അന്തരീക്ഷത്തില്‍ നില്‍ക്കുന്ന തവള

അന്തരീക്ഷത്തില്‍ നില്‍ക്കുന്ന തവള




എങ്ങും തൊടാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന തവളയെ കണ്ടാല്‍ ആര്‍ക്കാണ് അത്ഭുതം തോന്നാത്തത്.
മാജിക്കാണെന്നൊക്കെ തോന്നിയേക്കാം. പക്ഷേ സംഗതി സത്യമാണ്. തവളയെ എങ്ങും തൊടാതെ അന്തരീക്ഷത്തില്‍ ഉയര്‍ത്തി നിര്‍ത്തനാവും. അതിശക്തമായ കാന്തികമണ്ഡലത്തില്‍ ഒരു തവളക്ക് (അത്തരത്തിലുള്ള മറ്റ് ചെറു ജീവികള്‍ക്കും) അന്തരീക്ഷത്തില്‍ പൊങ്ങിനില്‍ക്കാന്‍ സാധിക്കും. ജൈവവസ്തുക്കളുടെ കാന്തികസ്വഭാവത്തെക്കുറിച്ച് പഠിക്കുന്ന ചില ശാസ്ത്രജ്ഞരാണ് 'മാഗ്നറ്റിക്ക് ലെവിറ്റേഷന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിസ്മയക്കാഴ്ചക്ക് അവസരമൊരുക്കിയത്.
അവര്‍ അതിന്റെ കാരണവും വ്യക്തമാക്കി.
തവള ഡയാമാഗ്നറ്റിക്ക് ആണത്രേ! അതുകൊണ്ടാണ് കാന്തികമണ്ഡലത്തില്‍ തവള പൊന്തിക്കിടക്കുന്നത്.

അപ്പോ വീണ്ടും ചോദ്യം. എന്താണീ ഡയാമാഗ്നറ്റിക്ക്?
-------------------

കാന്തത്തെ ഏറെ ഇഷ്ടപ്പെടുന്ന വസ്തുക്കളാണ് ഇരുമ്പ്, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയവ. കാന്തവും ഇരുമ്പും അടുത്തു വച്ചാലത്തെ കഥ നമുക്കറിയാം.
ശക്തമായ പരസ്പരാകര്‍ഷണത്താല്‍ അവ അടുത്തു വരും. ശാസ്ത്രജ്ഞര്‍ ഇത്തരം വസ്തുക്കളെ ഫെറോമാഗ്നറ്റിക്ക് വസ്തുക്കള്‍ എന്നാണ് വിളിക്കുക.

കാന്തത്തെ അലുമിനിയം ആകര്‍ഷിക്കുമോ? ഇല്ല എന്നായിരിക്കും സാമാന്യബോധത്തില്‍ നിന്നും കിട്ടുന്ന ഉത്തരം .എന്നാല്‍, അലൂമിനിയത്തിനും ഓക്സിജനുമെല്ലാം കാന്തത്തിനോടു വളരെ ചെറിയ ഒരിഷ്ടമുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം. കാന്തത്തോടു വളരെ ചെറിയ ആകര്‍ഷണം മാത്രം പുലര്‍ത്തുന്ന ഇത്തരം വസ്തുക്കളെ പാരാമാഗ്നറ്റിക്ക് എന്നാണ് വിളിക്കാറ്.

എന്നാല്‍ കാന്തത്തെ കാണുന്നതു തന്നെ അലര്‍ജിയുള്ള ഒരു കൂട്ടരുണ്ട്. കാന്തവും കൊണ്ട് അടുത്തു ചെന്നാല്‍ അകന്നു പോകാന്‍ ശ്രമിക്കുന്ന പദാര്‍ത്ഥങ്ങള്‍!
ഡയാമാഗ്നറ്റിക്ക് എന്നു വിളിക്കുന്ന ഈ വിഭാഗത്തിലാണ് നമ്മുടെ പാവം തവള പെടുന്നത്. ജലം ഡയാമാഗ്നറ്റിക്ക് ആണ്.  ജലം ഉള്ള മനുഷ്യശരീരവും മറ്റ് ജൈവികവസ്തുക്കളും എല്ലാം ഇക്കൂട്ടത്തില്‍ പെടും (ജൈവികവസ്തുക്കളില്‍ ഭൂരിഭാഗവും ജലമായതിനാലാണ് ഡയാമാഗ്നറ്റിക്ക് ആകുന്നത്). സ്വര്‍ണ്ണവും ഡയാമാഗ്നറ്റിക് ആണ്. കാന്തത്താല്‍ വികര്‍ഷിക്കപ്പെടുന്ന ഈ സ്വഭാവം ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്നത് പക്ഷേ ബിസ്മത്തും പ്രത്യേകതരം കാര്‍ബണും (Pyrolytic carbon) ഒക്കെയാണ്.  വളരെ നേരിയ വികര്‍ഷണമേ ഇവയും പ്രകടിപ്പിക്കുന്നുള്ളൂ. പക്ഷേ അതിശക്തമായ കാന്തികമണ്ഡലമുപയോഗിച്ച് ഇവയെ ഉയര്‍ത്തിനിര്‍ത്താന്‍ സാധിക്കും. അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന തവളയുടെ രഹസ്യവും ഇതു തന്നെ. അതിശക്തമായ ഒരു വൈദ്യുതകാന്തത്തിനു മുകളിലാണ് നമ്മുടെ ഡയാമാഗ്നറ്റിക്ക് തവള നില്‍ക്കുന്നത്!!

ഇനി ഒരു വീഡിയോ ആകാം. അന്തരീക്ഷത്തില്‍ നില്‍ക്കുന്ന തവളയുടെ വീഡിയോ!


ചിത്രത്തിനു കടപ്പാട്: Radboud University, The Netherlands

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

പൊടിക്കാറ്റ് - ഇൻസൈറ്റ് പ്രവർത്തനം അവസാനിപ്പിക്കുന്നു