സ്ത്രീകള്‍ മാത്രമുള്ള സ്പേസ് വാക്കില്‍ ചരിത്രം കുറിക്കാന്‍ ക്രിസ്റ്റീന കൊക്‍, ജെസിക്ക മെയ്ര് എന്നിവര്‍ ഇന്നിറങ്ങുന്നു.
നാസ ടിവി. സ്പേസ്‍വാക്ക് ലൈവ് ആയി ഇതില്‍ ലഭിക്കും.
ക്രിസ്റ്റീന കൊക്‍, ജെസിക്ക മെയ്ര് എന്നിവര്‍. കടപ്പാട്: NASA |
അവര്‍ ഇന്ന് ഇറങ്ങുകയാണ്. മണിക്കൂറില്‍ 27000കിലോമീറ്റര്‍ വേഗതയില്‍ ബഹിരാകാശത്തുകൂടി സഞ്ചരിച്ചുകൊണ്ട് സ്പേസ്‍സ്റ്റേഷനിലെ ഒരു പ്രധാന ജോലി ചെയ്യാന്‍. അതേ, സ്ത്രീകള്‍ മാത്രമുള്ള സ്പേസ് വാക്കില്‍ ചരിത്രം കുറിക്കാന്‍ ക്രിസ്റ്റീന കൊക്‍, ജെസിക്ക മെയ്ര് എന്നിവര്‍ ഇന്ന് (2019 ഒക്ടോബര്‍ 18) ബഹിരാകാശനിലയത്തിനു പുറത്തിറങ്ങും. 17നു നടത്താം എന്നു കരുതിയിരുന്നെങ്കിലും സൗകര്യം 18നാണ് എന്നതിനാല്‍ അന്നത്തേക്കു മാറ്റുകയായിരുന്നു.
കേടായ ബാറ്ററി ചാര്‍ജ് ഡിസ്ചാര്‍ജ് യൂണിറ്റ് മാറ്റിവയ്ക്കലാണ് ഇരുവരുടെയും ദൗത്യം. ഒക്ടോബര്‍ 11നു നടത്തിയ സ്പേസ്‍വാക്കില്‍ ഈ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഈ ചാര്‍ജ് ഡിസ്ചാര്‍ജ് യൂണിറ്റ് ഉണ്ടെങ്കില്‍ മാത്രമേ പുതുതായി ഇന്‍സ്റ്റാള്‍ ചെയ്ത ബാറ്ററിയെ പൂര്‍ണ്ണതോതില്‍ പ്രയോജനപ്പെടുത്താനാകൂ. പുതിയ ബാറ്ററികള്‍ ഇനിയും ഇന്‍സ്റ്റാള്‍ ചെയ്യാനുണ്ട്. തുടര്‍ന്നുള്ള സ്പേസ്‍വാക്കുകള്‍ അതിനുള്ളതാണ്. പക്ഷേ അതിനു മുന്‍പ് ഈ ചാര്‍ജ് ഡിസ്ചാര്‍ജ് യൂണിറ്റ് മാറ്റിവയ്ക്കേണ്ടതുണ്ട്.
സ്ത്രീകള്‍ സ്പേസ്‍വാക്ക് നടത്തുന്നത് ഇത് ആദ്യമൊന്നും അല്ല. 35 വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ സ്ത്രീകള്‍ ബഹിരാകാശനടത്തം തുടങ്ങിയതാണ്. എന്നാല്‍ അപ്പോഴെല്ലാം കൂടെയുണ്ടായിരുന്നത് ഒരു പുരുഷന്‍ ആയിരുന്നു. ഇത്തവണ ആ ചരിത്രമാണ് മാറ്റപ്പെടാന്‍ പോകുന്നത്.
റഷ്യയാണ് ഒരു സ്ത്രീക്ക് ആദ്യമായി സ്പേസ്‍വാക്കിന് അവസരമൊരുക്കിയത്. 1984 ജൂലൈ 25 ന് റഷ്യന്‍ കോസ്മനോട്ട് ആയ സ്വെറ്റ്‍ലാന സവിറ്റ്സ്‍കയ സല്യൂട്ട് 7 എന്ന ബഹിരാകാശനിലയത്തിനു പുറത്തിറങ്ങി സ്പേസ് വാക്ക് നടത്തി. കൂടെ കമാന്റര്‍ കൂടിയായ സഹയാത്രികന്‍ വ്ലാഡിമിര്‍ ദെസ്‍ഹാനിബെക്കോഫ് (Vladimir Dzhanibekov) കൂടെയുണ്ടായിരുന്നു.
