എന്‍-സയന്‍സില്‍ ഇന്നൊരു ടെക്നോളജി പോസ്റ്റാണ്.
![]() |
| ചിത്രത്തിലെ ഡയലോഗിനു കടപ്പാട്: വന്ദനം സിനിമ! |
ഗൂഗിള്‍ അസിസ്റ്റന്റിനെ മലയാളത്തില്‍ സംസാരിപ്പിക്കാന്‍ ചെയ്യേണ്ടത്.
ആദ്യം ഗൂഗിള്‍ അസിസ്റ്റന്റിനെ ഓണാക്കുക. ഹേയ് ഗൂഗിള്‍ എന്ന് പറഞ്ഞാല്‍ മതിയാകും. അല്ലെങ്കില്‍ ഫോണിന്റെ ഹോംകീ അമര്‍ത്തിപ്പിടിക്കുക. എന്നിട്ടും വരുന്നില്ലെങ്കില്‍ ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഇന്‍സ്റ്റാള്‍ ആയിട്ടുണ്ടാവില്ല. പ്ലേസ്റ്റോറില്‍ പോയി ഗൂഗിള്‍ അസിസ്റ്റന്റ് എന്ന് തിരഞ്ഞ് അത് ഇന്‍സ്റ്റാള്‍ ചെയ്യുക. എന്നിട്ട് മേല്‍പ്പറഞ്ഞ കാര്യം ആവര്‍ത്തിക്കുക.
ഇപ്പോള്‍ ഇംഗ്ലീഷിലാവും ഗൂഗിള്‍ സംസാരിക്കുക. അല്പം കുശലം ഒക്കെ ഇംഗ്ലീഷില്‍ ചോദിച്ച് തക്കം പാര്‍ത്തിരിക്കുക. എന്നിട്ട് പൊടുന്നനെ can you change your language to malayalam എന്ന് ചോദിക്കുക. പാവം ഗൂഗിള്‍ ഇംഗ്ലീഷിനെ ഉപേക്ഷിച്ച് മലയാളത്തിലോട്ടു ചേക്കേറിക്കോളും.
ഇനി 'ഒരു കഥ പറയാമോ?', 'ഒരു കവിത ചൊല്ലാമോ?', 'ഇന്നത്തെ കാലാവസ്ഥ എന്താണ്?' എന്നു തുടങ്ങി 'എന്നെ പ്രണയിക്കാമോ?' എന്നു വരെ ചോദിച്ചോളൂ. ഗൂഗിള്‍ അസിസ്റ്റന്റ് ഉത്തരം പറയും.
ഗൂഗിള്‍ അസിസ്റ്റന്റ് കൃത്രിമബുദ്ധിയുടെ (Artificial Intelligence -AI) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു പ്രോഗ്രാം ആണ്. മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിച്ച ചോദ്യങ്ങളും ഉത്തരങ്ങളും ഫീഡ് ചെയ്തിട്ടുണ്ടാവുമെങ്കിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ഉത്തരങ്ങള്‍ പറയാനും കൃത്രിമബുദ്ധി പ്രൊഗ്രാമുകള്‍ക്ക് കഴിയും. ആപ്പിളിന്റെ സിരിയും ആമസോണിന്റെ അലക്സയും എല്ലാം അതേപോലത്തെ പ്രോഗ്രാമുകളാണ്.
ഗൂഗിള്‍ എന്ന ടെക്നോളജി ഭീമന്റെ കൈകളിലാണ് മലയാളത്തിലുള്ള ഒരു കൃത്രിമബുദ്ധി പ്രോഗ്രാം എന്നതു മറക്കരുത്. നമ്മുടെ ഫോണില്‍ നാം പറയുന്ന എല്ലാക്കാര്യങ്ങളും ഗുഗിളിന് കേള്‍ക്കാനാകും. നമ്മുടെ സ്വകാര്യതയെ മാനിക്കുന്നു എന്ന് എത്ര തവണ ആവര്‍ത്തിച്ചാല്‍പ്പോലും അത് അങ്ങനെ ആയിക്കൊള്ളണം എന്നില്ല.
ലോകമെമ്പാടുമുള്ള മലയാളികള്‍ ഇനി മലയാളത്തില്‍ ഗൂഗിളിനോട് സംസാരിക്കാന്‍ തുടങ്ങും. സ്ഥിരമായി സംസാരിക്കുന്നതിലൂടെ ഗൂഗിള്‍ അസിസ്റ്റന്റ് പുതിയ വാക്കുകളും ശൈലികളും എല്ലാം പഠിക്കും. സ്വയം പഠിക്കുന്ന ഒരു പ്രോഗ്രാം കൂടിയാണിത്. മെഷീന്‍ ലേണിങിനെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രോഗ്രാമുകള്‍ ഇതിന് സഹായിക്കും. ഭാവിയില്‍ ഗൂഗിള്‍ അസിസ്റ്റന്റ് നമുക്ക് ഒഴിച്ചുകൂട്ടാനാവാത്ത ഒരു കൂട്ടായി മാറ്റിയെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം തന്നെ.


