മകരജ്യോതി എന്ന സിറിയസ് നക്ഷത്രം കാണാന്‍ എന്തു ചെയ്യാം?

ഈയിടെ ദിവസവും വൈകിട്ട് മാനംനോക്കി നടക്കുമ്പോള്‍ എന്റെയൊപ്പം നടക്കുന്ന സിറിയസ് നക്ഷത്രം. സൂര്യന്‍ കഴിഞ്ഞാല്‍ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ നക്ഷത്രമാണിത്. മലയാളത്തില്‍ രുദ്രന്‍ എന്നു വിളിക്കും. ശബരിമലയില്‍ മകരജ്യോതി എന്ന നക്ഷത്രം മലകള്‍ക്കു മുകളിലൂടെ കാണുന്നു എന്നു പറയുന്നതും ഇതേ നക്ഷത്രം തന്നെ. ഏറ്റവും തിളക്കമുള്ളതിനാല്‍ മറ്റേത് നക്ഷത്രവും പ്രത്യക്ഷമാകുന്നതിനു മുന്‍പ് സിറിയസ് നമ്മുടെ കണ്ണില്‍പ്പെടും. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തുനിന്നും ഒക്കെ ഈ നക്ഷത്രം സുഖമായി കാണാം. സിറിയസ് കഴിഞ്ഞാല്‍ അടുത്ത തിളക്കമുള്ള നക്ഷത്രം കനോപ്പസ് എന്ന അഗസ്ത്യന്‍ ആണ്. കനോപ്പസിനെക്കാള്‍ ഇരട്ടി തിളക്കമുണ്ട് സിറിയസ്സിന്.

സത്യത്തില്‍ സിറിയസ് ഒരു ഒറ്റനക്ഷത്രം അല്ല. രണ്ടു നക്ഷത്രങ്ങള്‍ പരസ്പരം ചുറ്റിക്കൊണ്ടിരിക്കുന്ന ഇരട്ടനക്ഷത്രമാണ്. സിറിയസ് A, സിറിയസ് B എന്നീ നക്ഷത്രങ്ങള്‍ പരസ്പരം ഗുരുത്വാകര്‍ഷണത്തിന്റെ കൈ പിടിച്ച് ചുറ്റിക്കളിക്കുകയാണ്. ഏതാണ്ട് 50 വര്‍ഷംകൊണ്ട് അവര്‍ ഒരു കറക്കം പൂര്‍ത്തിയാക്കും. രസകരമായ കാര്യം ഈ കറക്കത്തിനിടയില്‍ അവര്‍ക്ക് ഇടയിലുള്ള അകലവും സ്ഥിരമായി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും എന്നതാണ്. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ദൂരത്തിന്റെ എട്ടു മടങ്ങ് മുതല്‍ 30 മടങ്ങ് വരെ ഈ ദൂരം വ്യത്യാസപ്പെടുമത്രേ!
നമ്മുടെ സൗരയൂഥത്തിനോട് താരതമ്യേനെ ഏറെ അടുത്താണ് ഈ നക്ഷത്രങ്ങള്‍. സിറിയസ്സില്‍നിന്നുള്ള പ്രകാശം എട്ടര വര്‍ഷംകൊണ്ട് ഭൂമിയിലെത്തും. ശരിക്കും എട്ടര വര്‍ഷം മുന്‍പുള്ള സിറിയസ്സിനെയാണ് നമ്മള്‍ ആകാശത്തു കാണുന്നത് എന്നര്‍ത്ഥം. ഒരു രസകരമായ കാര്യംകൂടി ഉണ്ട്. അടുത്ത 60000 വര്‍ഷത്തോളം ഈ നക്ഷത്രത്തിന്റെ പ്രകാശം ഇനിയും കൂടിക്കൊണ്ടിരിക്കും. ഭൂമിയോട് പതിയെ ഇവര്‍ അടുത്തുവരുന്നതാണ് കാരണം. അതിനുശേഷം പതിയെ അകന്നും പോവുമത്രേ! സിറിയസ് A എന്ന നക്ഷത്രത്തെയാണ് നാം യഥാര്‍ത്ഥത്തില്‍ കാണുന്നത്. സൂര്യനെക്കാള്‍ ഇരട്ടിയോളം ഭാരമാണ് ഇതിനുള്ളത്. സിറിയസ് B ഒരു വെള്ളക്കുള്ളന്‍ നക്ഷത്രമാണ്. അതിനാല്‍ വലിയ തിളക്കം ഇതിനില്ല. പണ്ടെപ്പോഴോ ഒരു ചുവന്നഭീമനായിരുന്നിരിക്കണം സിറിയസ് ബി.
സിറിയസ്സിനെ കാണാനും തിരിച്ചറിയാനും ആര്‍ക്കും സാധിക്കും. സ്വന്തം വീട്ടിലെ മട്ടുപ്പാവിലോ അല്പം തുറസ്സായ സ്ഥലത്തോ നിന്നോ നോക്കിയാല്‍ സിറിയസ്സിനെ കണ്ട് സായൂജ്യമടയാവുന്നതാണ്!. ചിത്രം നോക്കുക. വേട്ടക്കാരന്‍ എന്ന ഓറിയോണ്‍ നക്ഷത്രഗണത്തെ മിക്കവര്‍ക്കും പരിചയമുണ്ടാകും. ആ നക്ഷത്രഗണത്തിന്റെ അടുത്തായി വേട്ടക്കാരന്റെ നായ എന്നറിയപ്പെടുന്ന മറ്റൊരു നക്ഷത്രഗണമുണ്ട്. കാനിസ്സ് മേജര്‍ അഥവാ വലിയനായ എന്നാണ് ഇത് അറിയപ്പെടുന്നത്. ആ നക്ഷത്രഗണത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണ് സിറിയസ്സ്.
സിറിയസ് ഉദിക്കുന്നത് കിഴക്കന്‍ ചക്രവാളത്തിലാണ്. ജനുവരി മാസം സന്ധ്യക്ക് കിഴക്കന്‍ ചക്രവാളം കാണാന്‍ കഴിയുന്ന എവിടെയെങ്കിലും പോയി നില്‍ക്കുക. സൂര്യന്റെ പ്രകാശം കുറയുന്നതിനനുസരിച്ച് ഓരോരോ നക്ഷത്രങ്ങളായി തെളിഞ്ഞുവരും. ഒട്ടും സംശയിക്കേണ്ട അല്പം തെക്ക് മാറി ആദ്യം തെളിഞ്ഞ് വരുന്ന ആ നക്ഷത്രമാണ് സിറിയസ്സ്. സിറിയസ്സിനെ കണ്ടതിന് ശേഷമേ മറ്റേത് നക്ഷത്രത്തേയും നിങ്ങള്‍ക്ക് അപ്പോള്‍ കാണുവാന്‍ കഴിയൂ. കാരണം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണത്.
വൈകിട്ടൊന്നും നോക്കാന്‍ കഴിയാത്തവര്‍ക്ക് അല്പം രാത്രിയായാലും നോക്കാവുന്നതാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ (ജനുവരി 20 - ഫെബ്രുവരി 10) ഏതാണ്ട് എട്ട് - എട്ടരയോട് കൂടി 45ഡിഗ്രി ഉയരത്തിലായി സിറിയസ്സിനെ കാണാം. ഏതാണ്ട് തലയ്ക്ക് മീതേ അപ്പോള്‍ ഓറിയോണ്‍ നക്ഷത്രഗണത്തെയും കാണാം.
കേരളത്തില്‍ ഏതാണ്ട് 8-9 മാസത്തോളം സിറിയസ്സ് എന്ന നക്ഷത്രത്തെ വലിയ അധ്വാനം കൂടാതെ കാണാന്‍ കഴിയും. ഉദിക്കുന്ന സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കും എന്ന് മാത്രം.

---നവനീത്...

Comments

Popular posts from this blog

എങ്ങനെ നിങ്ങൾക്കും ചൊവ്വയിലിറങ്ങി ഫോട്ടോയെടുക്കാം. ഇതാ അവസരം!

റിഗോലിത്ത് - ചന്ദ്രനിലെ മണ്ണിന്റെ കഥ - story of regolith

നിർമിതബുദ്ധിയുടെ സഹായത്തോടെ ചൊവ്വയെക്കുറിച്ച് എഴുതിയ കുട്ടിക്കഥ | A Love Quest on Mars: Minni's Red Planet Journey