48% വരെ ആയുസ്സ് കൂട്ടാനുള്ള മരുന്നുമായി ഗവേഷകര്‍!
48% വരെ ആയുസ്സ് കൂട്ടാനുള്ള മരുന്നുമായി ഗവേഷകര്‍!
മനുഷ്യചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. നമ്മുടെ ശരാശരി ആയുസ്സ് നിരന്തരം വര്‍ദ്ധിച്ചിട്ടേ ഉള്ളൂ. ശരാശരി ആയുസ്സ് 32വയസ്സില്‍നിന്ന് 60 ഉം 70ഉം ഒക്കെയായി ഇന്ത്യയില്‍ത്തന്നെ വര്‍ദ്ധിച്ചിട്ടുണ്ട്. കാനഡയിലും മറ്റും ഇത് 80വയസ്സിനു മുകളിലാണ്. മനുഷ്യരുടെ ശരാശരി ആയുസ്സ് വര്‍ദ്ധിച്ചതിന് നന്ദി പറയേണ്ടത് സയന്‍സിനോടാണ്. പ്രത്യേകിച്ചും വൈദ്യശ്ശാസ്ത്രത്തോട്. അവര്‍ നിരന്തരം നടത്തുന്ന പരീക്ഷണങ്ങളും ഗവേഷണങ്ങളുമാണ് നമ്മുടെ ജീവിതത്തെ ഇത്രമേല്‍ ദീര്‍ഘിപ്പിച്ചത്.ലാബില്‍ വളര്‍ത്തുന്ന പഴയീച്ചകള്‍. കടപ്പാട്: Dr Luke Tain (Max Planck Institute for Biology of Ageing), a co-author of the study. https://www.ucl.ac.uk/ |
പ്രതീക്ഷിതായുസ്സ് ഇനിയും വര്‍ദ്ധിപ്പിക്കാനാണ് ലോകം മുഴുവന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വയസ്സാവുക എന്ന പ്രക്രിയയെ എത്രത്തോളം വൈകിപ്പിക്കാമോ അത്രത്തോളം വൈകിപ്പിക്കുക. ഏതാണ്ട് 150 വയസ്സുവരെയൊക്കെ ജീവിച്ചിരിക്കാന്‍ കഴിയുന്ന മനുഷ്യര്‍ അധികം താമസിയാതെ യാഥാര്‍ത്ഥ്യമായേക്കാം! ചില ഗവേഷണങ്ങള്‍ നല്‍കുന്ന സൂചന അങ്ങനെയാണ്.
നേരിട്ട് മനുഷ്യരിലല്ല ഒരു മരുന്നുപരീക്ഷണവും നടത്തുന്നത്. അത് മറ്റ് അനുയോജ്യമായ മൃഗങ്ങളിലും പ്രാണികളിലും ഒക്കെയാണ്. ലണ്ടണ്‍ യൂണിവേഴ്സിറ്റി കോളെജിലെ ഗവേഷകര്‍ പഴയീച്ചകളില്‍ (Drosophila) നടത്തിയ പരീക്ഷണങ്ങള്‍ അവയുടെ ആയുസ്സ് 48%വരെ വര്‍ദ്ധിപ്പിച്ചു. ലിത്തിയം, ട്രാംടിനിബ് (trametinib), റാപമൈസിന്‍(Rapamycin) എന്നീ മരുന്നുകളുടെ കോംബിനേഷന്‍ ഉപയോഗിച്ചായിരുന്നു ഗവേഷണം. ഗവേഷണഫലം Proceedings of the National Academy of Sciences എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരിനം പഴയീച്ച. കടപ്പാട്: André Karwath aka Aka / Wikimedia Commons |
ഈ മൂന്ന് മരുന്നുകളും നിലവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണ്. ലിത്തിയം മൂഡ് സ്റ്റെബിലൈസര്‍ ആയിട്ടാണ് ഉപയോഗിക്കുന്നത്. ട്രാംടിനിബ് ക്യാന്‍സര്‍ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നാണ്. റാപമൈസിന്‍ ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്താനും പ്രയോജനപ്പെടുത്തുന്നു. ഈ മൂന്ന് മരുന്നുകളെയും അനുയോജ്യമായ അളവില്‍ ഉപയോഗിച്ചാല്‍ പ്രായമാകല്‍ എന്ന പ്രക്രിയയുടെ ദൈര്‍ഘ്യം കൂട്ടാനാകും എന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. പഴയീച്ചകളില്‍ ഫലപ്രദമാണെങ്കില്‍ ഒരുപക്ഷേ മനുഷ്യരിലും ഇവ ഫലപ്രദമായേക്കും.
ശാസ്ത്രഗവേഷണങ്ങളാണ് എന്നും മനുഷ്യരെ മുന്നോട്ടു നയിക്കുന്നത്. പ്രകൃതി ഒരുക്കുന്ന എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്നത് സയന്‍സ് തന്നെയാണ്. സയന്‍സിലെ ഗവേഷണങ്ങള്‍ തന്നെയാണ്. ശാസ്ത്രഗവേഷണങ്ങളെ എതിര്‍ക്കുന്നവര്‍പോലും ശാസ്ത്രത്തിലെ കണ്ടെത്തലുകളുടെ ബലത്തിലാണ് ഇന്നും ജീവിച്ചിരിക്കുന്നത് എന്നു മറക്കരുത്. കപടവൈദ്യന്‍മാര്‍ ആരോഗ്യരംഗത്ത് രോഗകാരിയായ വൈറസിനെപ്പോലെ തുടരുമ്പോള്‍ ആര്‍ഷഭാരത സാംസ്കാരികതീവ്രവാദികളും തീവ്രമതബോധനക്കാരും മറുവശത്ത് എല്ലാ ഗവേഷണങ്ങളെയും പശുവില്‍ മാത്രമായി ഒതുക്കിക്കെട്ടുന്നു. അവരുടെയൊക്കെ കാലഘട്ടത്തിലും സയന്‍സ് ഇതുപോലെയുള്ള ഗവേഷണങ്ങളിലൂടെ മുന്നോട്ടുതന്നെയാണ് എന്നതു മാത്രമാണ് ഒരേയൊരു ശുഭപ്രതീക്ഷ!
---നവനീത്...
ചിത്രം: ലാബില്‍ വളര്‍ത്തുന്ന പഴയീച്ചകള്‍. കടപ്പാട്: Dr Luke Tain (Max Planck Institute for Biology of Ageing), a co-author of the study. https://www.ucl.ac.uk/
അവലംബം: 1. https://www.ucl.ac.uk/news/2019/sep/fruit-flies-live-longer-combination-drug-treatment
2. https://www.pnas.org/content/early/2019/09/26/1913212116
Comments
Post a Comment