നീലവെളിച്ചം ആയുസ്സ് കുറയ്ക്കുമോ?

നീലവെളിച്ചം ആയുസ്സ് കുറയ്ക്കുമോ?




2019 ഒക്ടോബര്‍ 17ന് നേച്ചര്‍ മാസികയില്‍ വന്ന ഒരു ഗവേഷണപ്രബന്ധം ചര്‍ച്ച ചെയ്യുന്നത് നീലവെളിച്ചത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചാണ്. അധികനേരം നീലവെളിച്ചത്തില്‍ ഇരുത്തിയ ചിലതരം പഴയീച്ചകളുടെ ആയുസ്സ് കുറയുന്നതായി അവര്‍ കണ്ടെത്തി. ഡ്രോസോഫില എന്ന വിഭാഗത്തില്‍പ്പെട്ട ഒരിനം ഈച്ചകളെയാണ് (Drosophila melanogaster) ഇവര്‍ പരീക്ഷണത്തിനു വിധേയമാക്കിയത്. അവയുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെവരെ നീല വെളിച്ചം ബാധിച്ചത്രേ! ദീര്‍ഘനേരം നീലവെളിച്ചത്തില്‍ കഴിഞ്ഞ ഈച്ചകളുടെ ചലനംപോലും തകരാറിലായി. തലച്ചോറിനെ ബാധിച്ചു. റെറ്റിനയ്ക്കും പ്രശ്നങ്ങള്‍ നേരിട്ടു. കണ്ണുകാണാത്ത ഈച്ചകളെ വച്ചുള്ള പരീക്ഷത്തിലും നീലവെളിച്ചം അവയുടെ തലച്ചോറിനെ ബാധിക്കുന്നതായി കണ്ടെത്തി. മാത്രമല്ല ഈച്ചകളുടെ ആയുസ്സ് കുറയുകയും ചെയ്തു.
വലിയ ചര്‍ച്ചയാണ് അവര്‍ ഈ പഠനത്തിലൂടെ മുന്നോട്ടു വച്ചിരിക്കുന്നത്. ഈച്ചകളെ നീലവെളിച്ചം ബാധിക്കാമെങ്കില്‍ മനുഷ്യര്‍ക്കും ഇത് പ്രശ്നമായിക്കൂടേ?
നീലവെളിച്ചത്തെക്കുറിച്ചുള്ള സംശയവും പഠനങ്ങളും കുറച്ചധികം വര്‍ഷമായി പലയിടത്തായി നടന്നു വരുന്നതാണ്. നീല വെളിച്ചം തരുന്ന എല്‍ ഇ ഡികളുടെ വരവോടെയാണ് ഇത്തരം ഗവേഷണങ്ങള്‍ നടന്നു തുടങ്ങിയത്. ഇന്നത്തെ വെള്ളവെളിച്ചം തരുന്ന എല്‍ ഇ ഡികളുടെ പിറവി തന്നെ നില എല്‍ ഇ ഡികളുടെ വരവോടെയാണ്. നീല പച്ച ചുവപ്പ് എല്‍ ഇ ഡികളുടെ സംയോജനത്തില്‍നിന്നാണ് വെളുത്ത പ്രകാശം ഉണ്ടാക്കുന്നത്. അതിനാല്‍ വെളുത്ത പ്രകാശം തരുന്ന എല്‍ ഇ ഡികളില്‍നിന്ന് വലിയ തോതില്‍ നീലവെളിച്ചം പുറത്തു വരുന്നുണ്ട്. മൊബൈല്‍ഫോണ്‍ കമ്പ്യൂട്ടര്‍ സ്ക്രീനുകള്‍ക്കും ഇതേ പ്രശ്നം ഉണ്ട്. മനുഷ്യരില്‍ ഈ നീലപ്രകാശം എന്ത് ഇഫക്റ്റ് ആണ് ഉണ്ടാക്കുന്നതെന്നതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണ നമുക്ക് ഇതുവരെ ഇല്ല. പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ഒരല്പം മുന്‍കരുതല്‍ നല്ലതാണ് എന്നു മാത്രമേ മിക്കവരും പറയുന്നുള്ളൂ.

നീലയ്ക്കെന്താ കൊമ്പുണ്ടോ?


ദൃശ്യപ്രകാശത്തെ ഒരു പ്രിസത്തിലൂടെ കടത്തിവിട്ടാല്‍ ചുവപ്പ് മുതല്‍ വൈലറ്റ് വരെയുള്ള വര്‍ണ്ണങ്ങള്‍ കാണാം. നിറം എന്നതിന്റെ മറ്റൊരു അര്‍ത്ഥം ഫ്രീക്വന്‍സി എന്നാണ്. പ്രകാശത്തിന്റെ ഫ്രീക്വന്‍സി മാറിയാല്‍ അതിന്റെ നിറം മാറും. നമുക്ക് കാണാവുന്ന പ്രകാശത്തില്‍ ഏറ്റവും ഉയര്‍ന്ന ഫ്രീക്വന്‍സി ഉള്ളത് വയലറ്റ് നിറത്തിനാണ്. ഏറ്റവും കുറവ് ചുവപ്പിനും. വലയറ്റിനെക്കാള്‍ ഫ്രീക്വന്‍സി കൂടിയ നിറങ്ങളെ നമ്മുടെ കണ്ണിന് കാണാനാവില്ല. അള്‍ട്രാവൈലറ്റ് എന്നാണ് ആ പ്രകാശമേഖല അറിയപ്പെടുന്നത്.
പ്രകാശത്തിന്റെ ഫ്രീക്വന്‍സി കൂടുംതോറും ഊര്‍ജ്ജം കൂടും. ചുവന്ന പ്രകാശത്തെക്കാള്‍ കൂടുതല്‍ ഊര്‍ജ്ജമുണ്ടാകും പച്ച പ്രകാശത്തിന്. അതിനെക്കാള്‍ ഊര്‍ജ്ജമുണ്ടാകും നീലയ്ക്കും വൈലറ്റിനും. അള്‍ട്രാവൈലറ്റിന് ഏറെയേറെ ഊര്‍ജ്ജമുണ്ടാകും.

കാണാന്‍ കഴിയില്ലെങ്കിലും ഫ്രീക്വന്‍സി കൂടിയ അള്‍ട്രാവൈലറ്റ് പ്രകാശം അത്ര  സുഖകരമായ അനുഭവമല്ല കണ്ണുകള്‍ക്ക് നല്‍കുക. ഉയര്‍ന്ന അളവില്‍ ഏറ്റാല്‍ അന്ധതയ്ക്കുവരെ കാരണമായേക്കാം. അള്‍ട്രാവൈലറ്റ് മേഖലയോളം ഫ്രീക്വന്‍സി ഇല്ലെങ്കിലും അതിനോട് അടുത്തു കിടക്കുന്ന നമുക്ക് കാണാന്‍ കഴിയുന്ന വയലറ്റ്, നീല പ്രകാശം ഏറെയേറെ നേരം ഏറ്റാല്‍ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്ന ചിന്തയാണ് ശാസ്ത്രജ്ഞരെ ഈ മേഖലയിലുള്ള ഗവേഷണങ്ങളിലേക്ക് തിരിയിച്ചത്.

നേച്ചറില്‍ വന്ന ലേഖനം വായിക്കാം. : https://www.nature.com/articles/s41514-019-0038-6
ചിത്രം: Drosophila melanogaster എന്ന ഈച്ച. ചിത്രത്തിനു കടപ്പാട്: Sanjay Acharya

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി