്റ് ഈ ചിത്രമെടുത്തത്.  ആസ്ട്രോസാറ്റിലെ ഒരു ഉപകരണമായ Ultraviolet Imaging Telescope (UVIT) ഉപയോഗിച്ച് എടുത്ത ഈ അള്‍ട്രാവൈലറ്റ് ചിത്രത്തില്‍നിന്നും ഗാലക്സിയിലെ ഭാരമേറിയ നക്ഷത്രങ്ങളെ നിരീക്ഷിച്ചായിരുന്നു ഇവരുടെ പഠനം. വലിയ നക്ഷത്രങ്ങളുടെ അന്ത്യത്തില്‍ ഉണ്ടാകുന്ന സൂപ്പര്‍നോവ വിസ്ഫോടനങ്ങളുടെ ഫലമായിട്ട് പുതിയ നക്ഷത്രങ്ങള്‍ ഉണ്ടാവാറുണ്ട്. ഈ ഗാലക്സിയിലെ ഭാരമേറിയ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നും ഇങ്ങനെയുള്ള വിസ്ഫോടനത്തിന്റെ ഫലമായിട്ട് ഉണ്ടായിട്ടുള്ളതാവാം  എന്നതായിരുന്നു ഇവരുടെ കണ്ടെത്തല്‍.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇവരുടെ പഠനം പ്രസിദ്ധീകരിക്കുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ എന്‍ സിന്ധുവും കൂട്ടരും നടത്തിയ പഠനവും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് അവരുടെ പഠനം പുറത്തുവരുന്നത്. കര്‍ക്കിടകം രാശിയിലെ കിംങ് കോബ്രാ ക്ലസ്റ്റര്‍ എന്ന നക്ഷത്രക്കൂട്ടത്തിന്റെ അള്‍ട്രാവൈലറ്റ് ചിത്രമെടുത്തായിരുന്നു അവരുടെ പഠനം. സൂര്യന്റെ അതേ പ്രായമുള്ള കുറെ നക്ഷത്രങ്ങളുടെ കൂട്ടമാണ് കിങ് കോബ്ര നക്ഷത്രക്കൂട്ടം.

ഇന്ത്യയിലെ ജ്യോതിശ്ശാസ്ത്രഗവേഷകര്‍ക്ക് വലിയൊരു അവസരമാണ് ആസ്ട്രോസാറ്റ് ഒരുക്കുന്നത്. അത് പ്രയോജനപ്പെടുത്താന്‍ കേരളത്തിലെ ഗവേഷകരും മുന്നോട്ടുവരണം. പഠനകാലാവധി കഴിഞ്ഞാല്‍ ആസ്ട്രോസാറ്റ് ഡാറ്റ മുഴുവന്‍ പൊതു ആവശ്യങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നുണ്ട്. അത് ആര്‍ക്കും പ്രയോജനപ്പെടുത്താം.
ആസ്ട്രോസാറ്റിന്റെ സഹായത്തോടെ  പ്രപഞ്ചത്തെക്കുറിച്ചുള്ള പുതിയ പുതിയ കണ്ടെത്തലുകളുടെ ഭാഗമാകാന്‍ നമുക്കും കഴിയണം.

---നവനീത്...

ചിത്രത്തിനു കടപ്പാട്  : ASTROSAT/Chayan Mondal and collaborators

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി