ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു. ഏരിയന്‍ 5 വിഎ-251 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.

ഏരിയന്‍ 5 വി എ 251 റോക്കറ്റിന്റെ വിക്ഷേപണം. ചിത്രത്തിനു കടപ്പാട്: Arianespace

ഇന്ത്യയുടെ ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു. ഭാരമേറിയ ഉപഗ്രഹമായതിനാലും വിക്ഷേപണത്തിരക്കുകളാലും ഇന്ത്യയുടെ റോക്കറ്റ് ഉപയോഗിച്ചായിരുന്നില്ല വിക്ഷേപണം. ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണകേന്ദ്രത്തില്‍നിന്ന് ഇന്ന് രാവിലെ 2.35ന് ഏരിയന്‍ 5 വിഎ-251 എന്ന റോക്കറ്റിലേറിയാണ് ജിസാറ്റ്30 ഭൂമിക്കു ചുറ്റുമുള്ള പരിക്രമണപഥത്തില്‍ എത്തിയത്. 38 മിനിറ്റ് 25 സെക്കന്റ് നീണ്ട പറക്കലിനൊടുവില്‍ ഭൂസ്ഥിരപരിക്രമണപഥത്തിലേക്കുള്ള ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ ജിസാറ്റ് 30 എത്തിച്ചേര്‍ന്നു. ഇവിടെ നിന്ന് ഉപഗ്രഹത്തിലെ കുഞ്ഞുറോക്കറ്റുകളുടെ സഹായത്തോടെ 36000കിലോമീറ്റര്‍ ഉയരെയുള്ള അന്തിമ ഓര്‍ബിറ്റിലേക്ക് ജിസാറ്റ് എത്തിച്ചേരും.
3357 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഇന്ത്യയുടെ വലിയ കമ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളില്‍ ഒന്നാണിത്. ഡിടിഎച്ച് അടക്കമുള്ള ടെലിവിഷന്‍ സേവനങ്ങള്‍, എടിഎമ്മിനു വേണ്ട വി-സാറ്റ് സേവനം, ചാനലുകളും മറ്റും ഉപയോഗിക്കുന്ന ഡിഎസ് എന്‍ജി, ഇ-ഗവേണ്‍സ് തുടങ്ങി വിവിധ ഉപയോഗങ്ങള്‍ക്ക് ജിസാറ്റ് 30 സഹായകരമാവും. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി പ്രതീക്ഷിക്കുന്നത്. സൗരപാനലുകള്‍ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന 6കിലോവാട്ട് വൈദ്യുതി ഉപയോഗിച്ചാണ് ഉപഗ്രഹത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നത്.
---നവനീത്...
ചിത്രത്തിനു കടപ്പാട്: Arianespace

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

ഇതാണു മക്കളേ ശുക്രന്റെ ഫോട്ടോ! ആറു മണിക്കൂര്‍ ക്യാമറ തുറന്നുവച്ച് എടുത്ത ഫോട്ടോ!

സൂഷ്മലോകത്തിലേക്കുള്ള മൂന്നാം കണ്ണ് - മൈക്രോസ്കോപ്പ് എന്ന സൂഷ്മദര്‍ശിനി