ഹസ്സ അല്‍ മന്‍സൗരി ബഹിരാകാശനിലയത്തില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു.
ഹസ്സ അല്‍ മന്‍സൗരി ബഹിരാകാശനിലയത്തില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു.
ഹസ്സ അലി മന്‍സൗരിയും സംഘവും ബഹിരാകാശത്തേക്കു കുതിക്കുന്നു. കടപ്പാട്: NASA/Bill Ingalls |
യു എ ഇയുടെ ആദ്യ ബഹിരാകാശസഞ്ചാരി ഹസ്സ അല്‍ മന്‍സൗരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ആറ് മണിക്കൂറോളം നീണ്ട ബഹിരാകാശയാത്രയ്ക്ക് ഒടുവിലാണ് ഹസ്സയും രണ്ടു സഹയാത്രികരും നിലയത്തിലെത്തിയത്. ജെസിക്കാ മെയ്ര്‍, ഒലെക് സ്ക്രിപോച്ക എന്നിവരാണ് മറ്റു രണ്ടു പേര്‍.
ഇന്നലെ കസാക്കിസ്താനിലെ ബെയ്ക്കനൂര്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് സോയൂസ് റോക്കറ്റിലേറി അവര്‍ ഭൂമിയില്‍നിന്ന് കുതിച്ചുയര്‍ന്നപ്പോള്‍ യു എ ഇ ജനത മുഴുവന്‍ ആവേശക്കൊടുമുടിയിലായിരുന്നു. സോയൂസ് MS-15 എന്ന പേടകത്തില്‍ നാല് തവണ ഭൂമിയെ വലം വച്ച ശേഷമാണ് അവര്‍ നിലയത്തിലെത്തിയത്. ഇന്ത്യന്‍സമയം രാവിലെ ഒന്നേകാലോടെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ സെവാദ മോഡ്യൂളുമായി സോയൂസ് MS-15 ഡോക്ക് ചെയ്തു. ഡോക്കിങിനു ശേഷവും രണ്ടു മണിക്കൂറോളം അവര്‍ സോയൂസ് മോഡ്യൂളില്‍ത്തന്നെ തുടര്‍ന്നു. പിന്നീട് ഇന്ത്യന്‍ സമയം രാവിലെ മൂന്നേ കാലോടെയാണ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നിലയത്തിന്റെ വാതിലുകള്‍ തുറന്നത്.
സ്റ്റേഷന്‍ കമാന്‍ഡര്‍ ആയ അലക്സിയും സഹതാമസക്കാരായ ക്രിസ്റ്റീന, നിക്ക്, ആന്‍ഡ്രൂ, ലൂകാ, അലക്സാണ്ടര്‍ എന്നിവരും ചേര്‍ന്ന് പുതിയ അംഗങ്ങളെ ബഹിരാകാശവീട്ടിലേക്ക് സ്വാഗതം ചെയ്തു! വലിയൊരു ചരിത്രത്തിലേക്കാണ് ഹസ്സ അല്‍ മന്‍സൗരി കാലെടുത്തു വച്ചത്. യു എ ഇയുടെ ആദ്യ ബഹിരാകാശയാത്രികന്‍ എന്ന ബഹുമതി മാത്രമല്ല, അന്താരാഷ്ട്രബഹിരാകാശനിലയത്തില്‍ താമസിക്കുന്ന ആദ്യ യു എ ഇ പൗരന്‍ എന്ന ബഹുമതി കൂടിയാണ് ഹസ്സയെ തേടിയെത്തിയത്. നിലയം സന്ദര്‍ശിച്ച പത്തൊന്‍പതാമത്തെ രാജ്യമാണ് യു എ ഇ.
ഹസ്സ അല്‍ മന്‍സൂരിയും ജെസ്സികാ മേയ്റും |
ഹസ്സയ്ക്കൊപ്പം നിലയത്തിലേക്കു പോയ രണ്ടു പേരും ഇനി ആറു മാസത്തോളം അവിടെ താമസിച്ച് പഠനങ്ങള്‍ നടത്തും. 250ഓളം ശാസ്ത്ര പരീക്ഷണങ്ങള്‍ക്കാവും അവര്‍ നേതൃത്വം നല്‍കുക. പ്രപഞ്ചത്തിലെ അജ്ഞാതദ്രവ്യം അഥവാ ഡാര്‍ക്ക് മാറ്ററിനെക്കുറിച്ചു പഠിക്കാന്‍ നിലയത്തില്‍ സ്ഥാപിച്ചിട്ടുള്ള ആല്‍ഫാ മാഗ്നറ്റിക് സ്പെക്ട്രോമീറ്ററിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി അതിനെ മെച്ചപ്പെടുത്തലും പരീക്ഷണങ്ങളുടെ ഭാഗമായി നടക്കും.
ചിത്രം: റോക്കറ്റിനരികെ നിന്ന് ഹസ്സ അല്‍ മന്‍സൗരി അമേരിക്കന്‍ ആസ്ട്രനോട്ട് ആയ ജെസ്സിക്കയ്ക്കൊപ്പം എടുത്ത സെല്‍ഫി!
ചിത്രത്തിനു കടപ്പാട് : Jessica Meir ; @Astro_Jessica ട്വിറ്റര്‍ അക്കൗണ്ട്.
Comments
Post a Comment