സ്വെറ്റ്ലാന സവിറ്റ്സ്‍കയ - കടപ്പാട്: Mikhail Klimentyev / Russian Presidential Press and Information Office |
1984 ല്‍ ബഹിരാകാശത്തേക്കു പോയ മൂന്ന് കോസ്മനോട്ടുകള്‍. കടപ്പാട്: Soviet Union Post |
അതിനുശേഷം നാളിതുവരെ 12 വനിതാ ആസ്ട്രനോട്ടുകളാണ് വിവിധ സമയത്തായി സ്പേസ്‍വാക്ക് നടത്തിയിട്ടുള്ളത്. എന്നിരുന്നാലും രണ്ടു വനിതകള്‍ മാത്രമായി നിലയത്തിനു പുറത്തിറങ്ങി സ്പേസ്‍വാക്ക് നടത്തുക എന്നത് ഇതുവരെ സാധ്യമായിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 8 വനിതാദിനത്തില്‍ ആന്‍ മക്ലൈനും ക്രിസ്റ്റീന കൊക്‍ും സ്പേസ്‍വാക്ക് നടത്താനിരുന്നതാണ്. എന്നാല്‍ ബഹിരാകാശവസ്ത്രം ഒരാള്‍ക്ക് പാകമാകാതെ വന്നതിനാല്‍ അന്ന് ആ ദൗത്യം ഉപേക്ഷിച്ചിരുന്നു.
ക്രിസ്റ്റീന കൊക്‍ന്റെ നാലാമത്തെ സ്പേസ്‍വാക്ക് ആണ് നടക്കാന്‍ പോവുന്നത്. എന്നാല്‍ ജെസിക്ക മെയ്ര്‍ ആദ്യമായിട്ടാണ് സ്പേസ്‍വാക്കിനിറങ്ങുന്നത്. ഇന്ന് (ഒക്ടോബര്‍ 18 വെള്ളിയാഴ്ച) ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചു മണിയോടെയാവും ഇവര്‍ ബഹിരാകാശനിലയത്തിനു പുറത്തിറങ്ങുന്നത്. വൈകിട്ട് നാല് മണി മുതല്‍ നാസ ടിവിയില്‍ ഇത് ലൈവ് ആയി ഉണ്ടാവും.
സ്ത്രീകളെ സൈക്കളോടിക്കാന്‍പോലും അനുവദിക്കാതിരുന്ന ഒരു കാലം കേരളത്തില്‍ മൂന്നോ നാലോ പതിറ്റാണ്ട് മുന്‍പുപോലും ഉണ്ടായിരുന്നു. ഇന്ന് ബസ്സും ലോറിയും ഓട്ടോറിക്ഷയും ഒക്കെ ഓടിക്കുന്ന സ്ത്രീകള്‍ ഒട്ടും വിരളമല്ല. അനാചാരങ്ങളുടെ പേരില്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കാന്‍ വേണ്ടി ചിലര്‍ കേരളത്തില്‍ കലാപമുണ്ടാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടില്ല എന്നതും നമ്മള്‍ ഇതിനൊപ്പം ചേര്‍ത്തു വായിക്കണം. ശബരിമലയുടെ മാത്രമല്ല എവറസ്റ്റിന്റെ വരെ ഏറെയേറെ മുകളിലൂടെയാണ് ജെസിക്കയും ക്രിസ്റ്റീനയും ഇന്ന് സ്പേസ്‍വാക്ക് നടത്തുക. അന്ധവിശ്വാസങ്ങളുടെ മുകളിലൂടെ ശാസ്ത്രസാങ്കേതികവിദ്യയിലേറി മനുഷ്യരാശി മുന്നേറുകയാണ്. ആ മുന്നേറ്റത്തിന് ഒപ്പം നടക്കാന്‍ നമുക്ക് ഒരുമിച്ചു നില്‍ക്കാം.
---നവനീത്...
Comments
Post a Comment